city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി ഐ ജില്ലാ സമ്മേളനം പതാക ജാഥകള്‍ ആരംഭിച്ചു ശനിയാഴ്ച്ച ചെങ്കൊടി ഉയരും

ചട്ടഞ്ചാല്‍/കയ്യൂര്‍ :(www.kasargodvartha.com 10/02/2018)ജന്മിത്വത്തിനും സാമ്രാജത്വത്തിനുമെതിരെ പോര്‍മുഖം തുറന്ന വിപ്ലവ സ്മൃതികള്‍ ഇരമ്പുന്ന മണ്ണാണ് പെരുമ്പള ഗ്രാമം. ഈ വിപ്ലവ മണ്ണില്‍ വീണ്ടുമെത്തുന്ന സിപിഐ ജില്ലാ സമ്മേളനത്തിനു ശനിയാഴ്ച്ച വൈകുന്നേരം ചെങ്കൊടി ഉയരും. മൂന്നു ദിവസങ്ങളിലായി ചട്ടഞ്ചാല്‍, പരവനടുക്കം എന്നിവിടങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ചട്ടഞ്ചാലും പരിസര പ്രദേശങ്ങളും ചുവപ്പില്‍ മുങ്ങി. പൊയിനാച്ചി മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ദേശീയപാതയോരങ്ങളിലും പൊതുസമ്മേളനം നടക്കുന്ന ചട്ടഞ്ചാല്‍ ടൗണിലെ ഇ കെ നായര്‍ നഗറിലും ചെങ്കൊടികളും തോരണങ്ങളും കൊണ്ടു അലങ്കരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി, കൊടിമര, ബാനര്‍ജാഥകള്‍ ശനിയാഴ്ച്ച വൈകിട്ട് പൊതുസമ്മേളനം നടക്കുന്ന ചട്ടഞ്ചാലില്‍ സംഗമിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി കൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുന്നത്. ഞായറാഴ്ച്ച വൈകീട്ട് ചട്ടഞ്ചാലില്‍ ഇ കെ മാസ്റ്റര്‍ നഗറില്‍ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് പൊയിനാച്ചിയില്‍ നിന്നും റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഇ കെ മാസ്റ്റര്‍ നഗറില്‍ എത്തുന്നതോടുകൂടിയാണ് പൊതുസമ്മേളനം ആരംഭിക്കുക.

സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. പൊതുസമ്മേളന നഗരിയില്‍ യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഗായക സംഘം അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും ഉണ്ടാകും.

സി പി ഐ ജില്ലാ സമ്മേളനം പതാക ജാഥകള്‍ ആരംഭിച്ചു  ശനിയാഴ്ച്ച ചെങ്കൊടി ഉയരും

12 ന് രാവിലെ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ അഡ്വ. കെ കെ കോടോത്ത് നഗറില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എന്‍ ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ എന്നീ നേതാക്കള്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ 6 മണ്ഡലങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ എക്സിക്യൂട്ടീവംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളും ഉള്‍പ്പെടെ 163 പേര്‍ പങ്കെടുക്കും.

പൊതുസമ്മേളന നഗരയില്‍ ഉയര്‍ത്താനുള്ള പതാക സാമ്രാജ്യത്ത്വത്തിനും ജന്മിത്വത്തിനും എതിരെ പോരാടിയ അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന കയ്യൂരിലെ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ തല മുതിര്‍ന്ന നേതാവ് പി എ നായര്‍ എ ഐ വൈ എഫിന്റെ ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പതാക അത്ലറ്റുകള്‍ റിലെയായി സമ്മേളനനഗരിയില്‍ എത്തിക്കുകയാണ്. പതാക ജാഥാ ഉദ്ഘാടന ചടങ്ങില്‍ കെ വി ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി എ നായര്‍, എം അസിനാര്‍, പി വിജയകുമാര്‍, എ അമ്പൂഞ്ഞി, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. സി വി വിജയരാജ് സ്വാഗതം പറഞ്ഞു. പതാക വൈകുന്നേരം സമ്മേളന നഗരിയില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഏറ്റുവാങ്ങും.

പ്രതിനിധി സമ്മേളന നഗരിയായ കെ കെ കോടോത്ത് നഗറിലേക്കുള്ള പതാക മഞ്ചേശ്വരത്ത് ഡോ. സുബ്ബറാവുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് തലമുതിര്‍ന്ന പാര്‍ട്ടി നേതാവ് ബി എം അനന്ത എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ഹരിദാസ് പെരുമ്പളയെ ഏല്‍പ്പിച്ചതോടെ രാവിലെ തുടക്കമായി. ഇത് അത്ലറ്റുകള്‍ റിലേയായി സമ്മേളന നഗരിയിലെത്തിക്കുകയാണ്. സമ്മേളന നഗരിയില്‍ വെച്ച് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി രാജന്‍ ഏറ്റുവാങ്ങും. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജയരാമ ബല്ലംകൂടല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എസ് രാമചന്ദ്ര സ്വാഗതം പറഞ്ഞു.

പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം കുറ്റിക്കോലിലെ പയന്തങ്ങാനം കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പാര്‍ട്ടി ജില്ലാ കൗണ്‍സിലംഗം പി ഗോപാലന്‍ മാസ്റ്റര്‍ അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണനെ ഏല്‍പ്പിക്കുന്ന കൊടിമരം പൊതുസമ്മേള നഗരിയില്‍ പാര്‍ട്ടി ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ ഏറ്റുവാങ്ങും.

ബാനര്‍ മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും മടിക്കൈയിലെ ആദ്യകാല പാര്‍ട്ടി നേതാവ് എം കുഞ്ഞിക്കണ്ണന്‍ ബി കെ എം യു ജില്ലാ സെക്രട്ടറി സി പി ബാബുവിനെ ഏല്‍പ്പിക്കും. പൊതുസമ്മേള നഗരിയില്‍ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസ് ഏറ്റുവാങ്ങും.

കൊടിമര ജാഥ പെരുമ്പള ഇ കൃഷ്ണന്‍ മാസ്റ്റര്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം ചാത്തുകുട്ടി നായര്‍ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണനെ ഏല്‍പ്പിക്കും. തുടര്‍ന്ന് കാല്‍നടയായി സമ്മേളന നഗരിയിലെത്തിക്കും. സമ്മേളന നഗരിയില്‍ ജില്ലാ എക്സിക്യൂട്ടീവംഗം എം അസിനാര്‍ ഏറ്റുവാങ്ങും.

ബാനര്‍ ഏളേരി പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പി അപ്പുഞ്ഞിനായര്‍ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവിയെ ഏല്‍പ്പിക്കും. സമ്മേളന നഗരിയില്‍ സ്വാഗതം സംഘം ട്രഷറര്‍ എം കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങും. മുഴുവന്‍ ജാഥകളും വൈകുന്നേരം നാല് മണിക്ക് 55 ാം മൈലില്‍ കേന്ദ്രീകരിച്ച് പ്രകടനമായി ചട്ടഞ്ചാല്‍ ടൗണിലുള്ള പൊതുസമ്മേളന നഗരിയായ ഇ കെ മാസ്റ്റര്‍ നഗറില്‍ എത്തിച്ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chattanchal, Kasaragod, CPI, District-conference, Inauguration, Flag, Banner, AIYF, Perumbala, AITUC, CPI District Conference; began  flag jathas

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia