Employment | ന്യൂനപക്ഷ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിൽ; കാസർകോട്ട് ഡിസംബര്‍ രണ്ടാം വാരം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍
● ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
● കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു.
കാസർകോട്: (KasargodVartha) കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന 'സമന്വയം' പദ്ധതിയിലൂടെ ന്യൂനപക്ഷ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടി. കാസർകോട് ജില്ലയിൽ ഡിസംബർ രണ്ടാം വാരം നടക്കുന്ന ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കാസർകോട് മുനിസിപ്പൽ ടൗൺഹാൾ, സഅദിയ്യ കോളേജ്, കെൻസ കോളേജ്, കാഞ്ഞങ്ങാട് ടൗൺ എന്നിവിടങ്ങളിൽ നടക്കുന്ന ഈ ക്യാമ്പുകളിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്നിക്ക് ഉൾപ്പെടെ) 18 നും 59 നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
'സമന്വയം' പദ്ധതിയിലൂടെ യുവാക്കൾക്ക് വൈജ്ഞാനിക/ തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകി യോഗ്യതകളനുസരിച്ച് സ്വകാര്യ മേഖലയിലോ വിദേശ രാജ്യങ്ങളിലോ സ്വകാര്യ തൊഴിൽ ലഭ്യമാക്കുകയോ അല്ലെങ്കിൽ ലഭ്യമാക്കുന്നതിനാവശ്യമായ തൊഴിൽ/ ഭാഷ പരിശീലനം നൽകുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം.
കാസര്‍കോട് ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന് മൂസ ബി ചെർക്കള ചെയർമാനും, സി.എം.എ ചേരൂർ ജനറൽ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പാള്‍ ഡോ. കെ.പി ഗീത, കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ കൃപ്ന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാപ്രതിനിധികള്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#KasaragodJobs #Samannwayam #SkillTraining #YouthEmpowerment #KeralaJobs #MinoritySupport