Delay | ‘അടച്ചിടാൻ എളുപ്പം, തുറക്കാനാണ് പാട്’: കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനർനിർമാണം വൈകുന്നു
● കഴിഞ്ഞ വർഷം ഡിസംബർ മാസമായിരുന്നു പാലം ജില്ലാ കലക്ടർ അടച്ചിടാൻ ഉത്തരവിറക്കിയത്.
● 1972ൽ സ്ഥാപിച്ച ഈ പാലത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്.
കുമ്പള: (KasargodVartha) ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ച് ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടിയില്ല. കഴിഞ്ഞ വർഷം ഡിസംബർ മാസമായിരുന്നു അപകടാവസ്ഥയിലായ ഈ പാലം ജില്ലാ കലക്ടർ കെ ഇമ്പശേഖർ അടച്ചിടാൻ ഉത്തരവിറക്കിയത്.
നാട്ടുകാർ നേരത്തെ തന്നെ പാലത്തിന്റെ ദുരിതാവസ്ഥയും, കാലപ്പഴക്കവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നടപടികളില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും, കർമ്മസമിതിയും രൂപീകരിച്ച് കളക്ടറേറ്റ് പടിക്കൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ചു. എകെഎം അഷ്റഫ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു.
മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും നാട്ടുകാർ നിരന്തരമായി നിവേദനവും നൽകി. ഗതാഗത-ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ചിട്ടും പാലത്തിന്റെ പുനർനിർമാണത്തിന് പുരോഗതി ഉണ്ടായില്ല. നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നതുപോലെ ‘അടച്ചിടാൻ എളുപ്പമാണ് തുറക്കാനാണ് പാട്’ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ചതിനാൽ ഇരുമ്പ് കമ്പികളും മറ്റും പുറത്തുകാണുന്ന അവസ്ഥയായിരുന്നു. കൈവരികൾ ഇല്ലാത്തതും വലിയൊരു പ്രശ്നമായിരുന്നു. നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഈ പാലം ദിനംപ്രതി ഉപയോഗിച്ചിരുന്നു. അപകടാവസ്ഥ മനസ്സിലാക്കിയാണ് കഴിഞ്ഞ വർഷം പാലം അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം (2005) പ്രകാരമാണ് ഗതാഗതം നിരോധിച്ച് കലക്ടർ ഉത്തരവ് ഇറക്കിയത്.
1972ൽ സ്ഥാപിച്ച ഈ പാലത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. പ്രദേശങ്ങളിലെ ഗതാഗത സൗകര്യത്തിന് പുറമെ വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും, കർഷകർക്ക് കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാനും ഉള്ള ആവശ്യത്തിനുമായിരുന്നു വിസിബി സംവിധാനത്തോട് കൂടി പാലം നിർമ്മിച്ചത്.
നേരത്തെ ഇതിലൂടെ ബസ് സർവീസും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പാലം അപകടാവസ്ഥയിലായപ്പോൾ ബസ് സർവീസ് നിർത്തുകയായിരുന്നുവത്രേ. അതേസമയം പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ നിരോധനം മറികടന്ന് ഇപ്പോൾ ഓടി തുടങ്ങിയിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തി അധികൃതർ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റിയാണ് ഇരുചക്രവാഹനങ്ങൾ ഓടുന്നത്. പാലം സന്ധ്യയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും ആക്ഷേപമുണ്ട്.
പാലം അടച്ചിടുമ്പോൾ തന്നെ പകരം സംവിധാനം എന്തെന്ന് നാട്ടുകാർ അന്നേ ചോദിച്ചിരുന്നതാണ്. താഴെ കൊടിയമ്മ, കുണ്ടാപ്പ്, ചൂരിത്തടുക്ക, മളി, പറുവത്തടുക്ക, ചത്രപള്ളം, ആരിക്കാടി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കുമ്പള ടൗണിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗ്ഗമായിരുന്നു കഞ്ചിക്കട്ട-കൊടിയമ്മ പാലം. ഇനിയും പാലത്തിന്റെ പുനർനിർമ്മാണം നീളുന്ന പക്ഷം വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ, രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി എന്നിവർ.
#BridgeRepair #KeralaNews #LocalProtest #Kanchikatta #KodiyammaBridge #Infrastructure