Controversy | കാവുകളും കഴകങ്ങളും ഉണർന്നപ്പോൾ വെസ്റ്റ് എളേരി നാട്ടക്കല്ലിലെ മല്ലിയോടൻ കാവിലെ ആചാരങ്ങൾ തടഞ്ഞ് റവന്യൂ വകുപ്പ്; നടപടി ഗ്രീൻവാലി സൊസൈറ്റി പ്രവർത്തകർ നൽകിയ പരാതിയിൽ
● കളരിയാൽ ഭഗവതി ക്ഷേത്രത്തിന്റെ ഉപദേവത സ്ഥാനമാണ്.
● പതിറ്റാണ്ടുകളായി ആദിവാസി വിഭാഗം ഇവിടെ ആചാരങ്ങൾ നടത്തിവരുന്നു
● കാവ് സംരക്ഷണ സമിതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) പുങ്ങംച്ചാൽ കളരിയാൽ ഭഗവതി ക്ഷേത്രത്തിന്റെ ഉപദേവത സ്ഥാനമായ നാട്ടക്കൽ മല്ലിയോടാൻ കാവിൽ നടത്തി വരുന്ന ആരാധനകൾ നിർത്തി വയ്ക്കണമെന്നും കാവിനുമുന്നിൽ വച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും കാണിച്ചു വില്ലേജ് ഓഫീസർ കത്ത് നൽകി. പ്രാചീന കാലം മുതൽ നടത്തി വരുന്ന ഈ ആരാധനകൾ നിർത്തി വയ്ക്കണമെന്ന് കാണിച്ചാണ് വെസ്റ്റ് എളേരി വില്ലേജ് ഓഫീസർ ബാബു പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രം ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ആചാര അനുഷ്ടാനങ്ങൾ നടത്തി വരുന്ന നാട്ടമല്ലിയോടൻ കാവിൽ പുങ്ങംചാലിലെ സ്വകാര്യ തറവാട് ക്ഷേത്ര മായ കളരിയാൽ ഭഗവതി ക്ഷേത്രം കാവ്കയ്യേറി എന്നും കാവിനകത്ത് അതിക്രമിച്ചു കടന്ന് ആരാധനകൾ നടത്തി വരുന്നു വെന്നും ഇത് തടയണമെന്നും കാട്ടി വെള്ളരിക്കുണ്ട് ഗ്രീൻവാലി സോസൈറ്റി പ്രവർത്തകർ നൽകിയ പരാതിയെതുടർന്നാണ് നടപടി.
വെസ്റ്റ് എളേരി വില്ലേജിൽ വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിനോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലമാണ് കാവിനുള്ളത്. ഈ കാവ് വർഷങ്ങളായി സംരക്ഷിച്ചു വരുന്നത് ആചാരങ്ങൾ നടത്തുന്ന ആളുകളാണ്. ഹിന്ദു ആചാരപ്രകാരം വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് ഇവിടെ ആരാധനകൾ നടക്കുന്നത്. പതിറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങൾക്ക് വെള്ളരിക്കുണ്ട് ഗ്രീൻവാലി സൊസൈറ്റി പ്രവർത്തകർ തടസ്സവാദം ഉന്നയിക്കുകയും വില്ലേജ് ഓഫീസറിൽ നിന്ന് അനുകൂല വിധി നേടുകയും ചെയ്തതോടെ കാവുമായി ബന്ധപ്പെട്ട വിശ്വാസികൾ മറുവഴി തേടുകയാണ്.
പുങ്ങാംച്ചാൽ കളരിയാൽ ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാട്ടക്കൽ മല്ലിയോടൻ കാവിലെ ആരാധനകൾ നിർത്തിവയ്ക്കണമെന്നും അവിടെ സ്ഥാപിച്ച കാവിനെ ക്കുറിച്ച് ഉള്ള ബോർഡുകൾ നീക്കം ചെയ്യണമെന്ന് കാണിച്ചു വെസ്റ്റ് എളേരി വില്ലേജ് ഓഫീസർ ഓഫീസർ നൽകിയ നോട്ടീസ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗമാണ് ഇവിടെ കർമ്മങ്ങൾ നടത്തുന്നത്. സംക്രമ ദിവസങ്ങളിൽ തലേ ദിവസം കളരി ക്ഷേത്രത്തിൽ പോയി നെല്ല് വാങ്ങി അത് ആദിവാസി സ്ത്രീകൾ ശുദ്ധതയോടെ ഉരലിൽ ഇടിച്ചു അവലാക്കി അതും തേങ്ങാ പൂളുമാണ് കാവിൽ നിവേദിച്ചു വരുന്നത്.
ഇവിടുത്തെ അഞ്ചോളം തെയ്യങ്ങൾ കളരി കളിയാട്ട ദിവസം വയലിൽ കെട്ടിയാടുന്നു. എല്ലാ സങ്ക്രമ ദിവസങ്ങളിലും ഈ കർമ്മങ്ങൾ ചെയ്തു പ്രസാദവുമായി കളരിയിൽ ചെന്ന് അവിടന്നു ദക്ഷിണയും വാങ്ങി ഭക്ഷണവും കഴിച്ചു മടങ്ങുന്ന കർമ്മമാണ് ഇവിടെ നടക്കുന്നത്. പ്രാചീന കാലം മുതൽ നടക്കുന്ന ഈ ചടങ്ങുകൾ നിർത്തുന്നതിനുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും അതിനു വില്ലേജ് ഓഫീസർക്കും റവന്യു അധികാരികൾക്കും മറുപടി നൽകുമെന്നും കളരി പ്രസിഡന്റ് കനകരാജനും കാവുകാരൻ അനിൽകുമാർ കാവ് സംരക്ഷണ സമിതി പ്രസിഡന്റ് ദാമു കരുവാങ്കയവും പറഞ്ഞു.
കാവിനുള്ളിൽ നടക്കുന്ന ചടങ്ങുകൾ പുറത്തു ബോർഡിൽ എഴുതിവെച്ചുവെന്നല്ലാതെ ഇത് റവന്യൂ സ്ഥലമാണ് എന്നും ഇവിടെ മരം മുറി, മറ്റു കയ്യേറ്റങ്ങൾ നടക്കുമ്പോൾ കളരി ഭരണസമിതിയും കാവുകാരനും കാവ് സംരക്ഷണ സമിതിയുമാണ് പരാതി റവന്യു അധികാരികൾക്ക് നൽകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
#SaveOurHeritage #KeralaTemple #IndigenousRights #CulturalHeritage #Tradition