Tradition | പതിവ് തെറ്റിച്ചില്ല; ഇത്തവണയും അബ്‌ദുൽ ഖാദർ നാട്ടുകാർക്ക് പുത്തരി വിളമ്പി
● ബളാൽ പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്
● ഒരു ഏക്കർ നെൽപാടത്ത് നെൽകൃഷി ചെയ്യുന്നു.
● പരമ്പരാഗത കൃഷി രീതികൾ പിന്തുടരുന്ന കർഷകനാണ്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ഒരേക്കർ നെൽപാടത്ത് വിളഞ്ഞ നെല്ല് കുത്തി നാട്ടുകാർക്ക് പുത്തരി സദ്യ വിളമ്പി അബ്ദുൽ ഖാദർ എന്ന നെൽകർഷകൻ നാട്ടിലെ താരമായി. ബളാൽ പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ കുഴിങ്ങാട്ടെ ടി അബ്‌ദുൽ ഖാദറാണ് പുതുനെല്ല് കുത്തി അരിയാക്കി നാട്ടുകാർക്കും ക്ഷണിക്കപ്പെട്ടവർക്കും പുത്തരി സദ്യ നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ ആളുകൾ, പൊലീസ് ഉദ്യോഗസ്ഥർ, കൃഷി, വില്ലേജ് ഓഫീസർമാർ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, മഹല്ല് ഭാരവാഹികൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, കുടുംബശ്രീയിലെ അംഗങ്ങൾ എന്നുവേണ്ട നാട്ടിലെ സകലരും അബ്‌ദുൽ ഖാദറിന്റെ വീട്ടിൽ പുത്തരി സദ്യക്ക് എത്തി.
വീട്ടുമുറ്റത്ത് പാരമ്പര്യരീതിയിൽ തന്നെ കളമൊരുക്കി പന്തലിട്ട് ഒരു കുറവുകളും വരുത്താതെയായിരുന്നു എല്ലാ അതിഥികൾക്കും സദ്യനൽകിയത്. അബ്‌ദുൽ ഖാദറിന്റെ ഭാര്യയും മക്കളും മരുമക്കളും സദ്യ വിളമ്പാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത് കുടുംബ പരമായുള്ള നെൽവയലിൽ വർഷങ്ങളായി അബ്‌ദുൽ ഖാദർ നെൽകൃഷി നടത്തുകയും വിളവെടുത്ത നെല്ല് ഉപയോഗിച്ച് നാട്ടിലെ എല്ലാവർക്കും പുത്തരി സദ്യനൽകുന്നതും പതിവാണ്.
പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൽ ഖാദർ പുത്തരി സദ്യനൽകുതും പഴയകാല ഓർമ്മകൾ സൂക്ഷിക്കാനാണ്. അടുത്ത കാലത്താണ് യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണെന്ന് അബ്‌ദുൽ ഖാദർ പറയുന്നു.
അബ്‌ദുൽ ഖാദറിന്റെ വയലിൽ കൃഷി ഒരുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവൻ മെമ്പർമാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുവെന്നതും പ്രത്യേകതയാണ്. ഒരു കാലത്ത് ഹെക്ടർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയായ അബ്‌ദുൽ ഖാദർ പഞ്ചായത്തിന് തന്നെ അഭിമാനമാണെന്ന് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
വയലിൽ നെൽകൃഷി ചെയ്യാൻ ആളുകൾ മടിക്കുന്ന കാലഘട്ടത്തിൽ സ്വന്തമായി നെൽകൃഷി നടത്തുകയും ആ നെല്ല് കുത്തി നാടാകെ ക്ഷണിച്ച് പുത്തരി സദ്യനൽകുന്നത് പഴയകാല ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കുന്നുവെന്ന് പ്രൊഫ. കെ പി ജയരാജൻ അഭിപ്രായപ്പെട്ടു. പൊലീസ് സേനയിൽ ജോലി ആരംഭിച്ച ശേഷം ലഭിച്ച പ്രത്യേക അനുഭവമായിരുന്നു അബ്‌ദുൽ ഖാദറിന്റെ വീട്ടുമുറ്റത്തെ പുത്തരി സദ്യയെന്ന് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ പറഞ്ഞു.