മഞ്ഞുംപൊതികുന്ന് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി; ചെലവ് 4.95 കോടി
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2020) മാവുങ്കാല്‍ മഞ്ഞുംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകരിച്ചു.
രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞുംപൊതി കുന്നില്‍ അജാനൂര്‍ വില്ലേജില്‍പെട്ട സ്ഥലമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ബല്ല വില്ലേജില്‍പെടുന്ന സ്ഥലത്തിനുകൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.
പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും, വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക, മഞ്ഞുംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി, സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നൂതന ആശയം ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിട്ടെക്റ്റുമാരായ പ്രമോദ് പാര്‍ത്ഥന്‍, സി പി സുനില്‍ കുമാര്‍ എന്നിവരാണ് ആവിഷ്കരിച്ചത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, മാനേജര്‍ പി സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ടൂറിസം പദ്ധതിയായി മഞ്ഞുംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.
വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാല കിരണ്‍, പ്ലാനിങ് ഓഫീസര്‍ രാജീവന്‍ കാരിയില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kanhangad, news, Kasaragod, Development project, Tourism, District Collector, Administrative approval for snow-capped tourism project; The cost is Rs 4.95 crore