Passenger Demand | തണൽ മരങ്ങളൊക്കെ വെട്ടി നിരപ്പാക്കി റോഡുണ്ടാക്കി; ദേശീയപാതയിൽ ചൂട് കനക്കുന്നു; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ വേണമെന്ന് യാത്രക്കാർ
● ചൂട് തുടക്കം തന്നെ അസഹ്യമായതിനാൽ ബസ് കാത്തിരിക്കുന്നവർക്ക് ദുരിതമാവുന്നു.
● സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
● ഡിസംബർ പകുതി പിന്നിട്ടിട്ടും തുടർ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മൊഗ്രാൽ: (KasargodVartha) വികസനത്തിൽ 'പരിസ്ഥിതി' ഒന്നും വിഷയമേയല്ല. മരം വെട്ടാം, പുഴ നികത്താം, കണ്ടൽക്കാടുകളെ നശിപ്പിക്കാം എല്ലാം വികസനത്തിന് വേണ്ടി. വെട്ടി മാറ്റിയ തണൽ മരങ്ങളുടെ അഭാവം മൂലം ദേശീയപാതയിൽ ബസ് കാത്തിരിപ്പ് ഇപ്പോൾ കഠിനം തന്നെ. മഴക്കാലം മാറി നിന്നതോടെ തുടക്കത്തിൽ തന്നെ വെയിലിന് നല്ല കാഠിന്യവുമുണ്ട്. ചൂട് തുടക്കം തന്നെ അസഹ്യമായതിനാൽ ബസ് കാത്തിരിക്കുന്നവർക്ക് ദുരിതമാവുന്നു. സ്ത്രീകളും, കുട്ടികളും, വിദ്യാർത്ഥികളുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
ദേശീയപാതയിലെ ആറുവരിപ്പാത നിർമാണം 80 ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുമ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യുദ്ധ കാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞമാസം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ ദേശീയപാത നിർമ്മാണ കമ്പനിയുടെ കുമ്പളയിലെ യുഎൽസിസി ഓഫീസ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിൽ ഈ മാസം തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നതുമാണ്. എന്നാൽ ഡിസംബർ പകുതി പിന്നിട്ടിട്ടും തുടർ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനിടെ കുമ്പള യുഎൽസി ഓഫീസിന് മുൻവശം മാത്രം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കാനും സ്ഥലമുള്ളിടത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ ആവശ്യം.
#RoadDevelopment, #BusWaitingCenters, #EnvironmentalConcerns, #PassengerDemand, #Mogral, #Kerala