city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'#എയിംസ്_വേണ്ടത്_കോഴിക്കോട്ടല്ല_കാസറകോട്ട്'; കേരളത്തിനുള്ള എയിംസ് മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ ഉണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മന്ത്രി കെ കെ ശൈലജ; 200 ഏക്കര്‍ കോഴിക്കോട്ട് കണ്ടെത്തിയതായും മന്ത്രി; ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിട്ടും വര്‍ഷങ്ങളായി എയിംസിന് വേണ്ടി മുറവിളി കൂട്ടുന്ന കാസര്‍കോടിനെ അവഗണിക്കുന്നത് ചോദിക്കാന്‍ ആരുമില്ലാത്തത് കൊണ്ടോ? ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 29.06.2018) മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പു നല്‍കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും ശൈലജ ടീച്ചര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എയിംസിനായി കോഴിക്കോട്ടെ കിനാലൂരിലാണ് 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഏക്കര്‍ കണക്കിന് സ്ഥലമുണ്ടായിട്ടും വര്‍ഷങ്ങളായി എയിംസിന് വേണ്ടി മുറവിളി കൂട്ടുന്ന കാസര്‍കോട് ജില്ലയെ അവഗണിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നിലപാട് നിലവില്‍ മെഡിക്കല്‍ കോളജ് പോലുമില്ലാത്ത പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപമുണ്ട്.

'#എയിംസ്_വേണ്ടത്_കോഴിക്കോട്ടല്ല_കാസറകോട്ട്'; കേരളത്തിനുള്ള എയിംസ് മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ ഉണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മന്ത്രി കെ കെ ശൈലജ; 200 ഏക്കര്‍ കോഴിക്കോട്ട് കണ്ടെത്തിയതായും മന്ത്രി; ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിട്ടും വര്‍ഷങ്ങളായി എയിംസിന് വേണ്ടി മുറവിളി കൂട്ടുന്ന കാസര്‍കോടിനെ അവഗണിക്കുന്നത് ചോദിക്കാന്‍ ആരുമില്ലാത്തത് കൊണ്ടോ? ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം

കേരളത്തില്‍ എയിംസ് അനുവദിക്കുമ്പോള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതം പെയ്ത കാസര്‍കോട് മാത്രമാണ് എന്ത് കൊണ്ടും യോജിച്ചത്. നേരത്തെ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ചിരുന്നു. കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് സംസ്ഥാനത്ത് സ്ഥാപിക്കുമെന്നായിരുന്നു അറിയിച്ചത്.

അന്ന് മുതലെ എയിംസിന് വേണ്ടി കാസര്‍കോട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാസര്‍കോട് ആണെന്നും മുളിയാര്‍ പഞ്ചായത്ത് അനുയോജ്യമായ പ്രദേശമെന്നും താലൂക്ക് വികസന സമിതി യോഗം അഭിപ്രായപ്പെട്ടിരുന്നു. മുളിയാറില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുളള നൂറു കണക്കിന് ഏക്കര്‍ സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താനും സാധിക്കും.

കൂടാതെ സ്ഥാപനത്തിനാവശ്യമായ വെള്ളം പയസ്വിനി പുഴയില്‍ നിന്നും ലഭ്യമാക്കാനും കഴിയും. കാസര്‍കോട് മുനിസിപ്പാലിറ്റി ഉള്‍പ്പെടെ സമീപ പഞ്ചായത്തുകള്‍ക്കെല്ലാം കുടിവെള്ളം ലഭ്യമാക്കുന്നത് പയസ്വിനിപ്പുഴയില്‍ നിന്നാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രദേശം കൂടിയാണ് മുളിയാര്‍.

