ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
കണ്ണൂര്‍: (www.kasargodvartha.com 27.02.2021) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ സംഭവസമയം ഡ്യൂടിയിലുണ്ടായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നു ദിവസമായി വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്. ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായ മിത മോഹന്‍ കഴിഞ്ഞ 20നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടും രോഗംബാധിച്ച് മരിക്കുകയായിരുന്നു. കുത്തിവെപ്പ് നടത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മിതയെ അത്യാഹിത വിഭാഗത്തില്‍ ചെന്നിട്ടും ജീവനക്കാര്‍ വേണ്ടത്ര പരിഗണിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
സംഭവദിവസം ഡ്യൂടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പരിഗണിക്കുന്നതുവരെ ക്ലാസ് ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ അറിയിച്ചു. വെള്ളിയാഴ്ച എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കുചേര്‍ന്നു. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ എംബിബിഎസ്, പാരാമെഡിക്കല്‍, നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളും പങ്കെടുത്തു.