Humanity | ഡോ. ഹകീം അസ്ഹരിയുടെ മാനവ സഞ്ചാരം: കാഞ്ഞങ്ങാട് നിന്നും ആരംഭിക്കും
● ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന 'മാനവ സഞ്ചാരം' നവംബർ 16ന് കാഞ്ഞങ്ങാട്ട് ആരംഭിക്കും.
● 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയം.
● നിരവധി പ്രമുഖർ പങ്കെടുക്കുന്ന മാനവ സംഗമവും നടക്കും.
കാഞ്ഞങ്ങാട്: (KasargodVartha) എസ്‌വൈഎസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംസ്ഥാന ജനസെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നടക്കുന്ന മാനവ സഞ്ചാരം നവംബർ 16ന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് നിന്നും ആരംഭിക്കും. 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ഈ സഞ്ചാരം മതം, സമൂഹം, സംസ്കാരം, രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിപുലമായി ആഘോഷിക്കും.
സാമൂഹിക സൗഹൃദം പ്രോത്സാഹിപ്പിക്കുകയും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാനവ സഞ്ചാരം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദിന്റെ പരിസരത്തു നിന്നും ആരംഭിക്കുന്ന ഈ ബഹുജന കൂട്ട നടത്തത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾക്ക് പങ്കെടുക്കാം. തുടർന്ന് വൈകിട്ട് 5 മണിക്ക് തെക്കേപുറത്ത് നടക്കുന്ന മാനവ സംഗമത്തിൽ പ്രമുഖർ പ്രസംഗിക്കും.
മാനവ സഞ്ചാരത്തിന്റെ ഭാഗമായി 16ന് രാവിലെ 6 മണിക്ക് ഒമ്പത് സോണുകളിൽ സൗഹൃദ നടത്തം സംഘടിപ്പിച്ചിട്ടുണ്ട്. എസ് വൈ എസ് സംസ്ഥാന നേതാക്കൾ ഇതിന് നേതൃത്വം നൽകും. രാവിലെ 9.30ന് കാസർകോട് ചന്ദ്രഗിരി ജംക്ഷന് സമീപത്തുള്ള സിഗ്നേചർ മെട്രോ ഹോട്ടലിൽ യുവജന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയും 11 മണിക്ക് പ്രൊഫഷണൽ മേഖലയിലുള്ളവരുടെ സംവാദവും നടക്കും. 12.30ന് കസർകോട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായുള്ള ഒരു സംഗമവും ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണലിൽ പ്രാസ്ഥാനിക സംഗമവും നടക്കും. 3.30ന് നടക്കുന്ന സൗഹൃദ ചായയിൽ പ്രമുഖർ പങ്കാളികളാകും. 4 മണിക്കാണ് മാനവ സഞ്ചാരം തുടങ്ങുന്നത്. മാനവ സംഗമത്തിൽ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. എസ് വൈ എസിന്റെ മുഴുവൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും മാനവ സഞ്ചാരത്തിനായി ജില്ലയിൽ എത്തിച്ചേരും.
മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമസ്ത സെന്റിനറി ഹാളിൽ നടന്ന ചേംബർ സംഗമം എസ് എസ് എഫ് ദേശീയ ജന സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി. ജന സെക്രട്ടറി അബ്ദുൽ കരീം ദർബാർകട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അബൂബക്കർ കാമിൽ സഖാഫി, സിദ്ധീഖ് സഖാഫി ബായാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മാനവ സഞ്ചാരം വിജയകരമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ പങ്കാളിത്തത്തോടെ ഈ പരിപാടി വൻ വിജയമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.