ഇതുകൂടാതെ കാസര്‍കോട് ജില്ലയില്‍ പെരിയ, കിനാനൂര്‍-കരിന്തളം, ചീമേനി, അരയി പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് റവന്യൂ സ്ഥലം ഇപ്പോഴും ബാക്കിയുണ്ട്. ഇവിടങ്ങളില്‍ എയിംസ് കൊണ്ടുവരുന്നതിനും യാതൊരു തടസ്സങ്ങളുമില്ല. എയിംസിനായി 200 ഏക്കറില്‍ അധികം സ്ഥലം ആവശ്യമായി വരും. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ വരുന്ന വികസനത്തിന് കൂടി പ്രയോജനപ്പെടുന്ന സ്ഥലത്തിനായിരിക്കണം ആദ്യം പരിഗണന നല്‍കേണ്ടത്. എന്നാല്‍ കോഴിക്കോടിന്റെ കാര്യത്തില്‍ ഇത് സാധ്യമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും ഏറ്റവും അനുയോജ്യമായ കാസര്‍കോട് ജില്ലയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ആക്ഷേപമുണ്ട്.

നിരവധി രോഗികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായി മാനസികമായും ശാരീരികമായും തളര്‍ന്ന് രോഗശയ്യയിലായവര്‍ തന്നെ ആറായിരത്തിലധികമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വടക്കന്‍ ജില്ലയായ കാസര്‍കോട്ട് മെഡിക്കല്‍ കോളജിന് തറക്കില്ലിട്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രോഗികള്‍ക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നത്. കാസര്‍കോട് പെരിയയിലുള്ള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് അനുബന്ധമായി അനുവദിക്കുമെന്നറിയിച്ച കേന്ദ്ര മെഡിക്കല്‍ കോളജ് പത്തനംതിട്ടയിലേക്ക് മാറ്റാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് കാസര്‍കോട് തന്നെ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയായിരുന്നു. എന്നിട്ടും ഇതിന് തുടര്‍നടപടി ഇതുവരെ ഉണ്ടായിട്ടില്ല. മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കില്‍ ആദ്യം പരിഗണിക്കുന്നത് കാസര്‍കോടിനെയാണെന്ന് വ്യക്തമാക്കിയിരുന്നു.

പിന്നോക്ക ജില്ലയായി സംസ്ഥാന സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുള്ള കാസര്‍കോട്ടുകാരോട് എന്തിനാണ് ഈ അവഗണനയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച 'എയിംസ്' കാസര്‍കോട്ടാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് അറിയാത്തവര്‍ ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ ഉണ്ടാവാന്‍ സാധ്യതയില്ല. പക്ഷെ ഈ പിന്നോക്ക പ്രദേശത്തിന് വേണ്ടി നാവുയര്‍ത്തി സംസാരിക്കാന്‍ ആരുമില്ലെന്നതു തന്നെയാണ് ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയ്ക്കുള്ള വലിയ കാരണവും.

എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും വികസനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബദ്ധശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയതോടെ അനുകൂല പ്രതികരണങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കാസര്‍കോട്ട് നിര്‍ത്താതെ പോയിരുന്ന അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുകിട്ടിയത്. രാഷ്ട്രീയ - സംഘടനാ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി സ്‌റ്റോപ്പിന് വേണ്ടി ആവശ്യമുന്നയിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഒത്തുപിടിച്ചാല്‍ എയിംസും കാസര്‍കോട്ടെത്തിക്കാമെന്നാണ് ഇത് തെളിയിക്കുന്നത്.  #എയിംസ്_വേണ്ടത്_കോഴിക്കോട്ടല്ല_കാസറകോട്ട് ,  #aiimsforkasargod തുടങ്ങിയ ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ പല സമരങ്ങളും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എവിടേയും ചര്‍ച്ചാ വിഷയമാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളുള്ള കാസര്‍കോട് ജില്ലയില്‍ തന്നെയാണ് എയിംസ് പോലുള്ള സര്‍വ്വ സൗകര്യങ്ങളുമടങ്ങിയ ആശുപത്രികളുടെ പ്രസക്തി. നിലവില്‍ സ്ഥലം കണ്ടെത്തിയ കോഴിക്കോട്ട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords:  Kerala, kasaragod, news, Medical College, Kozhikode, Muliyar, Land, hospital, LDF, Minister, BJP, Health-minister, New Delhi, KK Shailaja Teacher, JP Nadda, AIIMS, All India Institutes of Medical Sciences, Periya, Karinthalam, Cheemeni, Endosulfan, Hashtag campaign, #aiimsforkasargod,  #എയിംസ്_വേണ്ടത്_കോഴിക്കോട്ടല്ല_കാസറകോട്ട് 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia