Halted | അടിപ്പാത നൽകിയില്ല, പകരം അനുവദിച്ച കാൽനട മേൽപാലത്തിന്റെ നിർമാണം നിർത്തിവച്ചു; വഴിമുട്ടി പെറുവാഡ് ദുരിതം തുടരുന്നു; പ്രദേശവാസികൾ പ്രതിഷേധത്തിൽ
● പിന്നിൽ പഞ്ചായത് പ്രസിഡണ്ടിന്റെ ഇടപെടലുണ്ടായെന്ന് ആരോപണം.
● തങ്ങളോട് പോലും ചോദിച്ചില്ലെന്ന് പഞ്ചായത് അംഗങ്ങൾ.
● താത്കാലികം മാത്രമെന്ന് പഞ്ചായത് പ്രസിഡന്റ്.
കുമ്പള: (KasargodVartha) അടിപ്പാതയ്ക്ക് വേണ്ടിയുള്ള ഒരുപാട് നാളത്തെ പ്രക്ഷോഭത്തിനൊടുവിൽ പെറുവാഡ് ദേശീയപാതയിൽ അനുമതി ലഭിച്ച കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ള മേൽപാലത്തിന്റെ (Foot Over Bridge) നിർമാണം പെട്ടെന്ന് നിർത്തിവച്ചതിനെതിരെ പ്രദേശവാസികൾ രംഗത്ത്. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമെന്ന നിലയിലാണ് ഈ പദ്ധതി അനുവദിച്ചത്. എന്നാൽ കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ടിന്റെ ഇടപെടലിനെ തുടർന്ന് നിർമാണം മുടങ്ങിയെന്നാരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധം ശക്തമായിരിക്കുന്നത്.
മേൽപാലത്തിന്റെ നിർമാണ പ്രവൃത്തി കുമ്പള പഞ്ചായത് പ്രസിഡണ്ട് ആവശ്യപ്പെട്ടതനുസരിച്ച് കരാർ കമ്പനിയായ യുഎൽസിസി നിർത്തിവെക്കുകയായിരുന്നുവെന്നും നിർമാണത്തിനായുള്ള ജോലി തുടങ്ങി അടിത്തറ നിർമാണം കഴിഞ്ഞ് പിന്നീട് മുടങ്ങിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കരാറുകാരോട് അന്വേഷിച്ചപ്പോഴാണ് പഞ്ചായത് പ്രസിഡണ്ട് യുഎൽസിസിക്ക് കത്ത് നൽകിയെന്ന വിവരം അറിഞ്ഞതെന്നും പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ തനിക്ക് മുകളിൽ നിന്ന് സമ്മർദമുണ്ടായത് കൊണ്ടാണ് അങ്ങനെ കത്ത് നൽകിയതെന്നാണ് പ്രസിഡണ്ട് പ്രതികരിച്ചതെന്നും എന്താണ് സമ്മർദമെന്ന് പ്രസിഡണ്ട് വെളിപ്പെടുത്തിയിട്ടുമില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഒരു വ്യക്തിക്ക് വേണ്ടി നാട്ടുകാരോടോ, പ്രദേശവാസികളോടൊ അന്വേഷിക്കാതെ പ്രസിഡണ്ട് സ്വന്തം നിലക്ക് ഇങ്ങനെ ഒരു കത്ത് നൽകി നിർമാണം നിർത്തിവെപ്പിച്ചത് ശരിയായില്ലെന്നാണ് ഇവർ പറയുന്നത്.
മേൽപാലം വരുന്ന പ്രദേശങ്ങളിലുള്ള പഞ്ചായത് അംഗങ്ങളായ തങ്ങളോട് പോലും ചോദിക്കാതെയാണ് പ്രസിഡൻ്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മെമ്പർമാരായ അനിൽകുമാറും, വിദ്യ പൈയും പറയുന്നു. ഇങ്ങനെ ഒരു അജൻഡ പഞ്ചായത് ബോർഡ് യോഗത്തിൽ വെച്ച് ചർച്ച ചെയ്തിട്ടുമില്ലെന്നും ഇവർ പറഞ്ഞു.
ഇതിനിടെ റോഡിൻ്റെ ഒരു വശത്തുള്ള സ്കൂൾ മാനജ്മെൻ്റിൻ്റെ എതിർപ്പാണ് കാരണമെന്ന് തെറ്റായ പ്രചാരണം ഒരു ഭാഗത്ത് നടക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്. തങ്ങളുടെ നൂറുക്കണക്കിന് കുട്ടികൾക്ക് ഉപകാരപ്രദമായ മേൽപാലത്തിന് തങ്ങൾ എന്തിന് എതിര് നിൽക്കണമെന്നാണ് സ്കൂൾ മാനജ്മെന്റ് ചോദിക്കുന്നത്. തങ്ങളുടെ ഓഡിറ്റോറിയത്തിലേക്കും ആളുകൾക്ക് എത്തിപ്പെടാൻ സൗകര്യപ്രദമാണ് ഈ പദ്ധതിയെന്നും അവർ വിശദീകരിക്കുന്നു.
അതേസമയം, മേൽപാലത്തിന്റെ പ്രവൃത്തികൾ നിർത്തിവെച്ചത് താത്കാലികമാണെന്നും തൊട്ടടുത്ത പറമ്പിന്റെ ഉടമയുടെ അഭ്യർഥന മാനിച്ചായിരുന്നു ഇതെന്നും പഞ്ചായത് പ്രസിഡന്റ് യുപി ത്വാഹിറ യൂസുഫ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. 10 മീറ്റർ മാറി ഇവരുടെ സ്ഥലമുൾപ്പെടുന്ന സ്ഥലത്ത് തന്നെ മേൽപാലത്തിന്റെ നിർമാണം നടത്താൻ യുഎൽസിസി കംപനി അധികൃതരുമായി ധാരണയിട്ടുണ്ട്. ഇക്കാര്യം അടുത്ത പഞ്ചായത് ബോർഡ് യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. വിഷയം പഠിക്കാൻ പഞ്ചായത് വൈസ് പ്രസിഡണ്ടും സ്റ്റാൻഡിങ് കമിറ്റി ചെയർമാനും ഉൾപെടുന്ന സമിതിയെ നിയമിച്ച് ഉചിതമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയപാത മുറിച്ചുകടക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് സുരക്ഷിതമായ ഒരു മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ജനങ്ങളെ സഹായിക്കുന്ന ഈ പ്രധാനപ്പെട്ട പദ്ധതി യാഥാർത്ഥ്യമാക്കാൻ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒരുമിച്ച് ആവശ്യപ്പെടുന്നത്.
#Kumbla #footbridge #constructiondelay #protest #Kerala #localnews