city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം നേതാവ് കൊറോണ നിയന്ത്രണ നിയമ ലംഘനം നടത്തിയ സംഭവത്തില്‍ രാഷ്ട്രീയം കളിക്കാനില്ല, മാനുഷികതയാണ് ലീഗിന്റെ മുഖമുദ്ര; ഫേസ്ബുക്ക് പോസ്റ്റുമായി എ കെ എം അഷ്റഫ്

ഉപ്പള: (www.kasargodvartha.com 16.05.2020) മഞ്ചേശ്വരത്തെ പ്രമുഖനായ ഭരണ കക്ഷി നേതാവ് കോവിഡ്-19 നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രാഷ്രീയത്തിനതീതമായ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ഫേസ്ബുക്കില്‍. രാഷ്ട്രീയത്തില്‍ എതിര്‍പക്ഷ നിരയിലുള്ളയാളാണെങ്കിലും കോവിഡ് പോലെയുള്ള മഹാമാരി ദേഹത്തില്‍ ചെന്ന വ്യക്തിയെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാനോ അദ്ദേഹത്തെ സമൂഹ വിചാരണ ചെയ്യാനോ മുസ്ലിം ലീഗ് പകര്‍ന്ന് നല്‍കിയ ധാര്‍മികതയും മഞ്ചേശ്വരം കാലങ്ങളായി കാത്തു സംരക്ഷിച്ചു പോരുന്ന രാഷ്ട്രീയ സംസ്‌കാരവും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ദേശീയ രാഷ്ട്രീയം ഉറ്റു നോക്കാറുള്ള മഞ്ചേശ്വരത്ത് ശക്തമായ സാന്നിധ്യമായി പതിറ്റാണ്ടുകളുടെ പ്രൗഢിയിലും പാരമ്പര്യത്തിലും മുസ്ലിം ലീഗ് ഒരു വശത്ത് നിലയുറച്ചു നില്‍ക്കുന്നു. കാറ്റും കോളും നിറഞ്ഞ ഒട്ടേറെ സഹചര്യങ്ങളിലൂടെ കടന്നുപോയെങ്കിലും ശത്രുപക്ഷത്ത് നിന്നും ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ആഗ്രഹിക്കുന്നവരാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.

എതിര്‍പക്ഷത്തിന്റെ സംഘടനാ ദൗര്‍ബല്യങ്ങളെയോ നേതാക്കളുടെ വ്യക്തിപരമായ അനാരോഗ്യങ്ങളെയോ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന മോശപ്പെട്ട സംസ്‌കാരം മഞ്ചേശ്വരത്തിന്റെ മുസ്ലിം ലീഗ് ചരിത്രത്തിലുണ്ടായിട്ടില്ല. കോവിഡ് രോഗം ബാധിച്ച മഞ്ചേശ്വരത്തെ ഒരു പ്രധാന സിപിഎം നേതാവ് അദ്ദേഹം വിഷയത്തെ കൈകാര്യം ചെയ്തതിലെ പിഴവുകളുണ്ടങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്ന് ശക്തമായി ഞങ്ങള്‍ ആവശ്യപ്പെടുമ്പോഴും രോഗബാധയേറ്റ ഭാര്യവും പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം നേരിടുന്ന പ്രയാസത്തില്‍ വേദനിക്കുകയും എത്രയും വേഗത്തില്‍ നിത്യജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് കടന്നുവരാന്‍ സര്‍വ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നു  പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് ഞങ്ങള്‍.

