Imprisonment | മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷവിധിച്ചു
Oct 13, 2023, 22:20 IST
കണ്ണൂര്‍: (KasargodVartha) മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ ദീപക്കിനെ (39)യാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്. നേരത്തെ പരിചയം ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദീപക് മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 2018 ഒക്ടോബറില്‍ കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കാര്‍ നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.
നാല് വകുപ്പുകളിലാണ് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. അന്നത്തെ തളിപ്പറമ്പ് എസ് ഐ കെ കെ പ്രശോഭാണ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Man sentenced to 12 years rigorous imprisonment for molesting minor girl, Kannur, News, Molestation, Imprisonment, Court, Police, Car, Arrest, Kerala News.