Wasted Investment | കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൂട്ടുവീണ ഇ-ടോയ്ലറ്റ് സിനിമാ പരസ്യം പതിക്കാനോ?
● ദീർഘവീക്ഷണം ഇല്ലാതെയുള്ള പദ്ധതികൾ കട്ടപ്പുറത്താവുന്നത് സാധാരണയാണ്.
● സംസ്ഥാനത്ത് കൊട്ടിഘോഷിക്കപ്പെട്ട ഷീ ടോയ്‌ലറ്റ്, ഇ-ടോയ്‌ലറ്റ് പദ്ധതി കാസർകോട്ടും പാളി.
● സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ സ്ഥാപിച്ച 57 ഷീ ടോയ്ലറ്റുകൾക്കും പൂട്ടുവീണു കഴിഞ്ഞു.
കാസർകോട്: (KasargodVartha) ജില്ലയിലെ പദ്ധതികളും, പർച്ചേസുകളും പൊതുജനങ്ങൾക്ക് ഉപകരിക്കുന്നില്ലെന്ന് ആക്ഷേപം. പല വികസന പദ്ധതികളും കണ്ടാൽ ആരുടെയോ കീശ വീർപ്പിക്കാനുള്ളതാണെന്ന് മനസ്സിലാക്കിയാൽ അവരെ കുറ്റപ്പെടുത്താനാവുമോയെന്നാണ് പൊതുജനം ചോദിക്കുന്നത്. ദീർഘവീക്ഷണം ഇല്ലാതെയുള്ള പദ്ധതികൾ കട്ടപ്പുറത്താവുന്നത് സാധാരണയാണ്. നഷ്ടം പൊതുഖജനാവിന്. എന്തിന് തുടങ്ങിവെച്ചു എന്ന് ചോദിച്ചാൽ ഉത്തരവുമില്ല.
സംസ്ഥാനത്ത് കൊട്ടിഘോഷിക്കപ്പെട്ട ഷീ ടോയ്‌ലറ്റ്, ഇ-ടോയ്‌ലറ്റ് പദ്ധതി കാസർകോട്ടും പാളി. പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ സ്ഥാപിച്ച ഇ-ടോയ്ലറ്റ് ഉപയോഗശൂന്യമായി ഉപേക്ഷിച്ചതോടെ ഇപ്പോൾ സിനിമ പരസ്യത്തിന് ഉപയോഗിക്കുന്നു. ഇത് കാസർകോടിന്റെ മാത്രം കഥയല്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ സ്ഥാപിച്ച 57 ഷീ ടോയ്ലറ്റുകൾക്കും പൂട്ടുവീണു കഴിഞ്ഞു.
കൃത്യമായി ദീർഘവീക്ഷണമില്ലാതെ ഷീ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഇറങ്ങിയ വനിതാ വികസന കോർപ്പറേഷൻ ഇതുവഴി ഖജനാവിന്ന് പാഴാക്കിയത് 3.40 കോടി രൂപ. ഇത് ആരുടെ കയ്യിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കാസർകോട്ടെ ഇ-ടോയ്‌ലെറ്റ് നഗരസഭയുടെതാണ്. ഇവിടെയും പൂട്ട് വീണു മാസങ്ങളോളമായി.
അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാനത്ത് സ്ഥാപിച്ച ഓരോ ഷീ ടോയ്ലറ്റിന്റെയും ചിലവ്. ഇതിൽ രണ്ടെണ്ണം കാസർകോട് സ്ഥാപിച്ചവയാണ്. മാസങ്ങളുടെ ആയുസ് മാത്രമാണ് ഇതിന് ഉണ്ടായിരുന്നത്. സാങ്കേതിക വിദ്യ ആദ്യം തകരാറിലായി. നാണയമിട്ടാലും ഡോറുകൾ തുറന്നില്ല. പരാതി ഉയർന്നപ്പോൾ അധികൃതരും, സ്ഥാപിച്ചവരും തിരിഞ്ഞു നോക്കിയില്ല. സ്ഥാപിക്കാൻ മാത്രമേ കരാറുകാർക്ക് താല്പര്യം ഉണ്ടായിരുന്നുള്ളൂ.
അറ്റകുറ്റപ്പണികൾക്കുള്ള ചിലവ് താങ്ങാൻ പറ്റാത്തതിനാലാണ് പൂട്ട് വീണത്. ഷീ ടോയ്ലറ്റുകൾ സ്ഥാപിച്ചപ്പോൾ കരാറുകൾക്ക് അറ്റകുറ്റപ്പണികൾക്ക് കരാർ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. നിലവിലുള്ളവ പരിപാലിക്കുന്നതിനേക്കാൾ നല്ലത് പുതിയത് സ്ഥാപിക്കുന്നതായിരിക്കും നല്ലതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ പൂട്ട് അനിവാര്യമായി. സർക്കാരിൽ നിന്ന് ഉത്തരവുമെത്തി. ഫലമോ അഞ്ചുവർഷത്തിനകം എല്ലാം അവസാനിപ്പിച്ചു.
#Kasaragod #PublicInfrastructure #EToylet #SheToilet #GovernmentWastage #FailedProjects