ആശങ്കയോടെ വ്യാപാരി സമൂഹം
Dec 25, 2011, 14:15 IST
കാസര്‍കോട്: ദേശീയ പാത നാലുവരിപ്പാതയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കിയതോടെ ജില്ലയിലെ വന്‍കിട, ചെറുകിട വ്യാപാര സമൂഹം ആശങ്കയിലായി. ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വ്യാപാരികളില്‍ ഭൂരിഭാഗവും. ദേശീയ പാത വികസനത്തില്‍ വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങിയതോടെ നഷ്ടപരിഹാരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. പൊന്നുംവില നല്‍കുമെന്നൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഭൂമിക്കും സ്ഥാപനങ്ങള്‍ക്കും റവന്യു അധികൃതര്‍ നല്കുന്ന വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അനൗദ്യോഗിക ഭാഷ്യം. സര്‍ക്കാര്‍, ഭൂമിക്ക് നിശ്ചയിക്കുന്ന വില മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണ്. ഇത് കാരണം പോന്നുംവില ലഭിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
30 മാസം കൊണ്ട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ റവന്യു- ദേശീയപാത അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലയില്‍ നിരവധി ആരാധനാലയങ്ങളേയും ദേശീയപാത വികസനം ഇല്ലാതാക്കും. ഇത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വികസനം ആവശ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏത് രീതിയില്‍ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പുതിയ ഒരു നിര്‍ദ്ദേശവും സ്വീകാര്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാരും, ബന്ധപ്പെട്ട അധികാരികളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി ഇതിനെതിരെ വ്യാപാരികള്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.
സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശവും പരിഗണിക്കപ്പെടുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന നൂറു കണക്കിനാളുകള്‍ ഉണ്ടെന്ന കാര്യവും വിസ്മരിക്കപ്പെടുകയാണ്. സര്‍ക്കാറില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദ്ദം ശക്തമാക്കാന്‍ കാര്യമായി വ്യാപാരി സംഘടനകള്‍ ഇനിയും മുന്നിട്ടിറങ്ങിയിട്ടില്ല. ചില വ്യാപാരികള്‍ ഒറ്റയ്ക്കും കൂട്ടായും സംഘടിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തില്‍ രാഷ്ട്രീയ കക്ഷികളും എല്ലാം കണ്ട് മാറി നില്‍ക്കുകയാണ്. തൊഴിലാളി സംഘടനകളും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടി ഊര്‍ജ്ജിതമാകുന്നതോടെ എതിര്‍പ്പ് കൂടുതല്‍ ശക്തമാകുമെന്നാണ് വഴിയാധാരമാകുന്ന വ്യാപാരികള്‍ പറയുന്നത്. കാസര്‍കോട്ട് നഗരസൗന്ദര്യം ഇല്ലാതാക്കിക്കൊണ്ടാണ് ദേശീയപാത നാലുവരിപ്പാതയാക്കുന്നത്.
Keywords: SAVE-KASARAGOD-TOWN, Kasaragod, National highway, Merchant-association