Hoax | വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയെങ്കിൽ കാസർകോട്ട് ഫയർഫോഴ്സിനെ വട്ടംചുറ്റിച്ച് വ്യാജ തീപ്പിടുത്ത ഫോൺ കോളുകൾ; ഉദ്യോഗസ്ഥർ നെട്ടോട്ടമോടുന്നു
● രണ്ട് ദിവസത്തിനിടെ രണ്ട് വ്യാജ തീപ്പിടുത്ത സന്ദേശം
● ഇത്തരം പ്രവൃത്തികൾ ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നു
● അധികൃതരുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു
കാസർകോട്: (KasargodVartha) ഫയർഫോഴ്സിനെ വട്ടംചുറ്റിച്ച് വ്യാജ ഫോൺ കോളുകൾ. തീപ്പിടുത്തമുണ്ടായെന്ന് വിളിച്ചുപറഞ്ഞ അജ്ഞാതരാണ് ഉദ്യോഗസ്ഥരെ നെട്ടോട്ടമോടിച്ചത്. രണ്ട് ദിവസത്തിനിടെ ഇത്തരത്തിൽ രണ്ട് വ്യാജ സന്ദേശങ്ങളാണ് കാസർകോട് നഗരത്തിലെ ഫയർഫോഴ്സ് സ്റ്റേഷനിൽ ലഭിച്ചത്. തളങ്കരയിൽ സ്‌കൂളിനടുത്ത് തീപ്പിടുത്തമുണ്ടായെന്നും സൂപർമാർകറ്റിന് പിന്നിലെ വീട്ടിൽ തീപ്പിടുത്തമുണ്ടായെന്നുമുള്ള വ്യാജ കോളുകളാണ് ഫയർഫോഴ്സിന് ലഭിച്ചത്.
തളങ്കരയിലെ സംഭവം
8050040710 എന്ന നമ്പറിൽ നിന്നാണ് തൃക്കരിപ്പൂർ ഫയർ സ്റ്റേഷനിലേക്ക് ആദ്യത്തെ ഫോൺ കോൾ വന്നത്. തളങ്കരയിലെ സ്‌കൂളിനടുത്ത് തീപ്പിടുത്തമുണ്ടായെന്നായിരുന്നു വിവരം. ഉടൻ തന്നെ കാസർകോട് യൂണിറ്റിന് വിവരം കൈമാറി. എന്നാൽ നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോൾ സംഭവം വ്യാജമാണെന്ന് വ്യക്തമായി.
വീണ്ടും വ്യാജ കോൾ
രണ്ടാമത്തെ ഫോൺ കോൾ 9895671924 എന്ന നമ്പറിൽ നിന്നാണ് ലഭിച്ചത്. ഹമീദ് എന്ന പേരിൽ വിളിച്ചയാൾ, തളങ്കരയിൽ തനിക്ക് സൂപർ മാർകറ്റ് ഉണ്ടെന്നും ഇതിന് പിറകിലുള്ള എൽപി സ്‌കൂളിനടത്തുള്ള വീട്ടിൽ തീപ്പിടുത്തമുണ്ടായെന്നും പറഞ്ഞു. ഈ നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോൾ മലപ്പുറത്തേക്കാണ് ഫോൺ പോയത്. എന്നാൽ ഫോൺ എടുത്തയാൾക്ക് സംഭവത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
രണ്ട് കുട്ടികൾ അമ്മയ്ക്ക് വിളിക്കാനെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായും എന്നാൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഫോൺ എടുത്തയാൾ വെളിപ്പെടുത്തിയത്. ഫയർഫോഴ്സ് യൂണിറ്റുകൾ വെള്ളിയാഴ്ച സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിയെങ്കിലും എവിടെയും തീപ്പിടുത്തം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.
സംഭവത്തിന്റെ ഗൗരവം
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 400ലധികം വ്യാജ ഭീഷണി സന്ദേശങ്ങളാണ് രാജ്യത്ത് വിവിധ വിമാന കംപനികൾക്ക് ലഭിച്ചിട്ടുള്ളത്. ഇതിനിടയിലാണ് ഫയർഫോഴ്സിനും സമാന അനുഭവം. ഇത്തരം വ്യാജ ഭീഷണികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയത്തെയും പ്രവർത്തനത്തെയും ബാധിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഒരു യഥാർത്ഥ അപകടത്തിൽ നിന്ന് ആളുകളെ രക്ഷിക്കാനുള്ള സമയം ഇത്തരം വ്യാജ വിളികൾ കളയാൻ ഇടയാക്കുന്നുവെന്നാണ് പരാതി. ഇത്തരം വ്യാജ കോളുകൾ ചെയ്യുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
#Kasargod #FalseAlarm #Hoax #FireDepartment #Kerala #India #PublicSafety #EmergencyServices