Eco-Friendly | കലോത്സവ നഗരിയിൽ പച്ചപ്പും പൈതൃകവും; സുന്ദര കഴ്ചയായി ഹരിത ഭവനം
● രണ്ട് ദിവസം കൊണ്ടാണ് ഇവർ ചേർന്ന് ഈ അത്ഭുതകരമായ കൂടാരം ഒരുക്കിയത്.
● പരമ്പരാഗത നിർമ്മാണ രീതികളിൽ പൂർത്തിയാക്കിയ ഒരു പ്രകൃതിദത്ത കൂടാരം
ഉദിനൂർ: (KasargodVartha) ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പച്ചപ്പിന്റെയും പൈതൃകത്തിന്റെയും മാതൃകയായി ഹരിത ഭവനം. ഹരിത കേരളം, ശുചിത്വ മിഷൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹരിത സേന, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ പരിസ്ഥിതി സൗഹൃദ കൂടാരം നിർമ്മിച്ചിരിക്കുന്നത്.
കലോത്സവ പ്രതിഭകൾക്ക് വിശ്രമിക്കാനും സംഗമിക്കാനുമായി ഒരുക്കിയ ഈ ഹരിത ഭവനത്തിന്റെ നിർമ്മാണത്തിന് പഴയ കാലത്തെ പരമ്പരാഗത നിർമ്മാണ രീതികളാണ് അവലംബിച്ചിരിക്കുന്നത്. ഓല, നെയ്‌പുല്ല്, മുള, പനയോല, ഓലപ്പായ, മട്ടൽ, തേങ്ങ എന്നീ പ്രകൃതിദത്ത വസ്തുക്കളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
നാട്ടിൽ അറിയപ്പെടുന്ന നാടക പ്രവർത്തകരും ശില്പികളുമായ സുരഭി ഈയ്യക്കാട്, ഭാസി വർണലയം, ഒ.പി.ചന്ദ്രൻ, രാജൻ പി പി, വിജയൻ ടിവി, രാജൻ കെ വി, ബാബു കെ വി, അജിത് കുമാർ പി, ഭരതൻ മൈതാണി തുടങ്ങിയവരുടെ കൈപ്പണിയാണ് ഈ ഹരിത ഭവനം. രണ്ട് ദിവസം കൊണ്ടാണ് ഇവർ ചേർന്ന് ഈ അത്ഭുതകരമായ കൂടാരം ഒരുക്കിയത്.
ഒരേ സമയം നൂറോളം പേർക്ക് ഇരുന്ന് വിശ്രമിക്കാൻ സൗകര്യമുള്ള ഈ ഹരിത ഭവനം കലോത്സവ നഗരിയിലെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും പൈതൃക സംസ്കാരത്തെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ഒരു മികച്ച ഉദാഹരണമായി ഈ ഹരിത ഭവനം വിലയിരുത്തപ്പെടുന്നു.