city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യ തേങ്ങുന്നു... എങ്ങും പ്രാര്‍ത്ഥനകള്‍...

ദേളി: (www.kasargodvartha.com 18/02/2015) നേതാവും നായകനും രക്ഷിതാവും നഷ്ടപ്പെട്ട സഅദിയ്യ തേങ്ങുന്നു. വളര്‍ന്നു പടര്‍ന്നു പന്തലിച്ച ഒരു വടവൃക്ഷമായിരുന്നു സഅദിയ്യയെ സംബന്ധിച്ച് മൗലാനാ എം.എ. ലോകംമുട്ടെ വളര്‍ന്നു പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം.

കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി തുടക്കമിട്ടു മൂന്നര പതിറ്റാണ്ടു മുമ്പ് ഏല്‍പിച്ച സഅദിയ്യ കോളജിനെ ഒരു യൂണിവേഴ്‌സിറ്റി തലത്തിലേക്ക് ഉയര്‍ത്തിയതു എം.എ. ഉസ്താദായിരുന്നു. ഊണിലും ഉറക്കിലും സ്ഥാപനങ്ങളുടെ വളര്‍ച്ച സ്വപ്‌നം കണ്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും അധ്വാനവും ശേഷിയും ബുദ്ധിയുമെല്ലാം എം.എ. ഉസ്താദ് സഅദിയ്യയ്ക്കായി മാറ്റിവെക്കുകയായിരുന്നു.

40 ഏക്കറിലധികം സ്ഥലത്ത് നാല്‍പതോളം സ്ഥാപനങ്ങളാണ് സഅദിയ്യയിലുള്ളത്. ഇവിടുത്തെ ഓരോ മണല്‍ത്തരിയിലും എം. എ. ഉസ്താദിന്റെ പാദം പതിഞ്ഞിട്ടുണ്ട്. അവിടെയൊക്കെ അദ്ദേഹത്തിന്റെ വിയര്‍പ്പുകണങ്ങള്‍ വീണുകിടപ്പുണ്ട്. ഏറ്റവും അവസാനം ആ ശരീരം ഏറ്റുവാങ്ങാനുള്ള സൗഭാഗ്യവും സഅദിയ്യക്ക് ലഭിച്ചു.

ആയിരക്കണക്കിനു അനാഥമക്കള്‍ക്കും അഗതികള്‍ക്കും അറിവും ആശ്വാസവും ജീവിതമാര്‍ഗവും കാണിച്ചു കൊടുത്ത സ്ഥാപനമാണ് സഅദിയ്യ. അതിന്റെ അമരക്കാരനായി എന്നും ഉസ്താദ് നിലകൊണ്ടു. രോഗികള്‍ക്കും ആലംബഹീനര്‍ക്കും അവിടെ തണല്‍ ലഭിച്ചു. അനാഥകളായ പെണ്‍കുട്ടികള്‍ക്കു മംഗല്യഭാഗ്യം ഒരുക്കിക്കൊടുക്കാന്‍ ഒരു കാരണവരുടെ റോളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സഅദിയ്യ ആശുപത്രിയിലൂടെ എത്രയോ നിര്‍ധന രോഗികള്‍ക്കു ചികിത്സ ലഭിച്ചു. രക്ഷിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു വീട്ടുമുറ്റത്തു ഉറുമ്പരിക്കപ്പെട്ട കുരുന്നു പെണ്‍കുഞ്ഞിനു ഉസ്താദ് രക്ഷയുടെ വഴി തെളിച്ചു. ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാതെ തളര്‍ന്നു കഴിഞ്ഞ അനേകര്‍ക്കു അദ്ദേഹവും സഅദിയ്യയും താങ്ങായി.

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ സഅദിയ്യയ്ക്കുവേണ്ടി ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയുടെ ആലോചനയിലായിരുന്നു എം.എ. ഉസ്താദ്. അതിനുവേണ്ടി ബന്ധപ്പെട്ടവരെയെല്ലാം ക്ഷണിച്ചുവരുത്തി കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അലൂമിനി മീറ്റ് കഴിഞ്ഞ മാസം സംഘടിപ്പിച്ചത്. അതേസമയം തന്നെ എം.എ. ഉസ്താദ് മുന്‍കൈയെടുത്ത് ഒരു വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്ര ഓഫീസ് സമുച്ഛയം അന്തിമഘട്ടത്തിലാണ്. അന്തരിച്ച സഅദിയ്യയുടെ മുന്‍ പ്രസിഡന്റായിരുന്ന താജുല്‍ ഉലമയുടെ പേരിലാണ് ഈ കേന്ദ്ര ഓഫീസ് സമുച്ഛയം നിര്‍മിക്കുന്നത്. ഇതിന്റേയും തന്റെ പുസ്തകങ്ങളുടെ സമാഹാരവും പൂര്‍ത്തിയാവുന്നതിന് മുമ്പാണ് എം.എ. ഉസ്താദ് യാത്രയായത്.

ബുധനാഴ്ച ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സഅദിയ്യ ജുമാ മസ്ജിദിനോട് ചേര്‍ന്ന ആറടി മണ്ണില്‍ എം.എ. ഉസ്താദ് ചേര്‍ന്നപ്പോള്‍ അവിടെ ഒരു അനാഥത്വം തങ്ങി നിന്നു. ഒരു ആത്മീയ തേജസ്സായിരുന്നു ഉസ്താദിന്റെ വിയോഗത്തോടെ അണഞ്ഞത്. ജ്വലിച്ചു കൊണ്ടിരുന്ന സൂര്യന്‍ പെട്ടെന്നു ഇരുളിലാണ്ട പോലെയാണ് ആ വിയോഗം സംഭവിച്ചത്. എല്ലാ അര്‍ത്ഥത്തിലും സാര്‍ത്ഥകമായിരുന്നു ആ ജീവിതം.

ചൊവ്വാഴ്ച രാത്രി ഉസ്താദിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതു മുതല്‍ സഅദിയ്യയിലേക്കു ആരംഭിച്ച ജനപ്രവാഹവും ഫോണ്‍ വിളിയും ഖബറടക്കത്തിനു ശേഷവും തുടരുകയാണ്. എല്ലാ റോഡുകളും വഴികളും സഅദിയ്യയിലേക്കു നീണ്ടു, ഇപ്പോഴും നീളുന്നു. സഅദിയ്യയുടെ കണ്ഠങ്ങള്‍ പ്രാര്‍ത്ഥാനാ നിരതമാണ്.
സഅദിയ്യ തേങ്ങുന്നു... എങ്ങും പ്രാര്‍ത്ഥനകള്‍...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia