Accident | മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച ശിവകുമാറും മക്കളും ദുരന്തത്തിനിരയായത് മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍; പ്രവാസിയായ ശിവകുമാര്‍ നാട്ടിലെത്തിയത് അവധിക്ക്
* മറ്റൊരു വാഹനാപടത്തില്‍ സാരമായി പരുക്കേറ്റ സ്തീയെ മംഗ്ളൂറിലേക്ക് കൊണ്ടുപോകുകായായിരുന്ന ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്
മഞ്ചേശ്വരം: (KasargodVartha) കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് തല്‍ക്ഷണം മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട പുതുമന ഹൗസ് ശിവദത്തില്‍ പി ശിവകുമാർ (54), മക്കളായ ശരത് (21), സൗരവ് (17) എന്നിവര്‍ ദുരന്തത്തിനിരയായത് മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍. ദുബൈയില്‍ ജോലിചെയ്യുന്ന ശിവകുമാര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞിരിക്കുകയായിരുന്നു ശരത്. സൗരവ് പ്ലസ് ടു വിദ്യാർഥിയാണ്.
ഏതാനും ദിവസം മുമ്പാണ് ഇവര്‍ ബെംഗ്ളൂറിലെ ബന്ധുവീട്ടില്‍ പോയത്. അവിടെ നിന്നും കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാബിക ക്ഷേത്രദര്‍ശം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആംബുലന്‍സുമായി കാർ കൂട്ടിയിച്ച് മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ വാഹനാപടത്തില്‍ സാരമായി പരുക്കേറ്റ ഉഷ എന്ന സ്തീയെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറിലേക്ക് കൊണ്ടുപോകുകായായിരുന്ന ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്.
ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുർ റഹ്‌മാന്‍, ഉഷയുടെ ബന്ധുവായ ശിവദാസ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്. മൂവരെയും മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ജനസേവാ കേന്ദ്രം നടത്തിവരിയായിരുന്നു ശിവകുമാറിന്റെ ഭാര്യ സ്മിത. ശാരീരിക ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് സ്മിത ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോകാതിരുന്നത്. മരണവിവരമറിഞ്ഞ് ഇരിങ്ങാലക്കുടയില്‍ നിന്ന് ശിവകുമാറിന്റെ വീട്ടുകാര്‍ മഞ്ചേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വീട്ടുകാര്‍ എത്തിയ ശേഷം പോസ്റ്റ് മോർടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവും മക്കളും മരിച്ചതോടെ പുതുമന ഹൗസ് ശിവദത്തില്‍ സ്മിത തനിച്ചായിരിക്കുകയാണ്. കൊല്ലൂര്‍ മുകാംബിക സന്നിധിയില്‍ നിന്ന് ശിവകുമാര്‍ മക്കള്‍ക്കൊപ്പം എടുത്ത ചിത്രം കണ്ണീരോര്‍മയായി മാറിയിരിക്കുകയാണ്.