Budget Allocation | ബജറ്റ്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി രൂപ
● വയനാട്ടിലെ പുനരധിവാസത്തിനായി 750 കോടി രൂപയുടെ പദ്ധതി.
● ക്ഷേമപദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഊന്നൽ.
● സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: (KasargodVartha) എൻഡോസൾഫാൻ മേഖലയിൽ വിവിധ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ 17 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷവും ഇതേതുകയാണ് അനുവദിച്ചിരുന്നത്. ദുരന്തം വിതച്ച വയനാട്ടിലെ പുനരധിവാസത്തിന് 750 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു. ക്ഷേമപദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും ക്ഷേമപദ്ധതികളോ വികസന പ്രവർത്തനങ്ങളോ തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരാൽമല എന്നിവിടങ്ങളിൽ ഉണ്ടായ ദുരന്തം കേരളത്തെ ദുഃഖത്തിലാഴ്ത്തി. 200 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.
ഏകദേശം 1202 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുനരധിവാസത്തിന് ഏകദേശം 2221 കോടി രൂപ ചെലവ് വരുമെന്ന് വിദഗ്ധർ വിലയിരുത്തി. കേന്ദ്ര ബജറ്റിൽ ഈ ദുരന്തത്തിന് സഹായം അനുവദിച്ചിട്ടില്ല. പുനരധിവാസ പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ബയോ-എഥനോൾ ഉത്പാദനത്തിനുള്ള ഗവേഷണത്തിന് 10 കോടി രൂപയും, പഴയ സർക്കാർ വാഹനങ്ങൾ മാറ്റുന്നതിന് 100 കോടി രൂപയും, വന്യമൃഗങ്ങളുടെ ആക്രമണത്തെ നേരിടാൻ പ്രത്യേക പാക്കേജിനായി 50 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. 2025 അവസാനത്തോടെ ദേശീയപാതയുടെ വികസനം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഒഴിഞ്ഞ വീടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കെ-ഹോംസ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കോട്ടയം, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് ഘട്ടമായി പദ്ധതി നടപ്പാക്കും. വിജയത്തെ അടിസ്ഥാനമാക്കി ഇത് സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കും. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പ്രവർത്തനം ഈ വർഷം ആരംഭിക്കും.
സർവീസ് പെൻഷൻ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഈ മാസം നൽകും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡുക്കളും ഈ സാമ്പത്തിക വർഷത്തിനുള്ളിൽ നൽകി പ്രൊവിഡന്റ് ഫണ്ടിൽ (പിഎഫ്) ലയിപ്പിക്കും. ക്ഷാമബത്തയുടെ (ഡിഎ) കുടിശ്ശികയുടെ രണ്ട് ഗഡുക്കളും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Kerala Budget 2024 allocates Rs 17 crore for various projects in the Endosulfan affected region. Rs 750 crore has been allocated for the rehabilitation of Wayanad, which was hit by a major disaster. The budget focuses on welfare and development. Other allocations include funds for bio-ethanol research, replacing old government vehicles, and addressing wildlife attacks.
#KeralaBudget #Endosulfan #Wayanad #DisasterRelief #KNBalagopal #Kerala