തളിപ്പറമ്പ് കള്ളനോട്ട് കേസില്‍ കമാല്‍ ഉമ്മറിനും പ്രദീപിനും ജാമ്യം
Feb 29, 2012, 16:01 IST
കണ്ണൂര്‍: തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെകള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കണ്ണൂരിലേക്ക് കാര്‍ മാര്‍ഗ്ഗം 8.96 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തവെ തളിപ്പറമ്പ് സി.ഐ പ്രേമരാജിന്റെ പിടിയിലായ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അക്കരമ്മല്‍ കമാല്‍ ഉമ്മര്‍, പിലാത്തറയിലെ യു പി പ്രദീപ് കുമാര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കിയത്. മാര്‍ച്ച് 14 ന് പുറത്തിറങ്ങുന്ന വിധത്തിലാണ് ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ സംഖ്യയുടെ ആള് ജാമ്യവും ഹാജരാക്കണമെന്ന് ഉത്തരവായിട്ടുണ്ട്.
2011 സെപ്തംബര്‍ 11 ന് മംഗലാപുരം വിമാനത്താവളം വഴി ദുബായില്‍ നിന്ന് എത്തിച്ച കള്ളനോട്ടാണ് തളിപ്പറമ്പില്‍ പോലീസ് പിടിച്ചെടുത്തത്. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്ത ദിവസത്തിന് അഞ്ചു ദിവസം മുമ്പെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി പ്രതികള്‍ തെളിവ് സഹിതം ഹൈക്കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ് ആര്. ബസന്ത് ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി മുന്‍ അഡ്വ. ജനറല്‍ എം.കെ ദാമോദരന്‍ ഹാജരായി. പ്രമാദമായ ഈ കള്ളനോട്ട് കേസ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണ ചുമതലയേറ്റെടുത്ത ആദ്യത്തെ കള്ളനോട്ട് കേസാണിത്. പ്രദീപിനും കമാല്‍ ഉമ്മറിനും കൂടാതെ കണ്ണൂരിലെ ആഷിഷും കേസില്‍ പ്രതിയാണ്.
Keywords: Fake Notes, case, bail, Taliparamba, Kannur