Funeral | കുവൈറ്റിലെ തീപ്പിടുത്തത്തില്‍ മരിച്ച രഞ്ജിതിനും കേളുവിനും നാടിന്റെ യാത്രാമൊഴി; സങ്കടക്കടലായി വീടുകൾ
ഇരുവരുടെയും വേർപാട് ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്നുണ്ടായിരുന്നു
ചെർക്കള / തൃക്കരിപ്പൂർ: (KasargodVartha) കുവൈറ്റിലെ തീപ്പിടുത്തത്തില്‍ മരിച്ച ചെർക്കള കുണ്ടടുക്കത്തെ രഞ്ജിതിനും സൗത് തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊൻമലേരി കേളുവിനും നാടിന്റെ യാത്രാമൊഴി. മരിച്ച 45 ഇൻഡ്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. തുടർന്ന് ആംബുലൻസിൽ വൈകീട്ട് 7.30 മണിയോടെ പൊൻമലേരി കേളുവിന്റേയും 8.30 മണിയോടെ രഞ്ജിതിന്റെയും മൃതദേഹം വസതികളിലെത്തിച്ചു.
ചെർക്കള കുണ്ടടുക്കത്തെ വീട്ടിൽ എത്തിച്ച കെ രഞ്ജിതിൻ്റെ മൃതദേഹത്തിൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദരിയ എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളും അന്ത്യാഞ്ജലിയർപ്പിച്ചു. രഞ്ജിത്തിന്റെ അച്ഛൻ രവീന്ദ്രൻ, അമ്മ രുഗ്മിണി, സഹോദരങ്ങളായ രജീഷ്, രമ്യ തുടങ്ങിയ ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ വീട് സങ്കടക്കടലായി മാറി. പൊതുദർശനത്തിന് ശേഷം രാത്രിയോടെ കുടുംബ ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം രാജഗോപാലൻ എംഎൽഎ, സബ് കലക്ടർ സൂഫിയാൻ അഹ്‌മദ്, ഹൊസ്ദുർഗ് തഹസിൽദാർ എം മായ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി തെക്കുമ്പാട്ടെ വീട്ടിൽ എത്തിച്ചു. അനേകം പേരാണ് യാത്രാമൊഴിയേകാൻ പാതയോരത്തും വീട്ടിലും കാത്തുനിന്നത്. രാത്രി മണിയോടെ ആണൂർ ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. ഇരുവരുടെയും വേർപാട് ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്നുണ്ടായിരുന്നു.