Delay | രണ്ടര വർഷം കഴിഞ്ഞിട്ടും ഭരണാനുമതിയായില്ല; മണിയമ്പാറ പാലം ചുവപ്പുനാടയില്‍ തന്നെ; ഒരു ജനതയുടെ സ്വപ്നം ഇനിയെങ്കിലും നടക്കുമോ?
● വിശദമായ പഠനം പൂർത്തിയായിട്ടും ഭരണാനുമതി ലഭിച്ചിട്ടില്ല.
● ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ട്.
● സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും പാലം സഹായിക്കും.
ബദിയടുക്ക: (KasargodVartha) പ്രദേശവാസികളുടെ സ്വപ്നമായ മണിയമ്പാറ പാലം അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ചുവപ്പുനാടയില്‍ തന്നെ. പദ്ധതിയുടെ വിശദമായ പഠനം പൂർത്തിയാക്കി ഭരണാനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. ഇത് നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.
പുത്തിഗെ പഞ്ചായതിലെ ധർമടുക്ക, ചെന്നിക്കോടി, ദേരടുക്ക തുടങ്ങിയ മലയോര പ്രദേശങ്ങളെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഷിറിയ പുഴയ്ക്കു കുറുകെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പാലവും ഷിറിയ പുഴക്കപ്പുറത്തെ മൂന്നാം വാർഡായ ദേരടുക്കയെ ബന്ധിപ്പിക്കുന്ന തരത്തിൽ കന്തലായം - നോണങ്കൽ റോഡും ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
യാഥാർഥ്യമായാൽ പ്രദേശവാസികൾക്ക് ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് സർകാർ സ്ഥാപനങ്ങളിലേക്കും അടക്കം എളുപ്പത്തിൽ എത്താൻ ഈ പാലം സഹായകമാകും. കൂടാതെ, ഷിറിയ അണക്കെട്ട്, പൊസടിഗുമ്പെ, നോണങ്കൽ വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കും. നിലവിൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഇത് യാത്രാ ദുരിതത്തിന് പുറമെ വിലപ്പെട്ട സമയ നഷ്ടത്തിനും കാരണമാകുന്നു.
പാലം പണി തുടങ്ങിയില്ലെങ്കിൽ ഈ പ്രദേശം വികസനത്തിൽ പിന്നാക്കം പോകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു. പദ്ധതിയുടെ ഭരണാനുമതി വൈകുന്നതിനുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും പൊതുപ്രവർത്തകൻ ഹസൻ മണിയമ്പാറ പറയുന്നു. പദ്ധതിയുടെ അനിശ്ചിതത്വം നീക്കി പാലം നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
#Maniyampāra #bridge #constructiondelay #Kerala #development #protest #infrastructure