Allegation | കാസർകോട് റെയിൽവേ സ്റ്റേഷനും തളങ്കര കടവിനുമിടയിൽ എടിഎം കൗണ്ടർ ഇല്ല; പരാതി
● നിലവിൽ ഈ പ്രദേശത്ത് എടിഎം കൗണ്ടർ ഇല്ലാത്തത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് നിവേദനത്തിൽ പറയുന്നത്.
● ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിട മീൻ വിൽപ്പനക്കാർ എന്നിവരിൽ മിക്കവരും ഇപ്പോഴും പണം റൊക്കം തന്നെ വേണമെന്ന് നിർബന്ധിക്കുന്നു.
● സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രധാനമായും യുപിഐ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
കാസർകോട്: (Kasargodvartha) റെയിൽവേ സ്റ്റേഷനും തളങ്കര കടവത്തിനുമിടയിലുള്ള പ്രദേശത്ത് എടിഎം കൗണ്ടർ ഇല്ലാത്തതിൽ ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുന്നു. മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ഇത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ചെയർമാൻ, ജില്ലാ കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ, ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ, ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, കാസർകോട് മുനിസിപ്പൽ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി.
നിലവിൽ ഈ പ്രദേശത്ത് എടിഎം കൗണ്ടർ ഇല്ലാത്തത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് നിവേദനത്തിൽ പറയുന്നത്. യുപിഐ സംവിധാനത്തിലേക്ക് പൂർണമായും മാറിയിട്ടില്ലാത്ത നിരവധി പേരുണ്ട്. ഡിജിറ്റൽ ഇടപാടുകൾക്കായി മാത്രം മാറിയാലും മതിയാകില്ല. ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിട മീൻ വിൽപ്പനക്കാർ എന്നിവരിൽ മിക്കവരും ഇപ്പോഴും പണം റൊക്കം തന്നെ വേണമെന്ന് നിർബന്ധിക്കുന്നു.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രധാനമായും യുപിഐ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഇതുവരെ പൂർണമായും ഈ സംവിധാനത്തിലേക്ക് മാറിയിട്ടില്ല. കാസർകോട് റെയിൽവേ സ്റ്റേഷനും തളങ്കര കടവത്തിനുമിടയിലുള്ള പ്രദേശം തീർത്ഥാടന കേന്ദ്രവും, ബീച്ച് ടൂറിസം കേന്ദ്രവും, ഏതാണ്ട് അരലക്ഷം ജനങ്ങൾ താമസിക്കുന്ന പ്രദേശവുമാണ്.
പ്രത്യേകിച്ച് സ്കൂളുകളിലും കോളജുകളിലും പോകുന്ന കുട്ടികൾക്കുള്ള ചെലവുകൾക്കുള്ള പോക്കറ്റ് മണി പോലും നൽകാനും ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രചെയ്യാനുമുള്ള പണം കൈയിൽ ഇല്ലാതാകുന്നത് വലിയ പ്രതിസന്ധിയാണെന്ന് നിവേദനത്തിൽ പറയുന്നു. എത്രയും വേഗം ഈ പ്രദേശത്ത് എടിഎം സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
#Kasargod #ATM #BankingIssue #PublicHardship #UPI #FinancialCrisis