മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് റിപോര്‍ട്, തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് യുഡിഎഫ് ആരോപണം
കണ്ണൂര്‍: (www.kasargodvartha.com 11.04.2021) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സൂചന. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ടം റിപോര്‍ടിലുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തും.
പോസ്റ്റുമോര്‍ടം റിപോര്‍ടിലെ കണ്ടെത്തലിനു പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ അര്‍ധരാത്രി വടകര റൂറല്‍ എസ്പി പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ടം റിപോര്‍ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദര്‍ശനം ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം.
അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായില്‍ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് കൈമാറും. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
മേല്‍നോട്ട ചുമതലയുള്ള ഐജി യോഗേഷ് അഗര്‍വാള്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനില്‍ കേരളത്തിന് പുറത്തായതിനാല്‍ ഐജി സ്പര്‍ജന്‍ കുമാറായിരിക്കും താല്‍ക്കാലികമായി അന്വേഷണം ഏകോപിക്കുക. ഇതുവരെ നാല് പേരാണ് പൊലീസിന്റെ പിടിയിലായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്.