Road Renovation | ചെര്‍ക്കള - ജാല്‍സൂര്‍, കാസർകോട് - കാഞ്ഞങ്ങാട് റോഡുകളുടെ നവീകരണത്തിന് 61 കോടി രൂപയുടെ ഭരണാനുമതി; പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും
● അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎയാണ് വിവരം അറിയിച്ചത്.
● പദ്ധതിയുടെ ടെണ്ടർ നടപടികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും.
● യാത്രാദുരിതത്തിന് അറുതിയാവുമെന്ന് പ്രതീക്ഷ.
കാസർകോട്: (KasargodVartha) ജില്ലയിലെ പ്രധാന പാതകളായ ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയുടെയും, കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെയും നവീകരണത്തിനായി 61 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ധനവകുപ്പിൽ സമർപ്പിച്ച ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചതോടെ റോഡുകളുടെ നവീകരണത്തിന് ഉടൻ സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ ഏപ്രിൽ മാസത്തിൽ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചെർക്കള ജാൽസൂർ അന്തർസംസ്ഥാന പാതയിൽ ഒ.പി.ബി.ആർ.സി. (Output- and Performance-Based Road Contracts) സ്കീമിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ഏഴ് വർഷം വരെ കരാർ എടുക്കുന്ന കമ്പനി തന്നെ റോഡ് അറ്റകുറ്റപണികൾ ഉൾപ്പെടെ നടത്തണമായിരുന്നു. എന്നാൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ റോഡുകൾ ഉൾപ്പെട്ട ക്ലസ്റ്ററിന് ഒരു കമ്പനിയും ടെണ്ടറുമായി മുന്നോട്ട് വരാത്തതിനെ തുടർന്ന് ഈ സ്കീം ഉപേക്ഷിച്ചു. പകരം ബി.സി. ഓവർലെ ചെയ്യുന്നതിന് വകുപ്പ് അംഗീകാരം നൽകുകയായിരുന്നു.
ചെർക്കള - ജാൽസൂർ പാതയിൽ മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നവീകരിച്ച ആറ് കിലോമീറ്ററും, പൊതുമരാമത്ത് വകുപ്പിന്റെ ഗ്രാന്റ് ഉപയോഗിച്ച് ബി.സി.ഓവർലേ ചെയ്ത 10 കിലോമീറ്ററും ഒഴികെയുള്ള 23 കിലോമീറ്റർ റോഡ് 23 കോടി രൂപ ചിലവിലും, കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ 27.780 കിലോമീറ്റർ റോഡ് 38 കോടി രൂപ ചിലവിലും ബി.സി ഓവർ ലെ ചെയ്ത് നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. ഈ റോഡുകളുടെ ശോചനീയാവസ്ഥ മൂലം യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്ന സാഹചര്യത്തിൽ ഈ തീരുമാനം വലിയ പ്രതീക്ഷ നൽകുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The renovation of Cherkala-Jalsur and Kasaragod-Kanjangad roads has been approved with a budget of 61 crores. Work will begin soon to alleviate travelers' hardships.
#KasaragodNews #RoadRenovation #Infrastructure #Kanjangad #CherkalaJalsur #KeralaRoads