പക്ഷേ മറുഭാഗത്ത്, കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടില്ലാത്ത പ്രാരംഭഘട്ടത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ഒരു രോഗത്തിന്റെ വ്യാപ്തിയും അപകടവും മനസ്സിലാക്കുന്നതില്‍ ചെറിയൊരു അശ്രദ്ധ കാണിച്ചു എന്നതിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നും വന്ന എരിയാലിലെ സാധാരണക്കാരനായ ഒരു  സഹോദരന്‍, അദ്ദേഹം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അനുഭാവി എന്നതിന്റെ പേരില്‍ മാത്രം സിപിഎം രാഷ്ട്രീയ ലാഭത്തിനു വേണ്ടി സോഷ്യല്‍ മീഡിയകളില്‍ വളരെ മോശമായി ട്രോളിയും പരിഹസിച്ചും ആത്മസംയൂജ്യമടയുകയും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് വേണ്ട മുഖ്യധാരാ മാധ്യമങ്ങളും വരെ തെറ്റിദ്ധാരണയുടെ മറവില്‍ ഒരു കുടുംബത്തെ  പൊതുവിചാരണ നടത്തുന്നത് കണ്ട് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സൈബര്‍ സഖാക്കളും ചെമ്പടപ്പോരാളികളും മുസ്ലിം ലീഗുകാര്‍ കൊറോണ വാഹകരാണെന്ന മട്ടില്‍ ട്രോളുകളഴിച്ച് വിട്ട് ആര്‍ത്തുല്ലസിക്കുകയും ചെയ്ത സംഭവം മറക്കാനും പൊറുക്കാനുമാവാത്തതാണ്.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ ചെയ്ത കുമ്പളയിലെ ആംബുലന്‍സ് നാടകത്തിന്റെ ലൈവ് ഫേസ്ബുക്കില്‍
നല്‍കി, അറപ്പുളവാക്കുന്ന വാചകങ്ങള്‍ ചേര്‍ത്തു ഒരു മനസ്സാക്ഷിയും ഇല്ലാതെ ട്രോളിയതും പരിഹസിച്ചതും മുസ്ലിം ലീഗുകാര്‍ക്കെന്നല്ല കേരളത്തിന്റെ പൊതുരാഷ്ട്രീയ സംസ്‌കാരം പിന്‍പറ്റുന്ന ആര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

നന്മ കൊണ്ട് വിസ്മയം തീര്‍ത്ത ഒരു വലിയ മനുഷ്യനെ നെഞ്ചോട് ചേര്‍ത്തു സ്‌നേഹിക്കുന്നവരുടെ ആത്മാഭിമാനത്തെ പിച്ചിച്ചീന്തുന്നത് ക്രൂരവിനോദമാണെന്നും അതരുതെന്നും പഠിപ്പിച്ചു നല്‍കാനുള്ള മാനവികത തൊട്ടറിയാന്‍ വിശാല ഹൃദയമുള്ള അധ്യാപകരുടെയും പാര്‍ട്ടി ക്ലാസ്സുകളുടെയും അഭാവം നിങ്ങളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്.

മുത്ത് ശിഹാബ് തങ്ങളെ അപമാനിച്ചപ്പോള്‍ വേദനിച്ചത് ലീഗുകാര്‍ മാത്രമായിരുന്നില്ല. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ മുസ്ലിം ലീഗ് ബൈത്തുറഹ്മ വീടുകള്‍ നിര്‍മിച്ചു നല്‍കിയപ്പോള്‍ മനുഷ്യ സ്‌നേഹിയായ മുത്ത് തങ്ങളുടെ നാമധേയത്തിന്റെ ആ തണല്‍ നുകരാന്‍ ഭാഗ്യം ലഭിച്ച സിപിഎം പ്രവര്‍ത്തകരുടെ  മനസ്സിനെയും കൂടിയാണ് നിങ്ങളുടെ സൈബര്‍ പടയാളികള്‍ വേദനിപ്പിച്ചത്. കൊച്ചു കേരളത്തിന്റെ മുക്കിലും മൂലയിലും സേവന പാതയില്‍ സജീവമായി നിലനില്‍ക്കുന്ന പാണക്കാട് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ സേവനവും ആശുപത്രി ഔഷധം തുടങ്ങി ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉപഭോക്താക്കളായ ഒരു പാട് കമ്യൂണിസ്റ്റ് കുടുംബങ്ങളുടെ മനസ്സുകളെ കൂടിയാണ് നിങ്ങള്‍ വേദനിപ്പിച്ചിരിക്കുന്നത് എന്നു ഓര്‍മിപ്പിക്കേണ്ടി വന്നതിലും ദുഃഖമുണ്ട്.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിലും അധികാര കേന്ദ്രങ്ങളിലും പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല.. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമെന്ന നിലക്ക് മാത്രമേ ഞങ്ങളിവയെ കാണുന്നുള്ളൂ..
അതേ സമയം ഓരോ മുസ്ലിം ലീഗുകാരനും തന്റെ വ്യക്തി-കുടുംബ ജീവിതങ്ങള്‍, രാഷ്ട്രീയ-രാഷ്ട്രീയാന്തര ജീവിതങ്ങള്‍ സര്‍വ്വ ശക്തനായ തമ്പുരാനിലേക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതം നയിക്കാന്‍ അടിസ്ഥാനപരമായ ബാധ്യത മുറുകെപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ലീഗ്.

ഭൗതിക ലോകത്തിലെ സത്യാസത്യങ്ങളും നീതി-അനീതികളും ധര്‍മ്മ-അധര്‍മ്മങ്ങളുമെല്ലാം കണക്കുകള്‍ ബോധിപ്പിച്ചു പരലോകത്ത് വിചാരണ നേരിടേണ്ടവരാണെന്ന ദൈവഭയത്തിലൂന്നിയ പരിപൂര്‍ണ്ണ വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്. അത് കൊണ്ടാണ് പ്രതികാരമാഗ്രഹിച്ച് ഇത്തരം പ്രകോപന കസര്‍ത്തുകളില്‍ ലക്ഷ്യം കാണാതെ നിങ്ങള്‍ നിരാശരായി പത്തി മടക്കുന്നത്.

പ്രബോധന പ്രവര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുകയും ചതിപ്രയോഗത്തിലൂടെ വധിക്കുവാന്‍ പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്തിരുന്ന അറേബ്യയിലെ ജൂത സമൂഹത്തില്‍ പെട്ട ഒരു സഹോദരന്റെ മൃത ശരീരം കടന്നുപോകുന്നത് കണ്ടു എഴുന്നേറ്റ് നിന്നു ആദരവ് പ്രകടിപ്പിച്ച മുഹമ്മദ് നബി (സ) യില്‍ നിന്നാണ് നമ്മള്‍ ഓരോരുത്തരും സാമൂഹ്യ ജീവിതം ക്രമീകരിക്കേണ്ടത് എന്ന പാഠമാണ് ശത്രു പക്ഷത്തുള്ളവരോട് പോലും മാനുഷിക പരിഗണനയില്‍ ഇടപെടാനുള്ള ഞങ്ങളുടെ പ്രചോദനം. രാഷ്ട്രീയത്തില്‍ എതിര്‍പക്ഷ നിരയിലുള്ളയാളാണെങ്കിലും കൊറോണ പോലെയുള്ള മഹാമാരിയുടെ രോഗാണു ശരീരത്തില്‍ ചെന്നയാളെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാനോ അദ്ദേഹത്തെ സൈബര്‍ വിചാരണ ചെയ്യാനോ എന്റെ രാഷ്ട്രീയ പ്രസ്ഥാനം എനിക്ക് പകര്‍ന്ന് നല്‍കിയ ധാര്‍മികതയും എന്റെ മഞ്ചേശ്വരം കാലങ്ങളായി കാത്തു സംരക്ഷിച്ചു പോരുന്ന രാഷ്ട്രീയ സംസ്‌കാരവും എന്നെ അനുവദിക്കുന്നില്ല..
നമ്മള്‍ എത്തി നില്‍ക്കുന്നത് പരിശുദ്ധ റമദാനിന്റെ അവസാനത്തെ പത്തിലാണ്; നോമ്പിന്റെ മാധുര്യത്തില്‍ സല്‍കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഏറെ പ്രാധാന്യം കല്‍പിക്കപെടുന്ന ദിനരാത്രങ്ങള്‍..! ലോക ക്രമങ്ങളെ മാറ്റിമറിച്ചു ക്രൂര താണ്ഡവമാടി കോവിഡ് മഹാമാരി അതിന്റെ ഉഗ്രസ്വരൂപം പുറത്തെടുത്ത് നില്‍ക്കുമ്പോള്‍ ഈ വൈറസിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മാനവസമൂഹം മുക്തി നേടി സന്തോഷത്തിന്റെ ചേര്‍ത്തുപിടിക്കലിന്റെ ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.. പരസ്പരം വിദ്വേഷങ്ങളും അപവാദങ്ങളും ഒഴിവാക്കി ശത്രുവിനെ പോലും സ്‌നേഹിക്കാന്‍ പാകത്തില്‍ നമ്മുടെ മനസ്സിനെ സംസ്‌കരിച്ചെടുക്കാനുള്ള പ്രതിജ്ഞയെടുക്കാന്‍ സാധിക്കട്ടെ. അതിനു മത രാഷ്ട്രീയ ദേശ ഭാഷ സ്വാര്‍ത്ഥ ചിന്തകള്‍ തടസ്സമാവാതിരിക്കട്ടെ.
സി പി എം നേതാവ് കൊറോണ നിയന്ത്രണ നിയമ ലംഘനം നടത്തിയ സംഭവത്തില്‍ രാഷ്ട്രീയം കളിക്കാനില്ല, മാനുഷികതയാണ് ലീഗിന്റെ മുഖമുദ്ര; ഫേസ്ബുക്ക് പോസ്റ്റുമായി എ കെ എം അഷ്റഫ്


Keywords: Kasaragod, Uppala, Kerala, News, CPM, Leader, COVID-19, AKM Ashraf on Covid controversy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia