ആദ്യ പ്രസവത്തിനിടെ യുവതി മരിച്ചു; കുഞ്ഞ് സുഖമായിരിക്കുന്നു
കൊട്ടികുളം:(www.kasargodvartha.com 05.11.2020) ആദ്യ പ്രസവത്തിനിടെ യുവതി മരിച്ചു. കുഞ്ഞ് സുഖമായിരിക്കുന്നു. മേല്‍പറമ്പിലെ കളനാട് നേഴ്‌സിംഗ് ഹോമിന് പിറക് വശത്ത് താമസിക്കുന്ന ഇലക്ടീഷ്യന്‍ പള്ളിപ്പുറം ഗണേശന്റെ ഭാര്യ നീഷ്മ (22) ആണ് മരിച്ചത്. തൃക്കണ്ണാട് മലാങ്കുന്ന് പുത്യക്കോടിയിലെ ശേഖരയുടേയും ബീഡി തൊഴിലാളി കുസുമത്തിന്റേയും മകളാണ്.
ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ് അത്യാഹിത വിഭാഗത്തിലാക്കുകയും തുടര്‍ന്ന് യുവതി മരിക്കുകയുമായിരുന്നു. ഒക്ടോബര്‍ 30 നാണ് കന്നിപ്രസവത്തിനായി നീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം ഒന്‍പതിനായിരുന്നു ഡോക്ടര്‍ പ്രസവ തീയ്യതിയായി പറഞ്ഞിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയുടെ നില അത്യാസന്ന നിലയിലായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറരയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Hospital, Kanhangad, Melparamba, Baby, Doctor, Kannur, Medical College, Woman died during her first childbirth; The baby is fine