Obituary | ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വർക് ഷോപ് ഉടമയുടെ മൃതദേഹം കണ്ടെത്തി
● ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
● ബൈക്കും മറ്റു വസ്തുക്കളും പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു
കാസർകോട്: (KasargodVartha) ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മോടോർ സൈകിൾ വർക് ഷോപ് ഉടമയുടെ മൃതദേഹം കണ്ടെത്തി. ചൂരി മീപ്പുഗിരി സ്വദേശിയായ എ ഗിരീഷാണ് (49) മരിച്ചത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലും നടന്ന ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായാറാഴ്ച വൈകീട്ട് ഉപ്പള മുസോടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ബൈകിലെത്തി ചന്ദ്രഗിരി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഗിരീഷ് സഞ്ചരിച്ച ബൈകും ബൈകിന്റെ താക്കോലും പഴ്‌സും ചെരുപ്പും പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇത് കണ്ടതോടെയാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം കെ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം ഡിങ്കിയും സ്‌കൂബയും ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. ടൗൺ പൊലീസും രക്ഷാപ്രവർത്തനത്തിന് സഹായവുമായി സ്ഥലത്തുണ്ടായിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: സുമന. മക്കൾ: ഷയൻ, ശരത്. സഹോദരങ്ങൾ രാജേഷ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#Chandragiri #Tragedy #Kasaragod #Kerala #FireForce