Probe | നീലേശ്വരം അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
● കാസർകോട് ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദേശം
● 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
● ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്
നീലേശ്വരം: (KasargodVartha) അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷന്റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, കാസർകോട് ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.
കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഈ കേസ് സ്വമേധയാ രജിസ്റ്റർ ചെയ്തത്. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസിൽ വധശ്രമം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്ഷേത്ര കമിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രടറി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ അറസ്റ്റിലായ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിജയൻ (62) ആണ് നാലാമൻ. രാജേഷിൻ്റെ സഹായിയായി പ്രവർത്തിച്ചയാളാണ് വിജയൻ എന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് നാലാമത്തെ അറസ്റ്റും ഉണ്ടായത്. ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘമാണ് അപകടം അന്വേഷിക്കുന്നത്.
#NileshwaramAccident #Kerala #HumanRights #Investigation #Justice