Road Construction | സർവീസ് റോഡിലെ അശാസ്ത്രീയ നിർമ്മാണം: പരാതികളുടെ കെട്ടഴിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേശീയവേദി സംഘം
● സർവീസ് റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിൽ അപകടങ്ങൾ കൂടുതൽ.
● ദേശീയവേദി, യുവർഎൽസിസി ഉദ്യോഗസ്ഥർക്ക് പരാതി സമർപ്പിച്ചു.
● കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ ആവശ്യപ്പെട്ടു.
കുമ്പള: (KasargodVartha) ദേശീയപാതയിലെ സർവീസ് റോഡ് നിർമാണത്തിലെ ഗുരുതരമായ അശാസ്ത്രീയത മൂലം നിരവധി വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചതിൽ ജനം രോഷാകുലരായി. ഈ സാഹചര്യത്തിൽ, മൊഗ്രാൽ ദേശീയ വേദിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ യുഎൽസിസി (Uralungal Labour Contract Co-operative Society Ltd.) ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകി. നിർമാണ രീതിയിലെ അശാസ്ത്രീയതയും, പോരായ്മകളും ചൂണ്ടിക്കാട്ടി വിശദമായ നിവേദനവും നൽകി.
മൊഗ്രാൽ-കുമ്പള ദേശീയപാത സർവീസ് റോഡിൽ ഈ വർഷം മാത്രം മൂന്ന് പേർ ഓവുചാലിന്റെ സ്ലാബിൽ തട്ടി വീണ് മരിച്ചതായി ദേശീയവേദി ഭാരവാഹികൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടി. സർവീസ് റോഡിന്റെ അപര്യാപ്തമായ നിർമാണം മൂലം വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ല.
റോഡിൽ നിലവിൽ ഒരു വലിയ വാഹനത്തിന് മാത്രമേ പോകാൻ കഴിയുന്നുള്ളൂ. വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ പതിവായി സംഭവിക്കുന്നത്. മരണപ്പെട്ടവർ കുടുംബത്തിലെ ഏക അത്താണിയാണെന്നിരിക്കെ കുടുംബത്തിന് നിർമ്മാണ കമ്പനി മാനുഷിക പരിഗണന വെച്ച് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്നും ദേശീയവേദി നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ട ദിനേശ് ചന്ദ്രയുടെ അനുജൻ സുരേഷ് ചന്ദ്രനും ദേശീയവേദി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഓവുചാലിന്റെ സ്ലാബും, റോഡും തമ്മിലുള്ള അന്തരം പരിഹരിക്കുക, നിർമാണം പൂർത്തിയാക്കിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ബാരിക്കേഡുകൾ നീക്കം ചെയ്യുക, മതിലിനോട് ചേർന്ന് കിടക്കുന്ന കുഴികൾ മൂടാൻ നടപടി സ്വീകരിക്കുക, നടപ്പാത നിർമിക്കുന്ന സ്ഥലത്തെ ടെലിഫോൺ അധികൃതരുടെ കുഴിയെടുപ്പ് കൃത്യമായി മൂടാൻ ഇടപെടൽ നടത്തുക, ബസ്സുകൾ അടിപ്പാതയ്ക്ക് സമാനമായി നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാൽ ബസ്റ്റോപ്പുകളിൽ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യുഎൽസിസി ഉദ്യോഗസ്ഥരെ ദേശീയവേദി സംഘം നിവേദനത്തിലൂടെ ധരിപ്പിച്ചിട്ടുണ്ട്.
യുഎൽസിസി കുമ്പള റീച് ഡയറക്ടർ അജിത്, എല്ലാ വിഷയങ്ങളും പരിശോധിച്ച് ഘട്ടം, ഘട്ടമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
നിവേദക സംഘത്തിൽ പ്രസിഡണ്ട് ടി.കെ അൻവർ, സെക്രട്ടറി എം.എ മൂസ, ഹമീദ് കാവിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എം റഹ് മാൻ, ടികെ ജാഫർ, കെപി മുഹമ്മദ് സ്മാർട്ട്, അഷ്റഫ് പെർവാഡ്, മുഹമ്മദ് അഷ്റഫ് സാഹിബ്, ഗൾഫ് പ്രതിനിധി എൽ ടി മനാഫ്, സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ട ദിനേശ്ചന്ദ്രയുടെ അനുജൻ സുരേഷ് ചന്ദ്രൻ, കുടുംബാംഗം വേണുഗോപാൽ ഉദുമ എന്നിവർ സംബന്ധിച്ചു.
#RoadSafety #ServiceRoadIssues #KeralaAccidents #NationalHighway #UralungalSociety #PublicGrievances