Food Safety | 'ഗുണനിലവാരമില്ലാത്ത ചില്ലി സോസ് വിറ്റു'; കാസർകോട് നഗരത്തിലെ കടയിൽ നിന്ന് 42,000 രൂപ പിഴ ഈടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
● പരിശോധനയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
● സാമ്പിൾ പരിശോധിച്ചതിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി.
● പിഴ ഒടുക്കിയതിനെ തുടർന്ന് കേസ് നടപടികൾ അവസാനിപ്പിച്ചു.
കാസർകോട്: (KasargodVartha) ഗുണനിലവാരമില്ലാത്ത ഗ്രീൻ ചില്ലി സോസ് വിറ്റുവെന്ന കണ്ടെത്തലിൽ കാസർകോട് നഗരത്തിലെ കടയിൽ നിന്ന് 42,000 രൂപ പിഴ ഈടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മാർക്കറ്റ് റോഡിലെ അൽ അമീൻ ട്രേഡേഴ്സിനെതിരെയാണ് നടപടി സ്വീകരിച്ചത് . ഭക്ഷ്യ സുരക്ഷ അഡ് ജൂഡിക്കേറ്റിംഗ് ഓഫീസറും കാസർകോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ പി ബിനുമോൻ ആണ് പിഴ വിധിച്ചത്.
2023 സെപ്റ്റംബർ 16-ന് കാസർകോട് സർക്കിളിലെ ഭക്ഷ്യസുരക്ഷാ ഓഫീസർ സാക്ഷികളുടെ സാന്നിധ്യത്തിൽ അൽ അമീൻ ട്രേഡേഴ്സിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന എസ് ആർ ഗോൾഡ് ഗ്രീൻ ചില്ലി സോസിന്റെ സാമ്പിൾ ശേഖരിച്ച് നിയമപ്രകാരം ഫുഡ് അനലിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചു. ഈ പരിശോധനയിൽ, ഉൽപ്പന്നം 2011-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
തുടർന്ന്, സ്ഥാപന ഉടമ അബു താഹിർ കെ എം, അധികാരപത്രം കൈവശമുള്ള അഹ്‌മദ് സഹദ്, സ്ഥാപനത്തിന്റെ ചുമതലയുള്ള ചേതന ആർ ഷെട്ടി എന്നിവരെ എതിർകക്ഷികളാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് പരാതി സമർപ്പിച്ചു. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ പ്രകാരം എതിർകക്ഷികൾക്ക് നോട്ടീസ് നൽകുകയും നേരിട്ട് ഹിയറിംഗ് നടത്തുകയും ചെയ്തു.
ഹാജരാക്കിയ രേഖകളും വാദങ്ങളും പരിശോധിച്ച ശേഷം, അൽ അമീൻ ട്രേഡേഴ്സ് ഗുണനിലവാരമില്ലാത്ത ചില്ലി സോസ് വിറ്റത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, കെ എം അബു ത്വാഹിറിന് 7000 രൂപയും അഹ്‌മദ് സഹദിന് 35000 രൂപയും പിഴ ചുമത്തി ഉത്തരവായി. ഇരുവരും ചുമത്തിയ പിഴയായ 42000 രൂപ ഒടുക്കുകയും ഇതിൻ്റെ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, കേസ് നടപടികൾ അവസാനിപ്പിച്ച് ഉത്തരവായതായി അധികൃതർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Food Safety Department fined Rs. 42,000 to a shop in Kasaragod for selling substandard chilli sauce, violating food safety norms.
#KasaragodNews, #FoodSafety, #Kasaragod, #ChilliSauce, #Fine, #QualityViolation