city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

കാസര്‍കോട്: (www.kasargodvartha.com 25/08/2015) എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപയും ചെക്കുകളും തട്ടിയെടുത്ത് സീറ്റ് നല്‍കാതെ വഞ്ചിച്ചതിന് രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പാലക്കാട് ചിറ്റൂര്‍ മണ്ണാടിയാറില്‍ പ്രദീപ് കുമാറിന്റെ പരാതിയിലാണ് രാജപുരം മാലക്കല്‍ വാണിയംപറമ്പില്‍ സിബിന്‍ തോമസ് (26), വെള്ളരിക്കുണ്ട് പരപ്പയിലെ വി.സി. ഷൈജു ചന്ദ്രന്‍ (28) എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.

പി.വി.സി പൈപ്പ് കമ്പനിയുടെ ഡെപ്യൂട്ടി റീജ്യണല്‍ മാനേജറായി ജോലിചെയ്യുന്ന പ്രദീപ് കുമാര്‍ മകന്‍ ശ്യാമിന് വേണ്ടി എം.ബി.ബി.എസ്. സീറ്റിനായി ഇക്കഴിഞ്ഞ മെയ് 22ന് മംഗളൂരുവിലെ സിബിന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള കാപ്പിറ്റല്‍ കരിയര്‍ ഗെയ്ഡന്‍സ് എന്ന സ്ഥാപനത്തില്‍വെച്ച് 50,000 രൂപയും ബ്ലാങ്ക് ചെക്കുകളും നല്‍കിയിരുന്നു. ബംഗളൂരുവിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏതെങ്കിലും കോളജില്‍ എം.ബി.ബി.എസ്. സീറ്റ് തരപ്പെടുത്തിത്തരാമെന്നാണ് യുവാക്കള്‍ അറിയിച്ചിരുന്നത്. എം.ബി.ബി.എസ് മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന ഏതെങ്കിലും കുട്ടികള്‍ ഒഴിവായിപോകുമ്പോള്‍ ആ സീറ്റ് തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദ്ധാനം. സീറ്റ് ലഭിക്കുമ്പോള്‍ ബാക്കി പണം നല്‍കണമെന്നും അപ്പോള്‍ വാങ്ങിയ ചെക്ക് തിരിച്ചുനല്‍കാമെന്നുമാണ് ഇവര്‍ അറിയിച്ചിരുന്നത്.

കര്‍ണാടക മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാനായി ഇക്കഴിഞ്ഞ മെയ് 22ന് മംഗളൂരു ശ്രീനിവാസ കോളജില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സിബിന്‍ തോമസും ഷൈജുവും കരിയര്‍ ഗെയ്ഡന്‍സിന്റെ ബ്രോഷര്‍ വിതരണം ചെയ്തിരുന്നു. ഈ ബ്രോഷര്‍ ലഭിച്ചപ്പോഴാണ് പ്രദീപ് കുമാര്‍ ഇവരെ സീറ്റ് ലഭിക്കുമോ എന്നറിയാനായി സമീപിച്ചത്. ഒരു ലക്ഷം രൂപയാണ് അഡ്വാന്‍സ് ചോദിച്ചത്. കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ മറ്റൊരാള്‍ എ.ടി.എമ്മിലേക്ക് 50,000 രൂപ ഇട്ടുകൊടുത്തശേഷമാണ് പണവും ചെക്കുകളും പ്രതികള്‍ക്ക് നല്‍കിയതെന്ന് പ്രദീപ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. സീറ്റിന്റെ കാര്യം പിന്നീട് അറിയിക്കാമെന്നാണ് യുവാക്കള്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് മെയ് 30ന് ബംഗളൂരുവില്‍ സീറ്റ് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രദീപ് കുമാറിനെ സിബിന്‍ തോമസും സുഹൃത്തും വിളിച്ചുവരുത്തുകയായിരുന്നു. ബാക്കി 19,50,000 രൂപയും കൊണ്ടുവരണമെന്നും അറിയിച്ചിരുന്നു.

