city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലുവരി പാത നഗരത്തെ വിഴുങ്ങും; പരിഹാരം ബൈപാസ്

നാലുവരി പാത നഗരത്തെ വിഴുങ്ങും; പരിഹാരം ബൈപാസ്
കാസര്‍കോട്: ദേശീയപാത 44 മീറ്ററാക്കി നാലു വരിപ്പാതയാക്കുന്നത് മൂലം കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ പാടേമാറുന്ന അവസ്ഥ ഒഴിവാക്കാന്‍ പരിഹാരമായി ചൂണ്ടിക്കാട്ടുന്നത് ബൈപാസ് റോഡ്. കാസര്‍കോട് മുനിസിപ്പാലിറ്റി അതിര്‍ത്തി തുടങ്ങുന്നതിന് മുമ്പ് സി.പി.സി.ആര്‍.ഐ പ്രദേശത്ത് നിന്നും നേരിട്ട് വിദ്യാനഗര്‍ ഭാഗത്തേക്ക് ചേരുന്ന രീതിയില്‍ ഒരു ബൈപാസ് നിര്‍മ്മിച്ചാല്‍ കാസര്‍കോട് നഗരത്തെ വിഭജിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരങ്ങളെ സംരക്ഷിക്കുന്നതിന് ഇത്തരത്തില്‍ ബൈപാസ് നിര്‍മിച്ചിട്ടുണ്ട്.


നാലുവരി പാത നഗരത്തെ വിഴുങ്ങും; പരിഹാരം ബൈപാസ്ബൈപാസ് നിര്‍മിക്കാത്ത പക്ഷം കാസര്‍കോട് നഗരത്തില്‍ നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലായി അടുക്കത്ത്ബയല്‍ മുതല്‍ വിദ്യാനഗര്‍ വരെ രണ്ടു വരി ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ഈ സങ്കീര്‍ണ്ണമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് നഗരസഭ പരിധിയിലെ കെട്ടിട സമുച്ഛയങ്ങളേയും ആരാധനാലയങ്ങളേയും സാരമായി ബാധിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ദേശീയപാത വികസനം സാധ്യമാകുക. നിലവിലുള്ള രൂപരേഖ അനുസരിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോപ്ലക്‌സിനെയടക്കം ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്.

