city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspiration | ഒരുവർഷം കൊണ്ട് അതിമനോഹരമായ ഖുർആനിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി കാസർകോട്ടെ ബദ്റുന്നീസ വിസ്മയമാകുന്നു; എഴുതിയത് 750 മണിക്കൂർ കൊണ്ട്

Photo: Arranged

● കാലിഗ്രാഫി പഠിക്കാതെ, കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
● ഒഴിവുസമയങ്ങൾ ഉപയോഗിച്ചാണ് എഴുതി പൂർത്തിയാക്കിയത്.
● ഭർത്താവിന്റെയും മക്കളുടെയും വലിയ പിന്തുണ.

കാസർകോട്: (KasargodVartha) ഒരുവർഷം കൊണ്ട് ഖുർആനിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി കാസർകോട് സീതാംഗോളി മുഗു റോഡിലെ ബൈത്തുൽ അറഫയിലെ അബ്ദുല്ല ബങ്കലയുടെ ഭാര്യ ബദ്റുന്നീസ വിസ്മയമാകുന്നു. ആറ് വർഷമായി മലപ്പുറം വേങ്ങരയിലെ ശംസുദ്ദീൻ ഉസ്താദിന്റെ കീഴിൽ ഖുർആൻ പഠനം നടത്തുന്ന ബദ്‌റുന്നീസ കാലിഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും അതിനെ വെല്ലുന്ന കയ്യെഴുത്തിലൂടെയാണ് ഖുർആൻ കയ്യെഴുത്ത് പൂർത്തീകരിച്ചത്. 

നാല് മക്കളുടെയും വിവാഹം കഴിഞ്ഞ് അവരെല്ലാം വിദേശത്ത് പോയതോടെ ഭർത്താവും ബദ്‌റുന്നീസയുമായി മാത്രമായി വീട്ടിൽ. ഈ സാഹചര്യത്തിലാണ് വീട്ടുജോലിയുടെ ഇടവേളകളിൽ ഖുർആനിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കാൻ തുടങ്ങിയത്. വേങ്ങരയിലെ ഖുർആൻ പഠന കേന്ദ്രത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് കയ്യെഴുത്ത് പ്രതി തയ്യാറാക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചതെന്ന് ബദ്‌റുന്നീസ കാസർകോട് വാർത്തയോട് പറഞ്ഞു.

Badrunneesa's Handwritten Quran

ദിവസവും രാവിലെ സുബ്ഹി നിസ്കാരം നിർവഹിച്ച ശേഷം ഖുർആൻ ഓതിയ ശേഷമാണ് കയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതിലേക്ക് നീങ്ങാറുള്ളത്. രാവിലെയും വൈകീട്ടും മൂന്ന് - നാല്‌ മണിക്കൂറോളം സമയം ഇതിനായി നീക്കിവെച്ചു. ഇങ്ങനെ ഒരു വർഷം കൊണ്ടാണ് കഴിഞ്ഞ ജനുവരിയോടെ ഖുർആൻ കയ്യെഴുത്ത് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ബദ്‌റുന്നീസ കൂട്ടിച്ചേർത്തു. 

badrunneesa s handwritten quran

തനിക്കൊപ്പം വേങ്ങരയിലെ മതപഠന കേന്ദ്രത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരും ഇതേ രീതിയിൽ കയ്യെഴുത്ത് പ്രതി എഴുതാൻ ആരംഭിച്ചിരുന്നു. തനിക്ക് ആ സമയത്ത് ഒരു മാസം ഉംറ നിർവഹിക്കാൻ പോകേണ്ടി വന്നതുകൊണ്ട് ഖുർആൻ എഴുത്ത് നടന്നില്ല. പിന്നീട് ഉംറ നിർവഹിച്ച ശേഷം വന്നാണ് എഴുത്ത് ജോലി ആരംഭിച്ചത്. ഉംറ നിർവഹിക്കാൻ പോയപ്പോൾ കിട്ടിയ ഖുർആന്റെ മാതൃകയിലാണ് കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിട്ടുള്ളത്. 

