city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതുകൊണ്ടൊക്കെ, ചന്ദ്രേട്ടന് എന്ത് പറ്റാന്‍?; റവന്യൂ മന്ത്രിയുടെ ഓണം കേറാമൂല പരാമര്‍ശത്തെ വിമര്‍ശിച്ച ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന് മറുപടിയുമായി സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി സുരേഷ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട്: (www.kasargodvartha.com 11.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജ് വിവാദവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നടത്തിയ ഓണം കേറാമൂല പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി സുരേഷ് ബാബുവിന്റെ പോസ്റ്റ്. ഇതുകൊണ്ടൊക്കെ, ചന്ദ്രേട്ടന് എന്ത് പറ്റാന്‍? എന്ന ചോദ്യമുയര്‍ത്തിയാണ് സുരേഷ് ബാബു എ അബ്ദുര്‍ റഹ് മാന്റെ വാദങ്ങളെ തള്ളികളയുന്നത്.

അഡ്വ. വി. സുരേഷ് ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതുകൊണ്ടൊക്കെ, ചന്ദ്രേട്ടന് എന്ത് പറ്റാന്‍?
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകജനതയെന്നത് പോലെ കേരളീയരും അസാധാരണമായ അനുഭവത്തിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. കോ വിഡ് 19 എല്ലാ ജനസമൂഹങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയിട്ടുണ്ട്. വികസനത്തിന്റെ ഉന്നതമാതൃകകളെന്ന് വാഴ്ത്തപ്പെടുന്ന അമേരിക്കയും യൂറോപ്പും കോവിഡിനോട് നടത്തുന്ന മല്‍പ്പിടുത്തം കൗതുകത്തോടെയും ഭയത്തോടെയുമാണ് ലോകം നോക്കി കാണുന്നത്. അതിനിടയിലാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിന്റെ അനുഭവം വേറിട്ട ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും നിമിത്തമാകുന്നത്.

കേരളാ മോഡല്‍ വികസനത്തിന്റെ സുസ്ഥിരതയും അത് മുന്നോട്ട് വെക്കുന്ന മനുഷ്യാഭിമുഖ്യവും ആണ് ലോകം കോവിഡിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രോഗികള്‍ക്ക് മികച്ച സൗജന്യ ചികിത്സ നല്കുന്നതിനോടൊപ്പം, രോഗ വ്യാപനം തടയാനും, ലോക് ഡൗണില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തികരമായി നിര്‍വ്വഹിക്കാനും, കേരള സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലപ്പോള്‍ ആര്‍ക്കെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അതിനെ അഭിനന്ദിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അനിവാര്യമായും ചെയ്തിരിക്കേണ്ടത് ചെയ്തു എന്ന് അതിനെ മിതമായി വിലയിരുത്താനും അത്തരക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.എന്നാല്‍ ഈ ദുരന്ത നേരത്തും വലിയ രാഷ്ട്രീയ പ്രചരണങ്ങളുമായി ഡഉഎ നേതൃത്വം രംഗത്ത് വന്നിരിക്കുന്നു. ഇക്കാര്യത്തില്‍ അവരുടെ വിവിധ തലത്തിലുള്ള നേതാക്കളും രംഗത്തുണ്ട്.
ഇതുകൊണ്ടൊക്കെ, ചന്ദ്രേട്ടന് എന്ത് പറ്റാന്‍?; റവന്യൂ മന്ത്രിയുടെ ഓണം കേറാമൂല പരാമര്‍ശത്തെ വിമര്‍ശിച്ച ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന് മറുപടിയുമായി സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി സുരേഷ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട്ടിരുന്ന് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ ചോദിക്കുന്നത് 'നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി....'എന്നാണ്. മാതൃഭൂമി  ചാനലില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനെ പറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞതിനെപറ്റിയാണ് ലീഗ് നേതാവിന്റെ ആക്ഷേപം. സോഷ്യല്‍ മീഡിയ ലേഖനത്തിന്റെ ചുരുക്കമിതാണ്;ഡഉഎ സര്‍ക്കാരിന്റെ ദാനമാണ് കോളേജ്, ഉചിതമായ സ്ഥലത്താണ് കോളേജിരിക്കുന്നത്, ഇടത് സര്‍ക്കാര്‍ കോളേജിന് വേണ്ടി നയാപൈസ വകയിരുത്തിയിട്ടില്ല, ജില്ലക്കും കോളേജിനും മന്ത്രിയുടെ ഒരു സംഭാവനയുമില്ല.

എല്ലാ കാര്യങ്ങളും വിസ്തരിക്കാന്‍ ഇവിടെ നിര്‍വ്വാഹമില്ല. എന്നാല്‍ എന്താണ് കോളേജിന്റെ കാര്യത്തില്‍ നടന്നത്? യു ഡി എഫിന്റെ സംഭവന യെന്താണതില്‍? 2012 ല്‍ പ്രഖ്യാപിച്ച്, 2013 നവ30 നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ടത്. 2016 മെയ് വരെ ആ സര്‍ക്കാര്‍ കേരളം ഭരിച്ചു. നടന്ന കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിക്കാം.

1) 2014-15 ല്‍ 30കോടി രൂപയുടെ അക്കാദമിക് ബ്ലോക്കിന് ഭരണാനുമതി യു ഡി എഫ് സര്‍ക്കാര്‍ നല്‍കി. പണം അനുവദിച്ചില്ല. 2020 ജനുവരിയില്‍ എല്‍ ഡി എഫ്  സര്‍ക്കാര്‍ പണി പൂര്‍ത്തിയാക്കി.

2) ഹോസ്പിറ്റല്‍ ബ്ലോക്കിനായി നബാര്‍ഡ് ഫണ്ടില്‍ നിന്നും 2015-16 ല്‍ 58 കോടിക്ക് അനുമതിയായി. എന്നാല്‍ യു ഡി എഫ് കാലത്ത് ഒന്നും നടന്നില്ല. 2017-18 ല്‍ 98 കോടി ക്ക് പുതുക്കിയ ഭരണാനുമതി നേടുകയും പണി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു.

3) കോളേജിലേക്കുള്ള ആഭ്യന്തര റോഡിനായി 2013-14 ല്‍ പി ഡബ്ല്യു ഡി ഒരു കോടിയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

4) 2019-20 ല്‍ 29.8 കോടിയുടെ റസിഡന്‍ഷ്യല്‍ കോംപ്ലക്സിനായുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.

5) കുടിവെള്ളത്തിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ 6.7 കോടി രൂപയുടെ അണകെട്ട് അടുക്ക സ്ഥലയില്‍ പൂര്‍ത്തിയാക്കി. 2019-20 ല്‍ പൈപ്പ് ലൈന്‍ നീട്ടാനും മറ്റുമായി കോടി രൂപ അനുവദിച്ചു.

6)യാത്രാസൗകര്യത്തിനായി 2016-17ല്‍ ഉക്കിനടുക്ക- ഏല്‍ക്കാനറോഡ് 9.10 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കി. 2019-20 ല്‍ പുത്തിഗെ - പജ്ജാനം റോഡിന് 10.91 കോടിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.

ഇപ്രകാരം ഏതാണ്ട് 195.2 കോടി രൂപയുടെ പണിയാണ് രണ്ട് സര്‍ക്കാരുകള്‍ ചെയ്തത്. 2016 മെയ്യില്‍ യു ഡി എഫ് പുറത്ത് പോകും മുമ്പ് ചെയ്തത് ഒരു കോടിയുടെ റോഡും, ഒരു തറക്കല്ലിടലും, ഒരു പ്രവര്‍ത്തി ഉദ്ഘാടനവും ഏതാനും പ്രവര്‍ത്തികളുടെ ഭരണാനുമതിയും മാത്രമാണ്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം കോളേജ് പ്രവര്‍ത്തനം ആരംഭിച്ച ഈ ഘട്ടത്തില്‍ യു ഡി എഫിന്റെ മന: ക്ലേശം മനസിലാക്കാന്‍.

ഉക്കിനടുക്ക ഓണം കേറാമൂലയെന്ന് മന്ത്രി പറഞ്ഞതിലാണ് ലീഗ് നേതാവ് വല്ലാതെ ബേജാറാവുന്നത്. മെഡിക്കല്‍ കോളേജ് പോലൊരു സ്ഥാപനം (അതും ആദ്യത്തേത്) ഉണ്ടാക്കുമ്പോള്‍ സ്ഥലം തെരഞ്ഞെടുക്കേണ്ടതിന്റെ മാനദണ്ഡം എന്തായിരിക്കണം? അതിവിടെ പാലിച്ചിട്ടുണ്ടോ? കേരളത്തിലെവിടെയും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് റെയില്‍, റോഡ് സൗകര്യങ്ങളുള്ള പടിഞ്ഞാറന്‍ മേഖലയിലാണ്. ജില്ലയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്നത് പടിഞ്ഞാറന്‍ തീരദേശ മേഖലയിലാണ്. തൃക്കരിപ്പൂര്‍ മുതല്‍ തലപ്പാടി വരെ നീണ്ട് കിടക്കുന്ന 95 കി.മീ വരുന്ന പടിഞ്ഞാറന്‍ തീരമുള്ള ജില്ലയാണിത്. ഉക്കിനടുയോട് ചേര്‍ന്നിരിക്കുന്ന രണ്ടോ മൂന്നോ കിഴക്കന്‍ പഞ്ചായത്തുകളിലെ ജനങ്ങളൊഴിച്ചാല്‍ ബാക്കിയുള്ള കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കും ദേശീയ പാതയോട് ചേര്‍ന്ന സ്ഥലമാണ് സൗകര്യപ്രദമെന്നിരിക്കേ, എന്ത് കൊണ്ട് ഉക്കിനടുക്ക എന്നത് പ്രസക്തമായ ചോദ്യമായിരുന്നു. അതും എന്‍ എച്ചിനോട് ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥലം ലഭ്യമായ സാഹചര്യത്തില്‍. ഇതിന് രണ്ടുത്തരങ്ങളുണ്ട്. 1) ഭൂമാഫിയയുടെ താല്‍പര്യം '2) മംഗലാപുരത്തെ ആശുപത്രി മുതലാളിമാരുടെ ലോബ്ബിയിംഗ്.

2012 ല്‍ കോളേജ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉക്കിനടുക്കയില്‍ ഭൂമാഫിയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടി ലാഭമുണ്ടാക്കാന്‍ ഇത് പോലെ ഉചിതമായ സൈറ്റുകള്‍ വേറെയില്ല. കാസര്‍കോട് നഗരത്തില്‍ നിന്ന് വളവും തിരിവും കയറ്റിറക്കങ്ങളും കയറി ഉക്കിനടുക്കയിലെത്തുന്നതിന് മുമ്പ് രോഗികള്‍ക്ക് മംഗലാപുരത്ത് എത്തിച്ചേരാം . അങ്ങനെ മംഗലാപുരത്തെ മുതലാളിമാരും ഹാപ്പി! വല്ലാത്ത ദീര്‍ഘദര്‍ശനം! ഒരു പക്ഷേ ഇക്കാരണങ്ങള്‍ കൊണ്ട് തുടര്‍ന്ന് വന്ന ഘഉഎ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചേക്കാം എന്ന പ്രതീക്ഷയും ചിലര്‍ക്കുണ്ടായിരുന്നു. ആ ചൂണ്ടയില്‍ സര്‍ക്കാര്‍ കൊത്തിയില്ല'.അതിന്റെ നിരാശയും കോളേജ് യാഥാര്‍ത്യമാവുമ്പോള്‍ പ്രകടിപ്പിക്കുന്നു. ഉക്കിനടുക്കയില്‍ നിന്നും 9 കി.മീ പിന്നിട്ടാല്‍ കര്‍ണാടകയിലെത്താം. കര്‍ണാടകയിലെ പാവപ്പെട്ട രോഗികള്‍ക്കെങ്കിലും കോളേജ് പ്രയോജനപ്പെടട്ടെ! കാസര്‍കോട് കാരെ  വഴിമുടക്കി കൊന്നതില്‍ ജനങ്ങള്‍ക്ക് പങ്കില്ലല്ലോ. അത് ചെയ്തത് അവിടത്തെ ബി ജെ പി സര്‍ക്കാരാണല്ലോ! പിന്തുണച്ച് സുപ്രീം കോടതി വരെ പോയത് കര്‍ണാടകയിലെ കോണ്‍ഗ്രസാണല്ലോ! മൗന പിന്തുണ നല്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുമുണ്ടല്ലോ! ആ കോണ്‍ഗ്രസ്സിനെയാണല്ലോ അബ്ദുര്‍ റഹ് മാന്റെ പാര്‍ട്ടി തുണക്കുന്നത്!

ലീഗ് നേതാവിന്റെ പോസ്റ്റില്‍ പറയുന്നത് 'നമ്മുടെ നിര്‍ഭാഗ്യത്തിന് ചന്ദ്രേട്ടന്‍ മന്ത്രിയായി ' എന്നും ' അതൊരു നിഷ്‌ക്രിയ ആസ്തിയാണെന്നും' ,'മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ മൂലക്കിരിക്കുന്നു' വെന്നുമാണ്. നിഷ്‌ക്രിയ ആസ്തിയെന്ന പ്രയോഗം കച്ചവടക്കാരന്റെ പ്രയോഗമാണ്. എല്ലാം കച്ചവടമായി കാണുന്ന ഒരാള്‍ക്ക് അങ്ങിനെ മാത്രമേ പറയാന്‍ പറ്റൂ. ആസ്തിയുള്ളവന്‍ നേതാവാകണമെന്ന് നിര്‍ബന്ധമുള്ളവരും നേതാവായാല്‍ ആസ്തിയുണ്ടാക്കണമെന്ന് നിര്‍ബന്ധമുള്ളവരും കൂടുതലായുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് കച്ചവട വ്യവഹാരത്തിന്റെ ഭാഷയിലല്ലാതെ മറ്റേത് ഭാഷയിലാണ് സംസാരിക്കാനാവുക. ഭാഷ സ്വയം പ്രകാശിപ്പിക്കുന്നത് ഇങ്ങിനെയാണ്. 'വ്യാപാരമേ ഹനനമാം വനവേടനുണ്ടോ / വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും' എന്ന് ആശാന്‍ പാടിയത് ഹിംസ വ്യാപാരമാക്കിയവരെ പറ്റിയാണ്. രാഷ്ട്രീയം വ്യാപാരമാക്കിയവരെ പറ്റിയും ഇത് തന്നെ പറയാമെന്നതാണ് ഈ വരികളുടെ സാര്‍വ്വലൗകികത. അതിനാലാണ് 'നമ്മുടെ നിര്‍ഭാഗ്യത്തിന് ' എന്ന് ഒരു രാഷ്ട്രീയ വ്യാപാരിക്ക് പറയേണ്ടി വരുന്നത്. കൂട്ടത്തില്‍ പറയട്ടെ രാഷ്ട്രീയവും, വ്യാപാരവും വ്യത്യസ്തങ്ങളും അതാതിന്റെ നൈതികത പാലിച്ചാല്‍ ശ്രേഷ്ഠങ്ങളുമായ മനുഷ്യ ധര്‍മ്മങ്ങളാണ്.ഇവിടെ ഒരു രാഷ്ട്രീയ വ്യാപാരി ചന്ദ്രശേഖരന്റെ മന്ത്രി പദവി തന്റെ നിര്‍ഭാഗ്യമാണ് എന്ന് പറയുമ്പോള്‍ കാസര്‍കോട്ടെ ജനങ്ങള്‍ മനസ്സിലാക്കുന്നത് ഇത് തന്നെയാണ് തങ്ങളുടെ ഭാഗ്യമെന്നും ഇതാണ് തങ്ങള്‍ ചന്ദ്രശേഖരനില്‍ നിന്നും പ്രതീക്ഷിച്ച രാഷ്ട്ര ധര്‍മ്മമെന്നുമാണ്.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ കൂടെയിരിക്കുന്നതാണ്; മൂലയ്ക്കിരിക്കുന്നതല്ല. അത് കൂട്ടുത്തരവാദിത്തത്തിന്റെയും കൂട്ടായ നേതൃത്വത്തിന്റെയും സൂചനയാണ്. അവിടെ മുഖ്യമന്ത്രി സംസാരിച്ചാല്‍ മതിയാകും. മന്ത്രിമാര്‍ക്ക് എല്ലാവര്‍ക്കും സംസാരിക്കാനും ആശയങ്ങള്‍ പങ്കിടാനും വേദിയും സന്ദര്‍ഭവും വേറെയുണ്ട്. അത് സ്ഥലകാലബോധത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. അഖിലേന്ത്യാ പ്രസിഡണ്ടിനെ കേരള സംസ്ഥാന പ്രസിഡണ്ട് നിയമിക്കുകയും നിയന്ത്രിക്കകയും ചെയ്യുന്ന ഒരു പാര്‍ട്ടിയിലിരുന്നാല്‍ ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വളരെ പ്രയാസ്സമുണ്ടെന്ന് മാത്രം പറഞ്ഞ് നിര്‍ത്തുന്നു.


Keywords: Kasaragod, Kerala, News, CPI, Revenue Minister, Medical College, CPI leader Adv. V Suresh against A Abdul Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia