ഹരീഷിൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു; മുഖ്യ പ്രതി ഡ്രൈവർ ശ്രീകുമാർ കുറ്റം സമ്മതിച്ചു; തൂങ്ങി മരിച്ച റോഷനും മണികണ്ഠനും കൊലയിൽ നേരിട്ട് പങ്കെടുത്തു, നാലാമനെ തിരയുന്നു
Aug 19, 2020, 13:47 IST
കാസർകോട്: (www.kasargodvartha.com 18.08.2020) കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ ജോലിക്കാരനായ ഹരീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശാന്തിപള്ളത്തെ ശ്രീകുമാര്‍ കുറ്റം സമ്മതിച്ചതായി പോലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ചൊവ്വാഴ്ച സന്ധ്യയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീകുമാറിന്‍റെ സുഹൃത്തുക്കളായ റോഷനും മണി എന്ന മണികണ്ഠനും ശ്രീകുമാറിനൊപ്പം കൊലയിൽ നേരിട്ട് പങ്കളികളായിരുന്നുവെന്നും കസ്റ്റഡിയിലുള്ള ശ്രീകമാറിനെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്. ഇവരെ കൂടാതെ മറ്റ് ചിലർക്കും കൊലയിൽ പങ്കുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
തൂങ്ങി മരിച്ച റോഷനെയും മണിയെയും മണൽ ജോലിക്കാണെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയ ശ്രീകുമാറിന് ഇരുവരുടെയും മരണത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഇരുവരുടെയും ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്‍ച രാത്രി മണൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇരുവരെയും വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു പോയതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
തിങ്കളാഴ്‍ച രാത്രി 10 മണിക്കുള്ളിൽ തന്നെ ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിലിട്ട് ശ്രീകുമാര്‍ വെട്ടിക്കൊന്നതായാണ് സൂചനകൾ പുറത്ത് വന്നിരിക്കുന്നത്. അധികം ആളുകൾ കടന്നു പോകാത്ത വഴിയിലാണ് ഹരീഷിൻ്റെ വീട്. കുറച്ച് വീടുകൾ മാത്രമേ ഈ ഭാഗത്തുള്ളു. ജോലി കഴിഞ്ഞ് പോകുകയായിരുന്ന ഒരു യുവാവ് രാത്രി 11.40 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ഹരീഷിനെ വെട്ടേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ച് ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോക്കുകയായിരുന്നു.
കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഓയിൽ മില്ലിലെ ഡ്രൈവറാണ് ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാര്‍. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയാണ് വെട്ടിയതെന്ന് പ്രതി ശ്രീകുമാർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. തലയിലും കഴുത്തിലും നെഞ്ചിലും അടക്കം പത്തിലേറെ വെട്ടുകളേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസിൻ്റെ ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു.
റോഷനും മണികണ്ഠനും അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. കൊലപാതകം നടന്ന ദിവസം രാത്രി ശ്രീകുമാറിനൊപ്പം ഇരുവരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. കൊലയ്ക്ക് മുമ്പ് പ്രതികൾ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഈ കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
മണിക്കൂറുകൾക്കിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് യുവാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ശ്രീകുമാറിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹരീഷിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്.
Keywords: Kasaragod, Kumbala, Kerela, News, Murder, Arrest, Case, Accused, Hanged, Driver, Harish's murder case unrevealed; The main accused driver Sreekumar pleaded guilty; Roshan and Manikandan, who were hanged, were directly involved in the murder
< !- START disable copy paste -->