Achievement | ഡോ. ബി നാരായണ നായിക്കിന് ഐഎംഎ സംസ്ഥാന അവാർഡ്
● കാസർകോട്ടെ ആരോഗ്യ രംഗത്തെ സേവനങ്ങൾക്ക് അംഗീകാരം
● നവംബർ ഒമ്പതിന് തൃശൂരിൽ വച്ച് അവാർഡ് സമ്മാനിക്കും
● നൂറിലധികം ബിഎൽഎസ് ക്ലാസുകൾ സംഘടിപ്പിച്ചു
കാസർകോട്: (KasargodVartha) ഐഎംഎ കാസർകോട് ജില്ലാ കോഓർഡിനേറ്റർ ഡോ. ബി നാരായണ നായികിന് ഐഎംഎ കേരള സംസ്ഥാന ഘടകത്തിന്റെ 2023-24 വർഷത്തെ മികച്ച നേതൃത്വ പുരസ്‌കാരം (IMA State Outstanding Leadership Award 2023-24) ലഭിച്ചു. കാസർകോട്ടെ മെഡിക്കൽ രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നതിനുള്ള അംഗീകരമായാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
നവംബർ ഒമ്പതിന് തൃശൂരിൽ വെച്ച് നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. എൻമകജെ പഞ്ചായത്തിലെ എൽക്കാന ബാലെഗുളി സ്വദേശിയായ ഡോ. നാരായണ നായിക്ക് 1993ൽ സർക്കാർ ആരോഗ്യ വകുപ്പിൽ ചേർന്നു. കാസർകോട്ടെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 2008ൽ കാസർകോട് സർക്കാർ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം തലവനായി.
2022 ഡിസംബർ 31ന് സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ് ആയി സർവീസിൽ നിന്ന് വിരമിച്ചു.
വിരമിച്ചിട്ടും സജീവമായി പ്രവർത്തിക്കുന്ന ഡോ. നാരായണ നായിക്ക് കാസർകോട്ടെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ നാട്ടുകാരുടെ സ്നേഹം നേടിയ വ്യക്തിയാണ്. ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളിൽ ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹം നിലവിൽ മെഡിക്കൽ രംഗത്തെ നിരവധി പരിപാടികളുടെ സാരഥിയാണ്.
നൂറിലധികം ബിഎൽഎസ് ക്ലാസുകൾ സംഘടിപ്പിച്ച് നിരവധി ആളുകളെ ബിഎൽഎസ് പരിശീലിപ്പിച്ചു. ഐഎംഎ കാസർകോട് ജില്ലാ കൺവീനർ, റോട്ടറി ക്ലബ് കാസർകോട് പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
#IMAaward #Keralahealth #pediatrician #DrNarayanaNaik #Kasaragodnews #medicalachievement