Tribute | ഇന്ദിര ഗാന്ധിയുടെ വാക്കുകൾ ഇന്നും പ്രചോദിപ്പിക്കുന്നുവെന്ന് പി കെ ഫൈസൽ; 107ാം ജന്മദിനം നാടെങ്ങും ആചരിച്ചു
● മുൻ പ്രധാനമന്ത്രിയും രാഷ്ട്രമാതാവുമായ ഇന്ദിരാ ഗാന്ധിയുടെ 107-ാം ജന്മദിനം രാജ്യമൊട്ടാകെ ആഘോഷിച്ചു.
● ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.
● ഡി.സി.സി. ഓഫിസിൽ നടന്ന ചടങ്ങിൽ കെ.ശ്രീധരൻ നായർ, എം.കുഞ്ഞമ്പു നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട്: (KasargodVartha) മുൻ പ്രധാനമന്ത്രിയും രാഷ്ട്രമാതാവുമായ ഇന്ദിരാ ഗാന്ധിയുടെ 107-ാം ജന്മദിനം രാജ്യമൊട്ടാകെ ആഘോഷിച്ചു. 'ഇന്ത്യയെന്നാൽ ഇന്ദിര'യെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും മുഴങ്ങിയിരുന്ന കാലത്ത് രാജ്യമൊട്ടാകെ സമാനതകളില്ലാത്ത നേതൃപാഠവമായിരുന്നു ഇന്ദിരാ ഗാന്ധിയുടേത് എന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയമുണ്ടായിരുന്നില്ലെന്ന് നേതാക്കൾ അനുസ്മരിച്ചു.
മരിക്കുന്നതിന് തലേദിവസം നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഇന്നും പ്രചോദിപ്പിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു. ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാൻ മരിച്ചു വീണാൽ, എൻറെ ഓരോ തുള്ളി രക്തവും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഊർജം പകരുമെന്ന ഇന്ദിരജിയുടെ വാക്കുകൾ നമ്മെ മുന്നോട്ട് നയിക്കാൻ പ്രേരകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാർ, നേതാക്കളായ എം രാജീവൻ നമ്പ്യാർ, എ വാസുദേവൻ, ബി എ ഇസ്മയിൽ, ജമീല അഹ് മദ്, അബ്ദുൽ റസാഖ് ചെർക്കള, അഡ്വ. സാജിദ് കമ്മാടം, പി പി സുമിത്രൻ, യു വേലായുധൻ, ഖാദർ മാന്യ, കെ ശ്രീധരൻ നായർ, രഞ്ജിത്ത് മാളംകൈ സന്തോഷ് ക്രസ്റ്റ, ശ്രീജിത്ത് കോടോത്ത് എന്നിവർ സംബന്ധിച്ചു.
#IndiraGandhi #Leadership #Congress #PKFaisal #NationalUnity #India