Fact Check | കാസർകോട് ചൗക്കിയിൽ 'പ്രേതത്തെ' കണ്ടുവെന്നുള്ള പ്രചാരണം വ്യാജം; വസ്തുത ഇതാണ്!
● ബംഗാളിലെ ഒരു യൂട്യൂബർ പങ്കുവെച്ച വീഡിയോയാണ് ഇത്
● സമൂഹത്തിൽ വ്യാപകമായി ഭീതി പരത്തി
● സമാനമായ ദൃശ്യങ്ങൾ പല സ്ഥലങ്ങളിലും പ്രചരിച്ചിരുന്നു
കാസർകോട്: (KasargodVartha) മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ ചൗക്കി പ്രദേശത്ത് രാത്രികാലങ്ങളിൽ പ്രേതം ഇറങ്ങി ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോകളും ഫോടോകളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകളിലും കുട്ടികളിലും ഈ വ്യാജ പ്രചാരണം വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
ബൈക് യാത്രക്കാരൻ പ്രേതത്തെ കണ്ടെന്നും, ആക്രമിച്ച് മാരകമായി പരുക്കേൽപിച്ചെന്നും പറഞ്ഞുള്ള ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. കൂടാതെ അർധരാത്രി ഒന്നരമണിക്കാണ് ചൗക്കി പ്രദേശത്ത് പ്രേതത്തെ കണ്ടതെന്നും എല്ലാവരും സൂക്ഷിക്കണമെന്നും ഇതിനൊപ്പം പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ പറയുന്നു.
യാഥാർഥ്യം എന്താണ്?
കാസർകോട് വാർത്തയുടെ വസ്തുത പരിശോധനയിൽ ഈ ദൃശ്യങ്ങൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമായി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ റീൽസിനായി എഡിറ്റ് ചെയ്തതാണെന്നും ഇതോടൊപ്പം ഒരു ചിത്രവും ചേർത്ത് പ്രചരിക്കുന്നതാണെന്നും വ്യക്തമായി. കഴിഞ്ഞ ഒക്ടോബർ 31ന് ബംഗാളിലെ ഒരു യൂട്യൂബർ (ARIYAN Official 786) ഇതേ വീഡിയോ പങ്കുവെച്ചിരുന്നു.
രാത്രിയിൽ മൂന്ന് പേർ പുറത്തേക്ക് പോയപ്പോൾ പ്രേതത്തെ കണ്ടുവെന്നാണ് ഇതിൽ പറയുന്നത്. ഈ വീഡിയോയും ദൃശ്യങ്ങളുമാണ് ഇപ്പോൾ ചൗക്കിയിലെതെന്ന പേരിൽ പ്രചരിക്കുന്നത്. കൂടാതെ സമാനമായ ദൃശ്യങ്ങൾ പല സ്ഥലങ്ങളിലും പ്രേതത്തെ കണ്ടുവെന്ന രീതിയിൽ പലരും പ്രചരിച്ചിരുന്നുവെന്നും വസ്തുത പരിശോധനയിൽ തെളിഞ്ഞു.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുകിലും യൂട്യുബിലും അടക്കം നിരവധി സമാന വീഡിയോകൾ വിവിധ പ്രദേശങ്ങളിലുള്ളവർ പങ്കുവെച്ചിരിക്കുന്നത് കാണാം. ഇതിനിടെ ഇത്തരം വ്യാജ പ്രചാരണം സമൂഹത്തിൽ വലിയ ആശങ്കയും അവിശ്വാസവും സൃഷ്ടിക്കുന്നതിനാൽ, പൊതുപ്രവർത്തകൻ ഹകീം കമ്പാർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നതിന് മുമ്പ് വസ്തുത പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. പൊതുജനങ്ങളോട് ശാന്തമായിരിക്കാനും അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിശ്വസിക്കാതിരിക്കാനും അധികൃതർ അഭ്യർഥിച്ചു.
#fakenews #viralvideo #factcheck #ghostsighting #socialmedia #kerala #kasaragod #hoax #moghalputhoor