30 ജുസ്ഉം പൂർത്തിയാക്കി വേങ്ങരയിലെത്തി ശംസുദ്ദീൻ ഉസ്താദിനെ കാണിച്ചപ്പോൾ തന്റെ മുമ്പ് തുടങ്ങിയവർ 10 ജുസ്അ പോലും എഴുതി തീർന്നിരുന്നില്ല. തനിക്ക് വലിയ അഭിനന്ദനമാണ് ഉസ്താദ് നൽകിയത്. ഇനിയും കയ്യെഴുത്ത് പ്രതി തയ്യാറാക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഒട്ടേറെ പോരായ്മകൾ സംഭവിക്കുകയും നൂറുകണക്കിന് കടലാസുകൾ പാഴായിപ്പോവുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും തന്റെ ദൃഢനിശ്ചയത്തിന് തടസ്സമായില്ല. 

ഒരു ദിവസം അര പേജ് പോലും എഴുത്ത് പ്രതി തയ്യാറാക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന നാളുകളിലാണ് ഒരു പേജ് എഴുതാൻ കഴിയുന്ന ഘട്ടത്തിലെത്തിയത്. ഏറെ ക്ഷമയും അർപ്പണബോധവും ഉണ്ടായാൽ മാത്രമേ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കാൻ കഴിയുകയുള്ളൂവെന്ന് ബദ്‌റുന്നീസ കൂട്ടിച്ചേർത്തു. 750 മണിക്കൂർ കൊണ്ടാണ് എഴുത്ത് പൂർത്തിയാക്കിയത്.

ഏറെ ഭംഗിയോടെ ഖുർആൻ എഴുത്ത് പ്രതി തയ്യാറാക്കിയതോടെ 50 ഓളം പേർ തങ്ങൾക്കും ഖുർആന്റെ കയ്യെഴുത്ത് പ്രതി എഴുതി തയ്യാറാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഖുർആന്റെ മൂന്ന് കയ്യെഴുത്ത് പ്രതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തോളം ഇതിന് സമയം വേണ്ടിവരുമെന്നും ബദ്‌റുന്നീസ പറഞ്ഞു. 

ഭാര്യയുടെ കഴിവിൽ ഏറെ അഭിമാനമുണ്ടെന്ന് ഭർത്താവ് അബ്ദുല്ല ബങ്കല പറഞ്ഞു. ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതിന് തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ടെന്നും ഖുർആന്റെ പുറം ചട്ട അടക്കം അതേ മാതൃകയിൽ തയ്യാറാക്കാൻ കഴിഞ്ഞത് തന്നെ പോലും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

മക്കളായ ഇംതിയാസ്, ഹിലാൽ, ഇല്യാസ്, ഹിശാന എന്നിവരും ഗൾഫിലാണെങ്കിലും മാതാവിന്റെ കഴിവിന് എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട്. ഖുർആന്റെ കയ്യെഴുത്ത് ഭംഗിയായി തയ്യാറാക്കിയതിന് നിരവധി സംഘടനകളും വ്യക്തികളും ഉപഹാരങ്ങളും മറ്റും നൽകി ബദ്‌റുന്നീസയെ അഭിനന്ദിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ ഉപഹാരങ്ങളെല്ലാം വീട്ടിലെ എഴുത്ത് മേശപ്പുറത്ത് നിധിപോലെ സൂക്ഷിക്കുകയാണ് ഈ വീട്ടമ്മ.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

 

Badrunneesa from Kasaragod has completed a handwritten copy of the Quran in one year, spending 750 hours. Despite not having studied calligraphy, her beautiful handwriting has garnered widespread admiration.

#Quran #HandwrittenQuran #Kasaragod #Inspiration #Faith #Achievement

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia