V. D. Satheesan | ആര്‍ എസ് എസിനെതിരെയുള്ള പരാമര്‍ശം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോടതി കേസെടുത്തു
Jul 11, 2022, 21:45 IST
കണ്ണൂര്‍: (www.kasargodvartha.com) രാഷ്ട്രീയ സ്വയം സേവക സംഘത്തിനും ഗോള്‍വാള്‍കര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കണ്ണൂര്‍ പ്രിന്‍സിപല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു.
മുന്‍ മന്ത്രി സജി ചെറിയാന്‍ രാജ്യത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ചുള്ള പരാതിയിലാണ് കേസ്.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് അഡ്വകറ്റ് കെ കെ ബാലാറാമിന് വേണ്ടി അഡ്വകറ്റ് എം ആര്‍ ഹരീഷാണ് കണ്ണൂര്‍ മുനിസിപല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. മുന്‍മന്ത്രി സജിചെറിയാന്‍ ഭാരതത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിഷയവുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആര്‍എസ്എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍കര്‍ ബഞ്ച് ഓഫ് തോട്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് ഇതേ വാചകങ്ങള്‍. സജി ചെറിയാന്‍ കഴിഞ്ഞദിവസം ഉദ്ധരിച്ച വാചകങ്ങള്‍. അതായത് ബ്രിടിഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്‍ഡ്യയിലുള്ളതെന്നായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം.
തെറ്റായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന് അഡ്വകറ്റ് കെ കെ ബാലാറാം ജൂലൈ ഏഴിന് കത്ത് നല്‍കിയിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാചകങ്ങള്‍ ബെഞ്ച് ഓഫ് തോട്‌സില്‍ എവിടെയാണെന്ന് അറിയിക്കണം, അങ്ങനെ കാണിച്ച് തരാന്‍ പറ്റാത്ത സാധിക്കാത്ത പക്ഷം താങ്കളുടെ മേല്‍ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കത്ത് കിട്ടി 24 മണിക്കൂറിനകം വിവാദ പരാമര്‍ശം പിന്‍വലിച്ച് പകരം പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും അല്ലാത്തപക്ഷം യുക്തമായ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്. എന്നാല്‍ യുക്തമായ മറുപടി ലഭിക്കാത്തതിനാലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ഓര്‍ഡര്‍ വണ്‍ റൂള്‍ എട്ട് സിവില്‍ നടപടി ക്രമപ്രകാരം ഭാവിയില്‍ ഇത്തരത്തിലുള്ള തെറ്റായ പരാമര്‍ശങ്ങളുണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പരാതിയില്‍ പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ആഗസ്റ്റ് 12ന് പരിഗണിക്കും.
Keywords: Summons Issued To Kerala Opposition Leader V. D. Top-Headlines, Satheesan On Defamation Suit Filed By State RSS Chief, Kannur, News, Court, Politics, Kerala.