Mining | കാറഡുക്ക ബോക്സൈറ്റ് ഖനനം: രാജ്യത്തെ ഏറ്റവും ഉയർന്ന അലുമിനിയം നിക്ഷേപം; ടെൻഡർ ജൂലൈയിൽ
● 5000 കോടി രൂപയുടെ ബോക്സൈറ്റ് നിക്ഷേപം.
● രാജ്യത്തെ ഏറ്റവും ഉയർന്ന അലുമിനിയം നിക്ഷേപം കാറഡുക്കയിൽ.
● ഖനനത്തിനുള്ള സർവ്വേ നടപടികൾ പൂർത്തിയായി.
● ഖനനം മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്ന് അധികൃതർ.
● ടെൻഡർ ജൂലൈയിൽ ഉണ്ടാകും.
കാസർകോട്: (KasargodVartha) കാറഡുക്കയിൽ 5000 കോടി രൂപയുടെ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ നടന്ന സർവ്വെയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന അലുമിനിയം നിക്ഷേപമാണ് ഇതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) പഠനത്തിൽ തെളിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഖനനം നടത്തുന്ന പ്രദേശത്തെ അലുമിനിയത്തിൻ്റെ ഉള്ളടക്കം എട്ട് മുതൽ 35 ശതമാനം വരെയാണെങ്കിൽ കാറഡുക്കയിലേത് 40 മുതൽ 45 ശതമാനമാണ്. കാസർകോട്, കണ്ണൂർ മേഖലയിലാണ് ഇത്തരം അലുമിനിയം കൂടുതലുള്ള പ്രദേശങ്ങളുള്ളത്.
കാറഡുക്ക റിസർവ് വനത്തിലെ നാർളം ബ്ലോക്കിലാണ് ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള സർവേ നടപടികൾ പൂർത്തിയായത്. ജിഎസ്ഐ, സംസ്ഥാന മൈനിംഗ് ആൻറ് ജിയോളജി വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. 30 വർഷം മുമ്പാണ് കാറഡുക്കയിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയത്. 2019 ലാണ് ആർക്കിയോളജി വകുപ്പ് ഇത് സംബന്ധിച്ചുള്ള വിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ജില്ലയിൽ മറ്റ് അഞ്ച് സ്ഥലത്ത് കൂടി വൻ ധാതുനിക്ഷേപം ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. ചെർക്കള - ജാൽസൂർ റോഡരികിലെ വണ്ണാച്ചടവിൽനിന്നു തുടങ്ങിയ സർവേയുടെ ഭാഗമായി ഖനനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരുകൾ അടയാളപ്പെടുത്തി. നൂറ് ഹെക്ടറോളം വനഭൂമിയാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് മുതൽ 10 മീറ്റർ അടിയിലാണ് ബോക്ക് സൈറ്റ് ഖനനം നടത്തുക. കൊടുംപാറയിലാണ് ബോക്ക് സൈറ്റ് നിക്ഷേപം ഉള്ളത്. നാർളം ബ്ലോക്കിൽ 150 ഹെക്ടർ ഭൂമിയിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളതായാണ് ജിഎസ്ഐയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ഭൂമി ഖനനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മണ്ണ് നിറഞ്ഞ വനഭൂമിയും ജനവാസമേഖലയോടു ചേർന്ന പ്രദേശങ്ങളും ഒഴിവാക്കിയാണു ഖനനം നടത്തുകയെന്ന് അധികൃതർ പറഞ്ഞു. പാറപ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഖനനം. 100 ഹെക്ടർ വരെ ഖനനഭൂമി ലഭ്യമാകുമെന്നാണു പ്രാഥമിക കണ്ടെത്തൽ.
