കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് നഴ്സറിയും ചെടിവെച്ച് പിടിപ്പിക്കലുമായി വ്യത്യസ്തമായ പരിസ്ഥിതി സംരക്ഷണ മാതൃക; കല്ലേൻ പൊക്കുടന്റെ പാത പിന്തുടർന്ന് അലിഫ് സാംസ്കാരിക കൂട്ടായ്മ
Jun 18, 2021, 18:59 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 18.06.2021) 500 ഏകെർ സ്ഥലത്ത് കണ്ടൽ കാട് വെച്ചുപിടിപ്പിച്ച കല്ലേൻ പൊക്കുടൻ്റെ പാത പിന്തുടർന്ന് മാടക്കാലിലും കൈക്കോട്ട് കടവിലും കണ്ടൽ നഴ്സറിയും ചെടിവെച്ച് പിടിപ്പിക്കലും നടത്തി കൂട്ടായ്മ പ്രവർത്തകർ മാതൃകയാവുന്നു.
മാടക്കാലിൽ കവ്വായി പുഴ കേന്ദ്രീകരിച്ച് ബാബു സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച കണ്ടൽ നഴ്സറിയുടെ ചുവടുപിടിച്ച് കൈക്കോട്ട് കടവിലും ഈ ഒരു സംസ്ക്കാരത്തിനും, കണ്ടൽചെടികൾക്കും വിത്ത് പാകിയിരിക്കുകയാണ് കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മ. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ഉപകാരപ്രദവും സമൂഹത്തോട് ചെയ്യാൻ പറ്റുന്ന വലിയ ഉത്തരവാദിത്തവുമാണ് ഇത്തരത്തിലുള്ള പരിസ്ഥിതിപ്രവർത്തനത്തിൽ അലിഫ് സാംസ്ക്കാരിക കൂട്ടായ്മ കാട്ടുന്നത്.
ബാബു മാസ്റ്ററിൽ നിന്നും വിത്ത് ശേഖരിച്ച് തുടക്കം കുറിച്ച പ്രവർത്തനം വിപുലീകരിക്കാനാണ് അലിഫ് സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ കൈക്കോട്ടുകടവ് സെൻട്രൽ പാതയോരത്തും പൂവളപ്പ് അംഗനവാടിയിലും അലിഫ് കൂട്ടായ്മ ഫലവൃക്ഷങ്ങൾ നട്ടിരുന്നു. ഇതിന് ചുവട് പിടിച്ചാണ് കവ്വായിപുഴയോരത്തും അതിന്റ കൈവരിയായ ചെറിയചാൽ പുഴയോരത്തും കണ്ടൽവിത്ത് വെച്ചു പിടിപ്പിച്ചത്. ജീവകാരുണ്യ മേഖലകളിലും സജീവമായി അലിഫ് കൂട്ടായ്മ ആംബുലൻസ് സൗകര്യവും ഒരുക്കി ഉദാത്ത മാതൃക തീർക്കുകയാണ്.
ചെയർമാൻ എം കെ അബ്ദുല്ലഹാജി, കൺവീനർ ഹർശാദ് കടവത്തിന് വിത്തുചെടി നൽകി ഉദ്ഘാടനം നിർവഹിച്ചു. എൻ അബ്ദുല്ല, ശരീഫ് കടവത്ത്, എം കുഞ്ഞിമൊയ്തീൻ, ടി ശരീഫ്, എൻ അശ്റഫ്, എ നൗശാദ് സംബന്ധിച്ചു.
Keywords: Kasaragod, Trikaripur, News, River, Protect, Inauguration, Environmental protection with nursery and planting for mangrove conservation.