Disaster | തുലാ മഴയിൽ വ്യാപക നാശനഷ്ടം; 2 വീടുകൾ തകർന്നു; ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു; വീട്ടമ്മയ്ക്ക് പരുക്ക്
● ആരിക്കാടിയിലും ഉദുമയിലുമാണ് വീടുകൾ തകർന്നത്
● ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി
● ഗൃഹോപകരണങ്ങളും വയറിംഗും പൂർണമായും കത്തി നശിച്ചു
കാസർകോട്: (KasargodVartha) തുലാ മഴയെ തുടർന്ന് ജില്ലയിൽ പലയിടത്തും വ്യാപകമായ നാശനഷ്ടം. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഇടിമിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടമ്മയ്ക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഞായറാഴ്ച രാത്രി ഉണ്ടായ മഴയിലും ശക്തമായ ഇടിമിന്നലിലുമാണ് നാശനഷ്ടമുണ്ടായത്.
പ്രവാസിയായ ആരിക്കാടി, കുന്നിൽ ഖിള്‌രിയ്യ നഗറിലെ അബ്ദുർ റഹ്‌മാന്റെ ഇരുനില വീട്ടിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന അബ്ദുർ റഹ്‌മാന്റെ ഭാര്യ സുബൈദയും മകനും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. വീടിന്റെ വയറിംഗ് പൂർണമായും കത്തിനശിച്ചു. ചുമരുകളിൽ വിള്ളൽ വീണു. ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, ഫാൻ, എ സി തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു.
മീഞ്ച പഞ്ചായതിലെ ആറാം വാർഡിലെ ബുദ്രിയയിലെ സീന മൂല്യയുടെ വീട്ടിലും ഇടിമിന്നലേറ്റു. സീനമൂല്യയുടെ ഭാര്യ സുഗന്ധിയെ ഇടിമിന്നലേറ്റ നിലയിൽ മംഗ്‌ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗൃഹോപകരണങ്ങളും വീടിന്റെ വയറിംഗും പൂർണമായും കത്തി നശിച്ചു.
ഉദുമയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് ഓടുമേഞ്ഞ വീടിൻ്റെ മേൽക്കൂര തകർന്നു. ഉദുമ ജുമാമസ്ജിദിന് സമീപത്തെ തായത്ത് ഹൗസിലെ കെ ബേബിയുടെ വീടിൻ്റെ അടുക്കള ഭാഗമാണ് തകർന്നത്. ആർക്കും പരിക്കില്ല. കാലൊടിഞ്ഞതിനെ തുടർന്ന് ഗൃഹനാഥ ഇതേ വീടിനുള്ളിൽ വിശ്രമത്തിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
#Kasaragod #Kerala #heavyrains #disaster #damage #injury #lightning