ജിഎസ്ഐ ഡയറക്ടർ സബിത, സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അഡി.ഡയറക്ടർ എം.സി.കിഷോർ, ജിഎസ്ഐ സീനിയർ ജിയോളജിസ്റ്റ് റോഷിണി എന്നിവരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. സർവേ റിപ്പോർട്ടിനു ശേഷം ഭൂമി തുരന്നുള്ള പരിശോധന ആരംഭിക്കും. ബോക്സൈറ്റ് ഖനനത്തിനായി അടയാളപ്പെടുത്തിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കുണ്ടടുക്കം, അരയാലിങ്കാൽ പ്രദേശങ്ങളിലേക്കുള്ള മൂന്ന് റോഡുകൾ കടന്നുപോകുന്നത് ഖനനം നടത്താൻ ഉദ്ദേശിക്കുന്ന വനത്തിനുള്ളിലൂടെയാണ്. 5–10 മീറ്റർ വരെ ആഴത്തിൽ ഖനനം നടത്തുമ്പോൾ ഈ റോഡുകൾ ഇല്ലാതാകുമെന്നാണു നാട്ടുകാരുടെ ആശങ്ക. എന്നാൽ സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ അത് തള്ളുകയാണ്. ആശങ്ക വേണ്ടെന്നും ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഖനനം ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. രണ്ട് ദിവസത്തിനകം പൂർത്തിയാകുന്ന സർവ്വേയുടെ റിപ്പോർട്ട് ഒരു മാസത്തിനകം കൈമാറും. ലേല നടപടികളിലൂടെയായിരിക്കും ഖനനം നടത്താൻ അനുവാദം നൽകുക. സംസ്ഥാന സർക്കാരിന് ധാതു ഖനനത്തിലൂടെ വൻ വരുമാനം നേടാനാകും.
കാറഡുക്കയിൽ നടക്കുന്ന ബോക്സൈറ്റ് ഖനനം മാതൃക പദ്ധതിയായി നടപ്പിലാക്കുമെന്ന് സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി അസി. ഡയറക്ടർ എം സി കിഷോർ പറഞ്ഞു. ഘട്ടം ഘട്ടമായി മാത്രമേ ഖനനം നടക്കൂ. ഒരു ഘട്ടത്തിൽ അഞ്ച് ഹെക്ടർ വരെയുള്ള പ്രദേശം തെരെഞ്ഞെടുക്കും. പരമാവധി അഞ്ച് മീറ്റർ മുതൽ പത്ത് മീറ്റർ വരെ മാത്രമേ ഖനനം നടത്തൂ. ഇവ ഖനനം പൂർത്തിയാക്കി തിരിച്ച് മണ്ണിട്ട് മൂടും. ഈ പ്രദേശം സർക്കാരിന് വിവിധോദ്ദേശ്യ പദ്ധതികൾക്ക് ഉപയോഗിക്കാം. വെള്ളമിറങ്ങാത്ത പാറകളാണ് പൊടിച്ചെടുക്കുക. ഇവ മാറ്റിയാൽ മണ്ണിലേക്ക് വെള്ളമിറങ്ങും. കൃഷി, വ്യവസായ പാർക്കുകൾ, പാർപ്പിട പദ്ധതികൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഒരു ഘട്ടം കൃത്യമായി പൂർത്തീകരിച്ച ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകൂ. ലേലം നിബന്ധനകളിൽ ആദ്യമായി വരുന്നത് ഇതാണെന്നും കിഷോർ പറഞ്ഞു. നടപടി പൂർത്തിയാക്കി ജൂലൈയോടെ ടെൻഡർ ഉണ്ടാവും. 5000 കോടി രൂപയാണ് പ്രാഥമിക സർവേ പ്രകാരം അടിസ്ഥാന വില നിശ്ചയിച്ചതെങ്കിലും ഇതിൽ മാറ്റമുണ്ടാകും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A GSI survey reveals that the bauxite deposit in Karadukka, Kasaragod, estimated at ₹5000 crore, has the country's highest aluminum content (40-45%). The survey in Narlam block is complete, and the tender for mining will be in July. The mining will be phased, limited to 5-10 meters depth and 5 hectares at a time, with land to be restored post-mining for potential multi-purpose use.
#KaradukkaMining #Bauxite #AluminumDeposit #KeralaEconomy #MiningTender #Kasaragod