Case | കാസർകോട്ട് സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം സിപിഎം നേതാക്കളെ ശിക്ഷിക്കുന്ന ആദ്യ കേസല്ല പെരിയയിലെത്; ജബ്ബാർ വധക്കേസിലും ഏരിയാ സെക്രടറിയടക്കം ശിക്ഷിക്കപ്പെട്ടു; ഹൈകോടതിയിൽ കഥ മാറി
● ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഉക്കിനഡുക്ക എൽക്കാനയിലെ ജബ്ബാർ (25) വധക്കേസിലും ഏരിയാ സെക്രടറിയടക്കം ശിക്ഷിക്കപ്പെട്ടിരുന്നു.
● 2009 നവംബർ മൂന്നിന് രാത്രി 10.30ന് ഉക്കിനടുക്കക്ക് സമീപം അഞ്ചംഗ സംഘം ജബ്ബാറിൻ്റെ കാർ തടഞ്ഞുനിർത്തി കാറിൽ നിന്ന് വലിച്ചിറക്കി മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ബദിയഡുക്ക: (KasargodVartha) കാസർകോട് ജില്ലയിൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം സിപിഎം നേതാക്കളെ ശിക്ഷിക്കുന്ന ആദ്യ കേസല്ല പെരിയ കല്ല്യോട്ടേത്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഉക്കിനഡുക്ക എൽക്കാനയിലെ ജബ്ബാർ (25) വധക്കേസിലും ഏരിയാ സെക്രടറിയടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അപീൽ ഹൈകോടതിയിലെത്തിയപ്പോൾ കഥ മാറി. കൊലയിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ നാലുപേരുടെ ശിക്ഷ ശരിവെച്ചപ്പോൾ ഏഴ് വർഷവും എട്ട് മാസവും ജാമ്യം പോലും കിട്ടാതെ ജയിലിൽ കിടന്ന കുമ്പള ഏരിയാ സെക്രടറി അടക്കം മൂന്ന് പേരെ ഹൈകോടതി വെറുതെ വിടുന്ന സ്ഥിതിയുണ്ടായി.
2009 നവംബർ മൂന്നിന് രാത്രി 10.30ന് ഉക്കിനടുക്കക്ക് സമീപം അഞ്ചംഗ സംഘം ജബ്ബാറിൻ്റെ കാർ തടഞ്ഞുനിർത്തി കാറിൽ നിന്ന് വലിച്ചിറക്കി മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സിപിഎം കുമ്പള ഏരിയ സെക്രടറിയും ഇച്ചിലംപാടി എയുപി സ്‌കൂളിലെ അധ്യാപകനുമായിരുന്ന എസ് സുധാകരൻ എന്ന സുധാകര മാസ്റ്റർ, ഒന്നാം പ്രതി മൊയ്തീൻ കുഞ്ഞി എന്ന മൊയ്തീൻ കുഞ്ഞി, ആറാം പ്രതി നടുബൈൽ അബ്ദുല്ല എന്ന അബ്ദുല്ല കുഞ്ഞി, എട്ടാം പ്രതി രവി എന്ന രവി പച്ചമ്പള, പത്താം പ്രതി അബ്ദുൽ ബശീർ, പന്ത്രണ്ടാം പ്രതി മഹേഷ് പൈവളികെ, പതിമൂന്നാം പ്രതി യശ്വന്ത് കുമാർ എന്നിവരെയാണ് ശിക്ഷിച്ചത്.
എന്നാൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികളുടെ അപീൽ പരിഗണിച്ച ഹൈകോടതി ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് സുധാകരൻ മാസ്റ്റർ, അബ്ദുല്ല കുഞ്ഞി, യശ്വന്ത് കുമാർ എന്നിവരെ 2018 ഏപ്രിലിൽ വെറുതെവിട്ടു. ഇതിനെതിരെ കൊല്ലപ്പെട്ട അബ്ദുൽ ജബ്ബാറിന്റെ സഹോദരിമാരായ റംല, സകീന, ഇളയച്ഛന്റെ മകൻ ആരിഫ് എന്നിവരും സിബിഐയും സുപ്രീംകോടതിയിൽ 2017ൽ അപീൽ നൽകിയിട്ടുണ്ട്. ഈ അപീൽ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈ കേസിൽ പ്രതികളായിരുന്ന നിരവധി കേസുകളിൽ പ്രതിയായ ബാളിഗെ അസീസ് എന്ന അബ്ദുൽ അസീസ്, ഉമർ ഫാറൂഖ്, രാധാകൃഷ്ണ, ഗോപാല, ശദീർ എന്നീ അഞ്ച് പേരെ സിബിഐ കോടതി തന്നെ വെറുതെ വിട്ടിരുന്നു. സിബിഐ കോടതി ശിക്ഷ വിധിച്ച യശ്വന്ത് കുമാർ കൊല നടക്കുന്നതിന് തലേദിവസം സുധാകരൻ മാസ്റ്ററെ ഫോണിൽ ബന്ധപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഏരിയ സെക്രടറിയെ സിബിഐ പ്രതി ചേർത്തത്.
