മാസ്ക് ധരിക്കാതെ ബസിൽ യാത്ര; ചോദ്യം ചെയ്ത യാത്രക്കാർക്ക് പൂരത്തെറി; യാത്രക്കാർ സംഘടിച്ച് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ കൈമാറി
Jan 6, 2021, 11:56 IST
നീലേശ്വരം: (www.kasargodvartha.com 06.01.2021) മാസ്ക് ധരിക്കാതെ ബസിൽ യാത്ര ചെയ്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരിടേണ്ടി വന്നത് പൂരത്തെറി. ഇതോടെ യാത്രക്കാർ സംഘടിച്ച് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ കൈമാറി.
ബുധനാഴ്ച രാവിലെ 8.15 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് പോകുകയായിരുന്ന മെഹബൂബ് ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് ബസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
അടുത്തിരുന്ന ചെറുവത്തൂരിലേക്കുള്ള യാത്രക്കാരൻ ഇവരോട് മാസ്ക് ധരിക്കാൻ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസ്ക് ധരിക്കാൻ സൗകര്യമില്ലെന്നായിരുന്നു ഇവർ പറഞ്ഞത്. കണ്ടക്ടറും മാസ്ക് ധരിക്കാൻ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് യാത്രക്കാർക്ക് നേരെ അസഭ്യം തുടരുകയായിരുന്നു.
ഇതിൽ ഒരു യുവാവ് താൻ എക്സ് മിലിട്ടറിക്കാരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മാസ്ക് ധരിക്കാൻ പറഞ്ഞ യാത്രക്കാരൻ ഇതിനിടയിൽ ചെറുവത്തൂരിൽ ഇറങ്ങിയെങ്കിലും അസഭ്യം തുടരുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർ ഇവർക്കെതിരെ സംഘടിച്ച് ബസ് സ്റ്റേഷനിലേക്ക് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബസ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് വന്ന് യുവാക്കളെ ഇറക്കി സറ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ബസ് യാത്ര തുടര്ന്നു. യുവാക്കൾക്കെതിരെ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് നീലേശ്വരം പൊലീസ് പറയുന്നത്.
Keywords: Kerala, News, Kannur, Kasaragod, Bus, Mask, Youth, Police, Police-station, Case, Top-Headlines, Travel by bus without wearing a mask; The passengers organized and took the youth to the bus station.
< !- START disable copy paste -->