ദേശീയപാതയുടെ വീതി വര്‍ദ്ധിപ്പിക്കേണ്ടതും, പുനര്‍ നിര്‍മ്മാണം നടത്തേണ്ടതും അനിവാര്യതയാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഒരു പട്ടണത്തിന്റെ ഹൃദയത്ത് ഭാഗത്ത്കൂടി ദേശീയപാത നിര്‍മ്മിക്കുന്ന കാര്യം പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്നും വ്യാപാരികളും നാട്ടുകാരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. കാസര്‍കോട് പട്ടണം പഴയ ബസ് സ്റ്റാന്‍ഡും (എം.ജി. റോഡ്), തായലങ്ങാടിയും, ബാങ്ക് റോഡും മാത്രമായിരുന്ന കാലത്താണ് പട്ടണം തൊടാതെ കറന്തക്കാട് നിന്ന് നേരെ നുള്ളിപ്പാടി ഭാഗത്തേക്ക് ബൈപാസായി ദേശീയപാത നിര്‍മ്മിക്കപ്പെട്ടത്. ഇന്നത്തെ കാസര്‍കോട് പട്ടണം കറന്തക്കാടു മുതല്‍ വിദ്യാനഗര്‍- നായന്മാര്‍മൂല വരെ വികസിച്ചിരിക്കുകയാണ്. നിലവിലുള്ള ദേശീയപാത ഇന്ന് കാസര്‍കോട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് കൂടിയാണ് കടന്ന് പോകുന്നത്. ദേശീയപാതയിലൂടെയും നഗരത്തിലൂടെയുമുള്ള ഗതാഗതപ്പെരുപ്പം നിരവധി അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ടെന്നത് വസ്തുതയാണ്. രാജ്യത്ത് നിരവധി ദേശീയ പാതകള്‍ നിലവിലുണ്ട്. അവയെല്ലാം തന്നെ രൂപകല്‍പന ചെയ്തിട്ടുള്ളതും വികസിപ്പിച്ചിട്ടുള്ളതും പട്ടണപ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടാണെന്നത് ശ്രദ്ധേയമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ രീതി അനുസരിച്ച് ദേശീയപാത വികസിപ്പിച്ചു കഴിഞ്ഞാല്‍ ടോള്‍ പിരിവ് നിര്‍ബന്ധമാക്കും. ദിവസേന നിരവധി ആവശ്യങ്ങള്‍ക്ക് പട്ടണത്തിലേക്ക് കടക്കണമെങ്കില്‍ ടോള്‍ കൊടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടും. ഇത്തരമൊരു സ്ഥിതിവിശേഷം രൂക്ഷമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തും. കാസര്‍കോട് പട്ടണത്തെ ബാധിക്കാത്ത രീതിയില്‍ റോഡ് വികസനം കൊണ്ടു വരുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. നിലവിലുള്ള രൂപരേഖ അനുസരിച്ച് പൊന്നുംവിലയ്ക്ക് പട്ടണത്തിലെ ഭൂമി ഏറ്റെടുക്കാനും കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുമെന്നതിനാല്‍ നല്‍കേണ്ടി വരുന്ന പ്രതിഫലവും, നഷ്ടപരിഹാരവുമായി തട്ടിച്ച് നോക്കുമ്പോള്‍ പുതിയ ഒരു ബൈപാസ് റോഡ് ഉണ്ടാക്കുന്നത് എന്ത് കൊണ്ടും ഉചിതമാണെന്നും ഇവര്‍ നിര്‍ദ്ദേശം വെക്കുന്നു. പുതിയ ദേശീയപാത ബൈപാസിലൂടെ വന്നാല്‍ ആ പ്രദേശങ്ങളും വികസിക്കും. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് ദേശീയപാത കടന്നുപോകുന്ന എല്ലാ പട്ടണ പ്രദേശങ്ങളിലും രണ്ട് വരി ഫ്‌ലൈഓവര്‍ നിര്‍മ്മിക്കണമെന്ന് മുന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും, കേരളാ ഗവണ്‍മെന്റിന്റെ ദേശീയപാത വികസന ഉപദേശക സമിതി അംഗവുമായ എം.എന്‍. പ്രസാദിന്റെ നിര്‍ദ്ദേശം വളരെ ഗൗരവത്തോടും പ്രാധാന്യത്തോടെയും പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയിയുടെ തലസ്ഥാനമായ ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി ഫ്‌ളൈ ഓവറുകള്‍ അടുത്തകാലത്ത് പണിതിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങളേയൊന്നും കാര്യമായി ബാധിക്കാത്ത രീതിയിലാണ് ഈ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരമൊരു രീതി ദേശീയപാതയുടെ കാസര്‍കോട് പട്ടണത്തിലൂടെ കടന്ന് പോകുന്ന ഭാഗത്ത് നടപ്പിലാക്കാന്‍ കാര്യമായ തടസ്സങ്ങളൊന്നുമില്ല.

പുതിയ പദ്ധതികളോ വികസനപ്രവര്‍ത്തനങ്ങളോ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നതിനും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതിനും മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും പ്രദേശത്തെ സന്നദ്ധ-സാമൂഹ്യ സംഘടനകളുമായും പദ്ധതി നടപ്പിലാക്കുന്നതിലൂടെ നഷ്ടം സംഭവിക്കാന്‍ ഇടയുള്ള വ്യക്തികളുമായും കൂടിയാലോചനകളും ചര്‍ച്ചകളും നടത്താതിരുന്നത് എതിര്‍പ്പുകള്‍ ശക്തമാക്കും. ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതിയുടെ വിധി നിലവിലിരിക്കുമ്പോള്‍ അത് പരിഗണിക്കാതെ ദേശീയപാത വികസനത്തിന് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത് ആക്ഷേപത്തിന് കാരണമായയിട്ടുണ്ട്.  കാസര്‍കോട് പട്ടണത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലുള്ള ദേശീയപാത വികസനത്തിനുള്ള രൂപരേഖ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബൈപാസ് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടകള്‍ വരും ദിവസങ്ങളില്‍ രംഗത്തെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Keywords: SAVE-KASARAGOD-TOWN, Kasaragod, National highway

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia