Achievement | ബിഎസ്‌സിയിലും എംഎസ്‌സിയിലും ഒന്നാം റാങ്ക് നേടിയ താജുദ്ദീൻ കാരാട്ടിന് ഡോക്ടറേറ്റ് നേട്ടവും; നാടിന് അഭിമാനം
● നേട്ടം ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും
● ദുബൈയിൽ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജറായാണ് പ്രവർത്തിക്കുന്നത്.
● താജുദ്ദീൻ കാരാട്ട് പരപ്പ സ്വദേശിയാണ്.
നീലേശ്വരം: (KasaragodVartha) പരപ്പ സ്വദേശിയായ താജുദ്ദീൻ കാരാട്ട് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. തിരുച്ചിറപ്പള്ളിയിലെ ജമാൽ മുഹമ്മദ് കോളജിൽ വച്ച് അസോസിയേറ്റ് പ്രൊഫസർ ഡോ. അൻവർ സാദിഖിന്റെ മേൽനോട്ടത്തിൽ ഫോറൻസിക് ഡോപ്പിങ് കൺട്രോളിനു വേണ്ടിയുള്ള മാസ് സ്പെക്ട്രോമെട്രി സംവിധാനങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു താജുദ്ദീന്റെ ഗവേഷണ വിഷയം.
ദുബൈ കാഞ്ഞങ്ങാട് മലയോര മേഖല കെഎംസിസി ജനറൽ സെക്രട്ടറിയും ബ്രദേഴ്സ് പരപ്പ യുഎഇ കൂട്ടായ്മ മുൻ ജനറൽ സെക്രട്ടറിയുമായ താജുദ്ദീൻ, ദുബൈ ഇക്വയിൻ ഫോറൻസിക് യൂണിറ്റിൽ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജറായാണ് പ്രവർത്തിക്കുന്നത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്ന താജുദ്ദീൻ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയിലും ഷിമോഗ കുവെംപു യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‌സിയിലും ഒന്നാം റാങ്ക് നേടിയിരുന്നു.
താജുദ്ദീന്റെ സഹോദരങ്ങളും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ വർഷമാദ്യം സഹോദരി ഡോ. ഷഹീമത്തു സുഹറയും ഡോക്ടറേറ്റ് നേടിയിരുന്നു. കാസർകോട് അഭിഭാഷകനായ അഡ്വ. കെ കെ മുഹമ്മദ് ഷാഫി, തസ്ലീം പരപ്പ, മുഹമ്മദ് അബ്ദുറഹ്മാൻ നൂറാനി, ശാകിറ കൊട്ടോടി, ആയിഷത്ത് ഷമീല എന്നിവരും താജുദ്ദീന്റെ സഹോദരങ്ങളാണ്.
താജുദ്ദീന്റെ ഈ നേട്ടം മലയോര ഗ്രാമത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നു. തിരക്കേറിയ ജോലിക്കിടയിലും പഠനം തുടർന്ന് വിജയം കൈവരിച്ച താജുദ്ദീന്റെ നിരന്തരമായ പരിശ്രമം പ്രചോദനമായി മാറുന്നു.