കേസിൽ പ്രതികളായിരുന്ന അശ്‌റഫിനെയും ബാപ്പുകുഞ്ഞിയെയും മാപ്പ് സാക്ഷികളാക്കി കൊണ്ടാണ് സുധാകരൻ മാസ്റ്റർ അടക്കമുള്ളവരെ പ്രതി സ്ഥാനത്ത് കൊണ്ടുവന്നത്. എന്നാൽ ഈ രണ്ട് മാപ്പ് സാക്ഷികളും ജബ്ബാർ വധക്കേസിൽ ഉൾപ്പെട്ടവർ അല്ലായിരുന്നുവെന്നും സിബിഐ കൃത്രിമമായി ഉണ്ടാക്കിയ മാപ്പ് സാക്ഷികളാണ് ഇവരെന്നുമാണ് സുധാകരൻ മാസ്റ്റർ അടക്കമുള്ളവർ ഹൈകോടതിയിൽ വാദിച്ചത്.
രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവൈരാഗ്യവും കാരണമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു സിബിഐ ആരോപിച്ചത്. പെർളയിലെ യൂത് കോൺഗ്രസ് നേതാവായ ജബ്ബാറും സിപിഎമും തമ്മിൽ ഉണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കോൺഗ്രസും കൊല്ലപ്പെട്ട ജബ്ബാറിന്റെ കുടുംബവും ആരോപിച്ചിരുന്നത്. സുധാകരൻ മാസ്റ്ററും അബ്ദുല്ലകുഞ്ഞിയും മറ്റും ചേർന്ന് ക്രിമിനൽ സംഘങ്ങൾക്ക് ക്വടേഷൻ നൽകിയാണ് കൊലനടത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം.
എന്നാൽ ജബ്ബാറിന്റെയും മണൽ മാഫിയ സംഘങ്ങളുടെയും ശത്രുതയാണ് കൊലക്ക് കാരണമെന്നായിരുന്നു സിപിഎം വിശദീകരിച്ചത്. മതിയായ തെളിവുകളും സാക്ഷികളും ഇല്ലാത്തതിനാലാണ് കൊലപാതക കുറ്റം ചുമത്തപ്പെട്ട സുധാകരൻ മാസ്റ്ററെയും അബ്ദുല്ല കുഞ്ഞിയെയും യശ്വന്ത് കുമാറിനെയും വെറുതെവിടുന്ന തീരുമാനത്തിൽ എത്തിയതെന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ശ്രീധർ റാവു, ജസ്റ്റിസ് സി ആർ കുമാരസ്വാമി എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
തനിക്കെതിരെ കൃത്രിമമായ സാക്ഷികളെയും തെളിവുകളും ഹാജരാക്കി പ്രതി ചേർക്കുകയായിരുന്നുവെന്ന് ഹൈകോടതി വെറുതെവിട്ട സിപിഎം മുൻ കുമ്പള ഏരിയ സെക്രടറിയും ഇപ്പോഴത്തെ കാട്ടുകുക്കെ ലോകൽ കമിറ്റി അംഗവുമായ സുധാകരൻ മാസ്റ്റർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. കേസിൽ പ്രതിയായിരുന്ന യശ്വന്ത് തലേദിവസം തന്നെ ഫോണിൽ വിളിച്ചതാണ് ഗൂഢാലോചന കുറ്റം ചുമത്താൻ ഉണ്ടായ ഏക കാരണം. യശ്വന്ത് തന്നെ ഫോണിൽ വിളിച്ചത് കുടുംബപരമായ കാര്യം സംസാരിക്കാൻ ആയിരുന്നുവെന്നും സുധാകര മാസ്റ്റർ പ്രതികരിച്ചു.
തന്നെ കുടുക്കിയതിന് സമാനമായാണ് പെരിയ കേസിൽ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രതി ചേർത്തതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് വർഷവും എട്ട് മാസവും നിരപരാധിയായ തനിക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈകോടതി വെറുതെ വിട്ട ശേഷം അധ്യാപക ജോലി തിരികെ ലഭിച്ചു. കുമ്പള ഇച്ചിലമ്പാടി എയുപി സ്‌കൂളിലെ അധ്യാപകനാണ് സുധാകരൻ മാസ്റ്റർ ഇപ്പോൾ. സർവീസിൽ നിന്ന് പിരിയാൻ ഇനിയും ഇദ്ദേഹത്തിന് രണ്ട് വർഷമുണ്ട്.
രണ്ട് സംഘങ്ങൾ തമ്മിലുള്ള കിടമത്സരമാണ് ജബ്ബാറിന്റെ കൊലയ്ക്ക് കാരണമായതെന്നും പിന്നീടാണ് ഇതിനെ രാഷ്ട്രീയവത്കരിച്ച് താൻ ഉൾപ്പെടെയുള്ള കൃത്യത്തിൽ പങ്കെടുക്കാത്തവരെ പ്രതികളാക്കിയതെന്നും സുധാകരൻ മാസ്റ്റർ കുറ്റപ്പെടുത്തുന്നു. എന്നാൽ സുധാകരൻ മാസ്റ്ററും സംഘവും ക്വടേഷൻ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നുവെന്നും സുപ്രീം കോടതിയിൽ നൽകിയ കേസിൽ ഇവർക്ക് ശിക്ഷ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജബ്ബാറിന്റെ ബന്ധുക്കളും കേസ് നടത്തിപ്പിന് സഹായം ചെയ്തുവന്നിരുന്ന പ്രമുഖ കോൺഗ്രസ് നേതാവും കാസർകോട് വാർത്തയോട് പ്രതികരിച്ചു.
#KasargodNews #PoliticalCases #CBIInvestigation #KeralaPolitics #PeriyaCase #SupremeCourt