മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്: 71 പരാതികള്‍ പരിഗണിച്ചു, 18 പരാതികള്‍ തീര്‍പ്പാക്കി; സുനാമിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം
Feb 9, 2018, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2018) മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ മൊത്തം 71 പരാതികളാണു പരിഗണിച്ചത്. മറ്റു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗ് മാര്‍ച്ച് 27 ന് നടക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ടു 29 പരാതികളാണ് പരിഗണിച്ചത്. ദുരിതബാധിത പട്ടികയില്‍പ്പെടുത്തിയിട്ടും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ അറിയിച്ചില്ല, വായ്പ എഴുതിത്തള്ളിയില്ല ഇങ്ങനെയുള്ള പരാതികളില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2004-ല്‍ നടന്ന സുനാമിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനു സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലായെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സിറ്റിംഗില്‍ സ്വമേധയാ കേസ് എടുത്ത കമ്മീഷന്‍ ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആളെ കാണാതായതായി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷവും തിരിച്ചെത്തിയില്ലെങ്കില്‍ അയാള്‍ മരിച്ചതായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ആ നിലയ്ക്ക് ഈ മത്സ്യത്തൊഴിലാളി സുനാമി ദുരന്തത്തില്‍ മരിച്ചതായി കണക്കാക്കി ഇദ്ദേഹത്തിന്റെ കുടുംബത്തിനു മരണാനന്തരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. സുനാമിത്തിരയില്‍ കീഴുര്‍ കടപ്പുറത്തുനിന്നുമാണു ബേക്കല്‍ കുനിക്കൂട്ടക്കാര്‍ വീട്ടില്‍ ബാലന്‍ എന്ന മത്സ്യത്തൊഴിലാളിയെ കാണാതായത്. ബാലന്റെ കുടുംബത്തിനു മരണാന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നു റവന്യുവകുപ്പും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആധാര്‍ കാര്‍ഡില്‍ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും നല്‍കിയിട്ടും അപ്ഡേഷന്‍ നടന്നില്ലെന്ന പരാതിയില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. അപ്ഡേഷന്‍ കൃത്യമായി നടക്കാത്തതിനാല്‍ പരാതിക്കാരനു മൊബൈല്‍ സിം കാര്‍ഡ് എടുക്കുവാന്‍ കഴിയുന്നില്ലെന്നു കാറഡുക്കയില്‍ നിന്നുള്ള വിജയന്റെ പരാതിയില്‍ പറയുന്നു. പടന്ന മുണ്ട്യായിലെ ക്ഷേത്രത്തില്‍ ജാതിയുടെ പേരുപറഞ്ഞു വിലക്കുന്നുവെന്ന പരാതിയില്‍ കാസര്‍കോട് ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദേശിച്ചു. അമ്പലക്കമ്മറ്റിയോടും വിശദീകരണം ആവശ്യപ്പെടും. ചെമ്മനാട് പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന പരാതിയില്‍ സെക്രട്ടറി ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാനും നിര്‍ദേശിച്ചു. എഫ്ഐആറിന്റെ കോപ്പി ആവശ്യപ്പെട്ടതിനു പോലീസ് മോശമായി സംസാരിച്ചുവെന്ന മൂന്നു യുവതികളുടെ പരാതിയില്‍ കാഞ്ഞങ്ങാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് വിശദീകരണം തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fisher-workers, Family, Tsunami, Police, Report, Politics, Human right commission sitting; 18 complaint solved.
Keywords: Kasaragod, Kerala, News, Fisher-workers, Family, Tsunami, Police, Report, Politics, Human right commission sitting; 18 complaint solved.