city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരാതികള്‍ക്കിടയില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിയണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 02.06.2018) പരാതികള്‍ക്കിടയില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിയണമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജീവനക്കാരെക്കുറിച്ച് മോശം അഭിപ്രായം വന്നാല്‍ അത് സര്‍ക്കാരിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും അത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേളൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരെന്നു പറഞ്ഞാല്‍ ജനങ്ങള്‍ വിലയിരുത്തുന്നത് വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെക്കൂടി അടിസ്ഥാനമാക്കിയാണ്. മനുഷ്യത്വത്തോടെ പെരുമാറുവാന്‍ ഇത്തരം ഓഫീസുകളിലെ ജീവനക്കാര്‍ക്ക് കഴിയണം. ജനസൗഹൃദ ഓഫീസുകളായി വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം. വിവിധ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലെത്തുന്നവരോട് സൗഹൃദപരമായ സമീപനമാകണം സ്വീകരിക്കേണ്ടത്. ഓഫീസുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് പ്രവര്‍ത്തനത്തിലും മികവുണ്ടാകും.


പരാതികള്‍ക്കിടയില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിയണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അധികാരമേറ്റ് താന്‍ ആദ്യം ചെയ്തത് സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. മൂന്നു മേഖലകളായി തിരിച്ചുനടത്തിയ യോഗത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ തങ്ങള്‍  പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ അവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. ചില ഓഫീസുകള്‍ പഴക്കംമൂലം ഇടിഞ്ഞുവീഴാറായ അവസ്ഥയിലായിരുന്നു. ചിലയിടത്ത് ജീവനക്കാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല, ശുചിമുറികളില്ല. ഇവയ്ക്കെല്ലാം ഒന്നര വര്‍ഷത്തിനിടെ പരിഹാരം കാണുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ഓരോ ജില്ലയ്ക്കും വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിനും മറ്റുമായി കുറഞ്ഞത് മൂന്നുകോടി രൂപവീതം നല്‍കി. കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ മോശം അവസ്ഥയിലുള്ള ഓഫീസ് കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സൗകര്യങ്ങളോടെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. മികച്ച സൗകര്യങ്ങളുള്ള ഓഫീസുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും ജീവനക്കാര്‍ക്കും കാര്യക്ഷമമായി ജോലി ചെയ്യാനാകും. ജനങ്ങളോട് സൗഹൃദമായി പെരുമാറി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയും. ജനസൗഹൃദ ഓഫീസുകളായി മാറും. 24 തരം സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ജനങ്ങള്‍ വരും. അതിന്റേതായ തിരക്കുകളുമുണ്ടാകും- മന്ത്രി പറഞ്ഞു.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ.പത്മാവതി,  കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ദാമോദരന്‍, ടി.ബാബു,  കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അമ്പാടി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ എം.പി കുഞ്ഞിക്കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം:എന്‍.ദേവീദാസ് സ്വാഗതവും കാഞ്ഞങ്ങാട് ആര്‍ഡിഒ: സി.ബിജു നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, news, Minister, E.Chandrashekharan-MLA, complaint, Village Office, E Chandrashekharan MLA on village offices 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia