Protest | 'ചെർക്കള ടൗൺ വീണ്ടും ഒന്നര മീറ്റർ കുഴിക്കാൻ നീക്കം', സമരം ശക്തമാക്കി ആക്ഷൻ കമ്മിറ്റി; ദേശീയപാത നിർമാണ ജോലികൾ നിർത്തിവെപ്പിച്ചു
* 'താഴ്ത്തി നിർമ്മിക്കുന്ന രണ്ടാമത് മേൽപാലം ഉയർത്തുക'
ചെർക്കള: (KasargodVartha) ദേശീയ പാത 66ൽ കേരളത്തിൽ എവിടെയും കാണാത്ത രീതിയിലാണ് ചെർക്കള ടൗണിൽ മേഖ എൻജിനീയറിങ് കമ്പനി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാരോപിച്ച് ചെർക്കള ദേശീയപാത ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി. ചെർക്കള ടൗൺ വീണ്ടും ഒന്നര മീറ്റർ താഴ്ത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ രോഷമാണ് പ്രകടിപ്പിക്കുന്നത്. ദേശീയ പാത അതോറിറ്റിയുടെ ഉറപ്പുകൾ ലംഘിച്ചുകൊണ്ട് നിർമാണ കമ്പനി ടൗണിന്റെ ഭൂനിരപ്പ് താഴ്ത്താൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
ജില്ലാ കലക്ടർക്കും ദേശീയപാത അതോറിറ്റിക്കും നൽകിയ കത്തിന്റെ മറുപടിയിൽ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്ന് കാട്ടി ആക്ഷൻ കമ്മിറ്റി നടത്തിയ സമര വിളംബര സംഗമത്തിൽ പ്രതിഷേധം അലയടിച്ചു. സമര സമിതിയുടെ നേതൃത്വത്തിൽ മേൽപാല നിർമാണ ജോലികൾ നിർത്തിവപ്പിച്ചു. സമരക്കാർ പാലത്തിന്റെ പില്ലറിൽ കയറിയിരുന്ന് പ്രതിഷേധിച്ചതോടെ നിർമ്മാണ ജോലികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
സമര സമിതിക്ക് ഡി പി ആറും മാസ്റ്റർ പ്ലാനും അനുവദിക്കുക, താഴ്ത്തി നിർമ്മിക്കുന്ന രണ്ടാമത് മേൽപാലം ഉയർത്തുക, സർവീസ് റോഡ് നിലവിലെ ഭൂനിരപ്പിന് ആനുപാതികമായി മാത്രം ചെയ്യുമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് പാലിക്കുക, ടൗൺ ഒരു കാരണവശാലും കുഴിക്കാൻ അനുവദിക്കില്ല, ഓവ് ചാൽ ശാസ്ത്രീയമാക്കുക, ദേശീയ പാത രണ്ടാം റീച്ച് തുടങ്ങുന്ന ഇടം മുതൽ ചട്ടൻചാൽ വരെ പുതീയ എസ്റ്റിമേറ്റ് തയ്യറാക്കുക, ഭൂപ്രകൃതിയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ആക്ഷൻ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.
കൂടാതെ, മൂന്നാമത് മേൽപാലം 500 മീറ്റർ നീട്ടി ടൗണിൽ നിന്നും ഉയർത്തി പണിയുക, മണ്ണ് മാന്തിയ കുന്നുകൾക്ക് ആർ സി സി വാൾ പണിത് യാത്രക്കാരെയും വീട്ടുകാരെയും സുരക്ഷിതരാക്കുക, കുണ്ടടുക്കയിൽ താറുമാറായ കൃഷി ഇടങ്ങളും പുര ഇടവും പൂർവ്വ സ്ഥിതിയിൽ ആക്കുക, ഭൂനിരപ്പിൽ നിന്നും താഴ്ത്താതെ യാത്രക്കാരെയും വ്യാപാരികളെയും കാൽനടക്കാരെയും സുരക്ഷിതരാക്കുക, വി കെ പാറയിൽ നിർമ്മാണ കമ്പനി തകർത്ത റോഡ് പുതുക്കി പണിയുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങളും സമരസമിതി ഉയർത്തുന്നു.
ഇത് സംബന്ധിച്ച പുതിയ കത്ത് ജില്ലാ കലക്ടർക്ക് നൽകുമെന്നും, ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള മുഴുവൻ സമര സമിതിയെയും ഒന്നിപ്പിച്ച് നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെയർമാൻ മൂസ ബി ചെർക്കള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബൽറാജ് ബേർക്ക അധ്യക്ഷത വഹിച്ചു. ഇഖ്‌ബാൽ ചേരൂർ, അബ്ദുൽ റഹ്മാൻ ധന്യവാദ്, ഷാഫി ഇറാനി, സുലൈഖ മാഹിൻ, അഡ്വക്കറ്റ് നാസർ കനിയടുക്കം, സി എച്ച് മുഹമ്മദ് കുഞ്ഞി ബേവിഞ്ച, ഇ മുഹമ്മദ് ഖാളി, ഷുക്കൂർ ചെർക്കളം, സി കെ എം മുനീർ എന്നിവർ സംസാരിച്ചു.
സലീം മൗലവി ബേർക്ക, നാസർ ധന്യവാദ്, ഹാഷിം ബമ്പ്രാണി, ഹനീഫ ചെർക്കള, ജുനൈദ് ചെർക്കള, പൈച്ചു ചെർക്കള, കന്തൽ മുഹമ്മദ് ദാരിമി, അബൂബക്കർ ചേരൂർ, അസീസ് കോലാച്ചിയടുക്കം, അസീസ് മിൽമ, മൻസൂർ താലോലം, റഫീഖ് സി, ഷാഫി ബേർക്ക, അംജിത് മാഹിൻ തുടങ്ങിയവർ പങ്കെടുത്തു.നാസർ ചെർക്കളം സ്വാഗതവും സി എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര നന്ദിയും പറഞ്ഞു.