Domestic Violence | 'വനിതാ സിവിൽ പൊലീസ് ഓഫിസർ വെട്ടേറ്റ് മരിച്ച സംഭവം': ഭർത്താവ് അറസ്റ്റിൽ
● ദിവ്യശ്രീയുടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു
● വ്യാഴാഴ്ച, കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശ്രീയും രാജേഷും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിച്ചിരുന്നു.
കണ്ണൂർ: (KasargodVartha) കരിവെള്ളൂരിൽ വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിക്കൊന്നെന്ന കേസിൽ ഭർത്താവ് രാജേഷ് (33) വളപട്ടണം പൊലീസിന്റെ പിടിയിലായി. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പലിയേരി ദിവ്യശ്രീ(30)യാണ് കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവിൽ വെച്ചാണ് പ്രതിയായ രാജേഷ് പൊലിസിൻ്റ പിടിയിലായത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടർന്ന് വളപട്ടണം പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവ്യശ്രീയുടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ ദിവ്യശ്രീ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. വ്യാഴാഴ്ച ആറുമണിയോടെയാണ് സംഭവമുണ്ടായത്. ദിവ്യശ്രീയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് പിതാവിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വാസുവിനെ ഉടൻതന്നെ കണ്ണൂർ ചാലയിലെ ബി.എം. എച്ച് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ പൊലീസ് ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടിൽ എത്തിയത്. കൊലപാതകം നടന്ന ദിവസം തന്നെ, അതായത് വ്യാഴാഴ്ച, കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശ്രീയും രാജേഷും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിച്ചിരുന്നു. വിവാഹമോചന കേസ് നൽകിയതിനെ തുടർന്ന് രാജേഷ് നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി വഴക്കും പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നതായും പോലീസിൽ പരാതി ഉണ്ട്.
കുടുംബ കോടതിയിലെ കേസ് പരിഗണനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഉടൻ തന്നെ രാജേഷ് ഒരു കുപ്പി പെട്രോളും ഒരു കൊടുവാളുമായി ബൈക്കിൽ ദിവ്യശ്രീയുടെ വീട്ടിലെത്തി കൊടവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.
ദിവ്യശ്രീയുടെ പിതാവായ വാസു, റിട്ടയേർഡ് മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ്. അമ്മ പാറു, റിട്ടയേർഡ് ജില്ലാ നഴ്സിങ് ഓഫീസറായിരുന്നു. ദിവ്യശ്രീയുടെ സഹോദരി പ്രബിത ചെറുപുഴ എസ്‌ബിഐയിൽ ജോലി ചെയ്യുന്നു. രാജേഷ്-ദിവ്യശ്രീ ദമ്പതികൾക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമുണ്ട്.
#KannurCrime #KeralaNews #DomesticViolence #JusticeForDivya #PoliceNews #KeralaCrime