ബംഗളൂരുവിലെത്തിയ പ്രദീപ് കുമാറിനോട് യൂണിവേഴ്‌സിറ്റിയില്‍ വിജിലന്‍സ് സംഘമുണ്ടെന്നും കോംപൗണ്ടിന്റെ പുറത്ത് കാത്തുനില്‍ക്കാനും ആവശ്യപ്പെട്ടു. അല്‍പംകഴിഞ്ഞ് ക്യാമ്പസിനകത്തേക്ക് മെയിന്‍ ഗേറ്റിലൂടെ പ്രദീപ് കുമാറിനോട് വരാന്‍ സിബിന്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റിക്കുള്ളില്‍നിന്നും പെട്ടന്നുപുറത്തുവന്ന സിബിന്‍ വെപ്രാളംകാണിച്ച് തുക തന്റെ കയ്യിലുള്ള സഞ്ചിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും പുറത്ത് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും യൂണിവേഴ്‌സിറ്റിക്കകത്തേക്ക് കയറിപോവുകയുമായിരുന്നു. പിന്നീട് പുറത്തേക്ക് വന്ന സിബിന്‍ സീറ്റ് കിട്ടിയാല്‍ പകുതിക്ക് വെച്ച് ഒഴിഞ്ഞുപോകില്ലെന്ന് രേഖാമൂലം എഴുതിനല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാമ്പ് പേപ്പറിലും രണ്ട് വെള്ളപേപ്പറിലും മറ്റും ഒപ്പുവാങ്ങിപ്പിച്ചിരുന്നു. സീറ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കണമെന്ന് പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ യൂണിവേഴ്‌സിറ്റിക്കകത്ത് വീണ്ടുംകയറിപോയ സിബിന്‍ തിരിച്ചുവന്ന് 12-ാം ക്ലാസ് പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടാതെ സീറ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ ഒരുമാസം കഴിയുമെന്ന് പ്രദീപ് കുമാര്‍ അറിയിച്ചപ്പോള്‍ എല്ലാം മാര്‍ക്ക് ലിസ്റ്റ് കൊണ്ടുവരുമ്പോള്‍ ശരിയാക്കമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് പ്രദീപ് കുമാറിനെ ബംഗളൂരുവില്‍നിന്നും പാലക്കാട്ടേക്ക് യാത്രയാക്കിയത്. രണ്ട് ദിവസം കഴിഞ്ഞ് കരിയര്‍ ഗെയ്ഡന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുചിലരുമായി അന്വേഷിച്ചപ്പോഴാണ് സിബിന്‍ തോമസും ഷൈജുവും മറ്റുപലരേയും തട്ടിപ്പിനിരയാക്കിയതായി ബോധ്യപ്പെട്ടതെന്ന് പ്രദീപ് പറഞ്ഞു.

പിന്നീട് സീറ്റിന്റെ കാര്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറുന്ന സമീപനം സ്വീകരിച്ചതോടെ പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ നല്‍കിയ പണം ഇനി കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ കയ്യൊഴിയുകയായിരുന്നു. പ്രദീപ് പിന്നീട് മംഗളൂരു പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിബിന്‍ തോമസിനെ പിടികൂടിയിരുന്നു. പണം 15 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് എഗ്രിമെന്റ് എഴുതി ഒപ്പിടുകയും കരിയര്‍ ഗെയ്ഡന്‍സ് എം.ഡി. ഷൈജുവിന്റെ പേരിലുള്ള 20 ലക്ഷത്തിന്റെ ചെക്ക് നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് കേസും നൂലാമാലകളും വേണ്ടെന്നുവെച്ചു. 15 ദിവസം കഴിഞ്ഞ് പണം നല്‍കാത്തതിനെതുടര്‍ന്ന് ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ വണ്ടിചെക്കായി മടങ്ങുകയായിരുന്നു. ഇതിനിടയില്‍ പ്രദീപ് കുമാറില്‍നിന്നും പ്രതികള്‍ നേരത്തെ വാങ്ങിയ ചെക്കും മുദ്രപത്രവും ഉപയോഗിച്ച് സിബിന് പ്രദീപ് കുമാര്‍ 19 ലക്ഷം നല്‍കാനുണ്ടെന്ന് വ്യാജരേഖയുണ്ടാക്കി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രദീപ് കുമാര്‍ പരാതിയുമായി ഇപ്പോള്‍ കാസര്‍കോട് പോലീസിനെ സമീപിച്ചത്.

പ്രദീപ് കുമാറില്‍നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു. വെള്ളരികുണ്ടിലെ ഷൈജുവിനെതിരെ അവിടെ അഞ്ചോളം തട്ടിപ്പുകേസുകളുണ്ടെന്ന സൂചനകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.
എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

Keywords : MBBS, Case, Complaint, Cheating, Kasaragod, Kerala, Medical Seat, Case against 2 for cheating, Advertisement Malabar Wedding.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia